✍️ സി.ആർ.സുരേഷ്
സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, പ്രഗത്ഭനായ പ്രൊഫസർ എന്നീ നിലകളിൽ തിളങ്ങിനിന്ന ചലച്ചിത്ര നടനായിരുന്നു നരേന്ദ്രപ്രസാദ് (1946 – 2003).
ചെറുകഥയും നോവലും (അലഞ്ഞവർ അന്വേഷിച്ചവർ) എഴുതിക്കൊണ്ടാണ് നരേന്ദ്രപ്രസാദ് സാഹിത്യരംഗത്ത് എത്തിയതെങ്കിലും ആധുനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിരൂപകൻ എന്ന നിലയിലാണ് അദ്ദേഹം നിലയുറപ്പിച്ചത്. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസ്സിലാക്കുക, ആധുനികതയുടെ മധ്യാഹ്നം, ജാതി പറഞ്ഞാലെന്ത്, എന്റെ സാഹിത്യ നിരൂപണങ്ങൾ, ഉണ്ണി പോകുന്നു എന്നിവയാണ് സാഹിത്യ വിമർശന കൃതികൾ.
1980-കളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് ‘നാട്യഗൃഹം’ എന്ന നാടകസംഘം രൂപീകരിച്ച് സ്വന്തം നാടകങ്ങൾ സംവിധാനം ചെയ്തു. സൗപർണ്ണിക, ഇര, വെള്ളിയാഴ്ച, പടിപ്പുര, കുമാരൻ വരുന്നില്ല എന്നിവ നരേന്ദ്രപ്രസാദ് രചിച്ച നാടകങ്ങളാണ്.

സാമുവൽ ബക്കറ്റിന്റെ ‘ഗോദോയെക്കാത്ത്, എഡ്വേഡ് ആൽബിയുടെ ‘സൂസ്റ്റോറി’ സി എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ ചെറുകാടിന്റെ നോവലിനു നൽകിയ നാടകാവിഷ്കാരമായ ‘ശനിദശ’ തുടങ്ങിയവ സംവിധാനം ചെയ്തു.
തിരുവനന്തപുരം ദൂരദർശനുവേണ്ടി ശ്യാമപ്രസാദ് നിർമ്മിച്ച ‘പെരുവഴിയിലെ കരിയിലകൾ’ എന്ന ടെലിഫിലിമിൽ നെടുമുടി വേണുവിനൊപ്പം പ്രത്യക്ഷപ്പെട്ട് അഭിനയ രംഗത്തെത്തി.
1989-ൽ ശ്രീകുമാർ സംവിധാനം ചെയ്ത ‘അസ്ഥികൾ പൂക്കുന്നു’ എന്ന ചിത്രത്തിൽ തിരക്കഥ രചിച്ചും ചെറിയ വേഷം ചെയ്തും സിനിമയിലെത്തി. ആകാരഭംഗിയും ഘനഗംഭീരമായ ശബ്ദവും നരേന്ദ്രപ്രസാദിനെ പെട്ടെന്നുതന്നെ വാണിജ്യ സിനിമയിലെ പ്രധാനപ്പെട്ട പ്രതിനായക നടന്മാരിൽ ഒരാളാക്കി മാറ്റി.
മാവേലിക്കരയിൽ ജനനം. പന്തളം എൻ എസ് എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അനിയൻബാവ ചേട്ടൻബാവ, തലസ്ഥാനം, ആലഞ്ചേരി തമ്പ്രാക്കൾ, ഗലീലിയോ, ഞങ്ങൾ സന്തുഷ്ടരാണ്, യാദവം, ഏകലവ്യൻ, മേലേപ്പറമ്പിൽ ആൺവീട്, വൺമാൻ ഷോ, സൂസന്ന തുടങ്ങി 100-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. പത്മരാജന്റെ ‘ഞാൻ ഗന്ധവൻ’, പ്രിയദർശന്റെ ‘ചിത്രം’ തുടങ്ങിയ സിനിമകൾക്ക് ശബ്ദംപകർന്നു.
1985-ൽ നാടക രചനയ്ക്കും 2002-ൽ സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാഡമി പുരസ്കാരവും, 1981-ൽ നാടക സംവിധാനത്തിന് (സൗപർണ്ണിക) കേരള സംഗീത നാടക അക്കാഡമി പുരസ്കാരവും, 1993-ൽ ‘പൈതൃക’ത്തിലെ അഭിനയത്തിന് സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.


