തിരുവനന്തപുരം: മക്കളെ അന്യജാതിക്കാർക്ക് വിവാഹം കഴിച്ച് നൽകിയാൽ മാത്രമേ നാട്ടിൽ നാവോത്ഥാനം വരികയുള്ളൂ എന്ന് കരുതുന്ന പൊതുപ്രവർത്തകർ സാമൂഹിക അജ്ഞതയുടെ അടയാളങ്ങളാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയുമായ പി.രാമഭദ്രൻ. കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന നേതൃയോഗം തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക ജീവിതക്രമത്തിൽ മാറ്റമുണ്ടാക്കിയ അയ്യൻകാളിയും സഹോദരൻ അയ്യപ്പനും പൊയ്കയിൽ കുമാരഗുരുദേവനും അടക്കമുള്ളവർ നവോത്ഥാന മുന്നേറ്റം നടത്തിയത് മക്കളെ ഇതര ജാതിക്കാരന് വിവാഹം കഴിച്ച് നൽകിയല്ല. സാമൂഹിക തിൻമകളോട് സന്ധിയില്ലാതെ പൊരുതിയാണ് തുല്ല്യതയുടെ ജീവിതക്രമം അവർ സൃഷ്ടിച്ചത്.
ജാതി – രാഷ്ട്രീയ നിരപേക്ഷമായ സ്വകാര്യ അവകാശമാണ് വിവാഹം.അതിനെ നവോത്ഥാന വിഷയവുമായി ബന്ധപ്പെടുത്തിയ കൊടിക്കുന്നിൽ സുരേഷ് തന്റെ രാഷ്ട്രീയ പാപ്പരത്വവും സാംസ്കാരിക അധപതനവുമാണ് പ്രകടിപ്പിച്ചത്. പിണറായി വിജയന്റെ നവോത്ഥാന ചിന്തകളെയും പ്രവർത്തനങ്ങളെയും വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള യോഗ്യത കൊടിക്കുന്നിൽ സുരേഷിനില്ല.
മുഖ്യമന്ത്രി തന്റെ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ചു കൊടുത്തില്ലെന്നു പരിഹസിച്ച കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്റ്റാഫിൽ ഒരു പട്ടികജാതിക്കാരനെ പോലും നിയമിച്ചിരുന്നില്ല. സംവരണ സീറ്റിൽ മത്സരിച്ച് മൂന്ന് പതിറ്റാണ്ടിനടുത്ത് എം.പിയായി തുടരുന്ന കൊടിക്കുന്നിലിന്റെ പട്ടികജാതി പിന്നാക്ക സ്നേഹത്തിന്റെ ആഴം മനസിലാക്കാൻ ഇത് മാത്രം പരിഗണിച്ചാൽ മതി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നിലിന്റെയും കൂടി നേതൃത്വത്തിൽ നടത്തിയ ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഒരു പട്ടികജാതിക്കാരനെ പോലും സുരേഷ് നിർദേശിച്ചില്ല. അതിനു കാരണം ഒരു പട്ടികജാതിക്കാരൻ പോലും തന്നെ പോലെ ഉയരരുതെന്ന നിർബന്ധമാണ്. സംവരണത്തിന്റെ ആനുകൂല്ല്യം ഉപയോഗിച്ച് രാഷ്ട്രീയ അധികാരം നേടിയ കൊടിക്കുന്നിൽ ആ സമൂഹത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിനായി ഇതുവരെ ചെറുവിരലനക്കിയിട്ടില്ല. ഇത്തരക്കാരെ രാഷ്ട്രീയ അധികാരത്തിൽ നിന്ന് മാറ്റി നിറുത്തേണ്ട ബാധ്യത ദലിത് സമൂഹത്തിനുണ്ടെന്നും പി. രാമഭദ്രൻ പറഞ്ഞു.
ജനകീയ അവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്.പ്രഹ്ലാദൻ അദ്ധ്യക്ഷനായിരുന്നു. കെ.ഡി.എഫ് നേതാക്കളായ രാജൻ വെമ്പിളി, എസ്.പി.മഞ്ജു, ശ്രീമൂലനഗരം രാധാകൃഷ്ണൻ, ശൂരനാട് അജി, സുധീഷ് പയ്യനാട്, സുരേഷ് വെങ്ങാനൂർ, സുശീലാ മോഹനൻ, മധുമോൾ പഴയിടം, പി.ഗോപി, വിളപ്പിൽശാല പ്രേംകുമാർ, ബാബു വേങ്ങൂർ, പി.ഡി.ബാബു പാസ്റ്റർ, ദാസൻ കെ.പൗലോസ്, ഡോ.കെ.ബാബു, സുരേഷ് കൈരളി, കെ.ഗോപാലകൃഷ്]ണൻ, എ.എ.അസീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


