പാരീസ്: ഞായറാഴ്ച നടന്ന ലോകകപ്പ് ഫെെനലിന് ശേഷം ഫ്രാൻസ് താരങ്ങൾ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ അപലപിക്കുന്നതായും ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ പരാതി നൽകുമെന്നും ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഫെെനലിനാണ് ലുസെെൽ കഴിഞ്ഞ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്.
ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് നിലവിലെ ലോകചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന നേടിയത് തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടമാണ്. 23-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലയണൽ മെസിയും 36-ാം മിനിട്ടിൽ ഏൻജൽ ഡി മരിയയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഈ തിരിച്ചടിയിൽ പതറാതെ തിരിച്ചുവന്ന ഫ്രാൻസിന് 80-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റിയാണ് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്.
ആ ആവേശത്തിൽ അവർ അടുത്ത ഗോളും നേടി കളി സമനിലയിലാക്കി. അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങുയിരുന്നു. ഇതിൽ കിംഗ്‌സലി കോമാനും ഔറേലിയൻ ചൗമേനിയും കിക്കുകൾ പാഴാക്കിയതോടെ ഫലം അർജന്റീനയ്ക്ക് അനുകൂലമായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ വ്യാപകമായ വംശീയ അധിക്ഷേപം ഉയർന്നത്.
കോമനും ചൗമേനിയും ഓൺലെെനിൽ വംശീയ അധിക്ഷേപത്തിന് ഇരകളായെന്നും, ഇതോടെ താരങ്ങൾക്ക് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് വിഭാഗം സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ അധിക്ഷേപത്തിനെതിരെ പരാതി നൽകുമെന്നും ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ട്വിറ്ററിൽ കുറിച്ചു.
Following the World Cup final, several players from the French team were the subject of unacceptable racist and hateful remarks on social media.
The FFF condemns them and will file a complaint against those responsible. pic.twitter.com/Y4TG65vPJ8
— French Team ⭐⭐ (@FrenchTeam) December 20, 2022