Sun. Feb 25th, 2024

✍️  സുരേഷ്. സി ആർ

കലയിലൂടെ ജാതീയ വ്യവസ്ഥയെ തന്റെ വ്യക്തിത്വം കൊണ്ട് മറികടന്ന ചിത്രകാരനും ശില്പിയുമായിരുന്നു അശാന്തൻ (1968 – 2018). ജനനം മുതൽ മരണംവരെ ദാരിദ്ര്യം തോഴനായിരുന്നു.

പ്രകൃതിയുടെവിവിധതലങ്ങൾ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാം. മുടിയാട്ടം, കതിരുകാള, തുടിപ്പാട്ട് തുടങ്ങിയ നാടൻകലകളും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ട്. ചങ്ങമ്പുഴയുടെ രമണൻ പെൻസിൽ സ്കെച്ചുകൾ ചെയ്തിട്ടുണ്ട്.

വികസന വഴിയിൽ നഷ്ടമാവുന്ന തങ്ങളുടെ തൊഴിലിടത്തെയും ഭൂമിയെയും കുറിച്ചുള്ള ആകുലതകൾ പങ്കുവെക്കുന്ന മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളുമായിരുന്നു അശാന്തന്റെ ചിത്രങ്ങൾ. ഇവരെ അടയാളപ്പെടുത്താൻ മറ്റൊരു ചിത്രകാരനും ഉപയോഗിക്കാത്ത മീഡിയമായ ചാണകവും കരിയും ഇഷ്ടികപ്പൊടിയും മണ്ണും ഉപയോഗിച്ചു വരച്ച നിരവധി ചിത്രങ്ങൾ അശാന്തന്റെതായുണ്ട്. അകാലത്തിൽ പൂച്ചക്കാലു വെച്ച് കടന്നു വന്ന മരണവും, അതിനെ തുടർന്നുണ്ടായ വിവാദങ്ങളുമാണ് അശാന്തനെ കേരളത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ചിത്ര-ശില്‍പ രചനയോടൊപ്പം നാടൻ പാട്ടുകളെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചുമുള്ള അന്വേഷണങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു.എളമക്കരയിലെ പീലായാട് എന്ന ഗ്രാമത്തിൽ ജനനം. ചിത്രകലയിലും ശിൽപ കലയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി, ഇടപ്പള്ളിചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിൽ ചിത്രകല – വാസ്തുകല അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

മഹേഷ് എന്നാണ് അഛനമ്മമാര്‍ പേരിട്ടതെങ്കില്‍ തനിക്ക് തിരിച്ചറിവായ കാലത്ത് മഹേഷ് അശാന്തൻ എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. അശാന്തമായ ഈ ലോകത്ത് എങ്ങനെ ശാന്തമായി ജീവിക്കാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് അങ്ങനെയൊരു പേര് സ്വീകരിച്ചത്.

1998, 1999, 2007 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമി അവാർഡ്, പ്രഥമ സി. എൻ. കരുണാകരൻ സ്മാരക അവാർഡ് എന്നിവ ലഭിച്ചു. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ജൈവസമ്പത്തിനെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചുമുള്ള അന്വേഷങ്ങൾക്കൊടുവിൽ ‘മണ്ണുമര്യാദ’ എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്.അശാന്തന്റെ മൃതദേഹം ഡർബാർ ഹാൾ ആർട്ട്സ് സെന്ററിൽ പൊതുദർശനത്തിനു വക്കാൻ ഹാളിന്റെ അധികാരികളായ കേരള ലളിത കലാ അക്കാദമി തീരുമാനിച്ചുവെങ്കിലും ഹാളിനു സമീപത്തുള്ള എറണാകുളം ശിവക്ഷേത്രത്തിന്റെ ഭാരവാഹികൾ ഈ നിക്കം ഉപേക്ഷിക്കണമെന്ന് ലളിതകലാ അക്കാദമി ഭാരവാഹികളോടു ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ മൃതദേഹത്തിനോട് അനാദരവ് കാണിക്കുകയും ചെയ്തിരുന്നു.

ക്ഷേത്ര പൂജകൾ അവസാനിച്ചിട്ടില്ലെന്നും മൃതദേഹം അവിടെ പൊതുദർശനത്തിനു വെച്ചാൽ ക്ഷേത്രം അശുദ്ധിയാക്കപ്പെടും എന്നുമായിരുന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞത്. ലളിത കലാ അക്കാദമി പ്രവർത്തകർ ക്ഷേത്ര ഭരണാധികാരികളോടു സംസാരിച്ചുവെങ്കിലും, അതിനിടെ ഹിന്ദുത്വത്തിന്റെ മൊത്ത വ്യാപാരം ഏറ്റെടുത്തിരിക്കുന്ന ആചാരസംരക്ഷണ ഗുണ്ടകളിൽപ്പെട്ട ഒരു കൂട്ടം ആളുകൾ ഡർബാർ ഹാളിൽ വച്ചിരുന്ന പോസ്റ്ററുകളും മറ്റും വലിച്ച കീറി നശിപ്പിക്കുകയായിരുന്നു. ഈ സംഭവം കേരളത്തിൽ വൻ പ്രതിഷേധത്തിന് ഇടയായിരുന്നു.