പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ‘തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു.
ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായിട്ടാണ് ജലീൽ ഇഡി ഓഫീസിലെത്തിയത്. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് ജലീൽ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് നേരത്തെ ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്.
മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നായിരുന്നു കെ ടി ജലീലിന്റെ ആരോപണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു.
ചുരുങ്ങിയ കാലയളവില്‍ മാത്രം പത്ത് കോടിയുടെ ഇടപാടുകള്‍ ഉള്‍പ്പെട ബെനാമി അക്കൗണ്ടുകളുടെ പലിശയും പലിശ വാങ്ങാത്ത കോടിക്കണക്കിന് നിക്ഷേപങ്ങളുടെ പലിശയും അടക്കം പലിശയിനത്തില്‍ കോടികളാണ് പികെ കുഞ്ഞാലിക്കുട്ടിയുടേ നേതൃത്വത്തില്‍ വെട്ടിച്ചത് എന്നും ജലീല്‍ ആരോപണം ഉയര്‍ത്തിയിരുന്നു.
വ്യാജ അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്തി. മുന്‍ സെക്രട്ടറിയായി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി 2 അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു. ഇടപാടുകാരറിയാതെ വിവിധ ആളുകളുടെ പേരില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടിസ് ലഭിച്ചവരുടെ വീടുകളില്‍ പോയി വമ്പിച്ച വാഗ്ദാനങ്ങളാണ് ഭരണസമിതി അംഗങ്ങളും കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടവര്‍ നല്കികൊണ്ടിരിക്കന്നത്. സുകുമാരന്‍ നായര്‍, കല്യാണിക്കുട്ടിയമ്മ തുടങ്ങിയ മരണപ്പെട്ടവരുടെ പേരിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയതെന്നും ജലീല്‍ ആരോപിച്ചിരുന്നു.


