Tue. Nov 24th, 2026

ലക്ഷദ്വീപിലെ ജനവിരുദ്ധ സമീപനങ്ങള്‍ക്ക് എതിരെ ദ്വീപില്‍ സര്‍വകക്ഷി സമിതി നിലവില്‍ വന്നു. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സമിതി രൂപീകരിച്ചത്. ബിജെപി അംഗവും സമിതിയില്‍ ഉണ്ടെന്നാണ് വിവരം. ഡോ. സാദിഖ്, സി ടി നജ്മുദ്ദീന്‍, കോമളം കോയ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും പി പി കോയ, യു സി കെ തങ്ങള്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമാണ് സമിതി രൂപീകരിച്ചത്. ലക്ഷദ്വീപിലെ പ്രതിഷേധ പരിപാടികള്‍ക്ക് ഇനി ഈ സമിതിയാകും നേതൃത്വം നല്‍കുക.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതികാരബുദ്ധിയോടെയുള്ള നയനിലപാടുകള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാണ്. സംയുക്ത സമിതി നിലവില്‍ വരുന്നതോടെ ഈ സമരങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് കരുതുന്ന്.
എന്നാൽ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലും നടപടികൾ തുടരുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിന് കരട് നിയമം തയ്യാറാക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു. കപ്പല്‍, വിമാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

ലക്ഷദ്വീപിലേക്ക് യാത്രാനുമതി നല്‍കുന്നതിനുള്ള ചുമതല കവരത്തി എഡിഎമ്മിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദ്വീപില്‍ എത്തുന്നവര്‍ ഓരോ ആഴ്ചയും പെര്‍മിറ്റ് പുതുക്കണമെന്ന പുതിയ നിര്‍ദേശവും അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിക്കഴിഞ്ഞു.

ലക്ഷദ്വീപിന്റെ സംസ്‌കാരവും അസ്ഥിത്വവും പാടെ അട്ടിമറിക്കുന്ന നിയമങ്ങളും ഉത്തരവുകളുമാണ് ഓരോദിവസവും അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത്. ഗോവധ നിരോധനം, സ്‌കൂളുകളില്‍ മാംസ ഭക്ഷണം വിലക്കല്‍, ഡയറി ഫാമുകള്‍ അടച്ചുപൂട്ടല്‍, ഗുണ്ടാനിയമം നടപ്പാക്കല്‍, തീരദേശങ്ങളിലെ മത്സ്യബന്ധന തൊഴിലാളികളുടെ വള്ളപ്പുരകള്‍ ഇടിച്ചുപൊളിക്കല്‍ തുടങ്ങി പ്രതികാര സ്വഭാമുള്ള നടപടികളാണ് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്നത്.

ഇതിനെതിരെ ദ്വീപ് വാസികളും ദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന കേരളവും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പുതിയ ഉത്തരവുകള്‍ ഇറക്കുന്നത് തുടരുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍.