Sunday, September 24, 2023

Latest Posts

മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത്

ദോഹ: ഖത്വര്‍ ലോകകപ്പില്‍ കറുത്ത കുതിരകളായി നാട്ടിലേക്ക് മടങ്ങാമെന്ന കരുതിയ മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായിരുന്ന ക്രൊയേഷ്യ ഇത്തവണ മൂന്നാമതായി ഫിനിഷ് ചെയ്തു.

ആദ്യപകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. പ്രതിരോധത്തിനും ചോര്‍ച്ചയില്ലാത്ത കാവല്‍ഭടനും പുകള്‍പെറ്റ മൊറോക്കോയുടെ വലയില്‍ ഏഴാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ നിക്ഷേപിക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചു. കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച പന്ത് ഇവാന്‍ പെരിസിച്ച് ഹെഡറിലൂടെ പാസ്സ് ചെയ്യുകയും ഹെഡറില്‍ തന്നെ യോസ്‌കോ ഗ്വാര്‍ഡിയോള്‍ ഗോളാക്കുകയുമായിരുന്നു.

എന്നാല്‍, രണ്ട് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഉരുളക്ക് ഉപ്പേരിയെന്നോണം സമാന രീതിയിൽ മൊറോക്കോ മറുപടി നല്‍കി. കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ അശ്‌റഫ് ദാരിയാണ് ഗോളാക്കിയത്. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ 42ാം മിനുട്ടിലാണ് ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടുന്നത്. ബോക്‌സിന്റെ ഇടതുവശത്തുനിന്ന് ഉഗ്രന്‍ വലങ്കാലനടിയിലൂടെ മിസ്ലാവ് ഒഴ്‌സിച്ച് ആണ് ഗോള്‍ നേടിയത്. മാര്‍കോ ലിവായ ആയിരുന്നു അസിസ്റ്റ്.

പതിവുപോലെ ഫിനിഷിംഗിലെ പോരായ്മയാണ് മൊറോക്കോക്ക് വിനയായത്. ഗോള്‍ നേടാനുള്ള ഒരുപിടി നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. സെമിയിലും ഫിനിഷിംഗിലെ പോരായ്മ മൊറോക്കോയെ വലച്ചിരുന്നു. അതേസമയം, സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യം എന്ന നിലയിൽ തലയുയർത്തിപ്പിടിച്ച് തന്നെയാണ് മൊറോക്കോയുടെ മടക്കം. മാത്രമല്ല, ഗ്രൂപ്പ് ജേതാക്കളാകുകയും ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ ഫുട്ബോൾ ശക്തികളെ കീഴടക്കുകയും ചെയ്തു. ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഞായറാഴ്ച ഫ്രാന്‍സും അര്‍ജന്റീനയുമാണ് കലാശപ്പോര്.





Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.