Sat. Nov 21st, 2026

✍️ സുരേഷ്. സി ആർ

“ശ്രീമയമായ രൂപം തേടും പൈങ്കിളിപ്പെണ്ണേ
സീമയില്ലാതസുഖം നല്കണമെനിക്കുനീ”

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. ഇദ്ദേഹത്തിന്‍റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്‍റെ യഥാർത്ഥ നാമം രാമാനുജൻ എന്നാണെന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുന്നുണ്ട്.

രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ. പി. നാരായണ പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.

മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.

അദ്ദേഹം അന്ന് സൃഷ്ടിച്ച കാവ്യഭാഷയ്ക്ക് വലിയ പരിവർത്തനം ഇന്നുണ്ടായിട്ടില്ല. അതു കൊണ്ടുതന്നെ മറ്റൊരു കവിക്കും ഇത്രമേൽ ഗാഢമായ സ്വാധീനം മലയാള സാഹിത്യത്തിലോ കേരളീയ ജീവിതത്തിലോ ചെലുത്താനായിട്ടില്ല.

കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛൻ ആവിഷ്കരിച്ചത്. രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡ നാടോടിഗാനങ്ങളിൽ നിന്നും, ആര്യാവർത്തികളുടെ സംസ്കൃത ഛന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത്.

കാകളിയാണ് പ്രധാനപ്പെട്ട കിളിപ്പാട്ട് വൃത്തം. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കിളിപ്പാട്ട് രചനകൾ രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. ഈ കൃതികൾ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ ഹരിനാമകീർത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു.

വാല്മീകിയുടെ ശ്രീരാമൻ മിക്കവാറും മനുഷ്യനാണ്. എന്നാൽ ശ്രീരാമന് ഈശ്വരാംശം കല്പിച്ച് ഭക്തിപ്രധാനമായി 14-ാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിച്ച ‘അധ്യാത്മരാമായണ’മാണ് എഴുത്തച്ഛൻ വിവർത്തനത്തിനായി സ്വീകരിച്ചത്.

തുഞ്ചത്തെഴുത്തച്ഛന്‍റെ സ്മരണ നിലർത്തുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചൻ ദിനം. എല്ലാ വർഷവും ഡിസംബർ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചൻ സ്മാരകത്തിൽ ആഘോഷിച്ചുവരുന്നു.