തിരുവനന്തപുരത്ത് അമ്മയുടെ ഒത്താശയോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ.ശ്യാം നമ്പൂതിരിയെന്ന കൊല്ലം, ആലപ്പാട് വില്ലേജിൽ ചെറിയഴിക്കൽ കക്കാത്തുരത്ത് ഷാൻ നിവാസിൽ ഷാൻ (37) ആണ് അറസ്റ്റിലായത്. കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ഇയാൾ രണ്ടുവർഷം മുൻപ് നടത്തിയ പീഡനത്തിനാണ് ഇപ്പോൾ അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. 2018-ലാണ് കേസിനാസ്പദമായ സംഭവം. കിളിമാനൂർ ക്ഷേത്രത്തിൽ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ വിവാഹിതയായ യുവതിയുമായി പരിചയത്തിലാവുകയും ഇവരുടെ ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് അവരുടെ വീട്ടിലെ നിത്യസന്ദർശകനുമായി. അവിഹിത ബന്ധം തുടരുന്നതിനിടയിൽ യുവതിയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് അമ്മയോട് വഴക്കിട്ട പെൺകുട്ടി വിവരങ്ങൾ പിതാവിനെ അറിയിക്കുകയും ഇരുവരും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയിൽ വച്ച് ഷാനെ കസ്റ്റഡിയിലെടുത്തു. ശ്യാം നമ്പൂതിരി എന്ന പേരിൽ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു ഇയാൾ.
കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഒരു ഇല്ലത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയായിരുന്നു വിവിധ സ്ഥലങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്നയിടങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങൾക്ക് ശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്. സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നതും പതിവായിരുന്നു. നിരവധി സിം കാർഡുകളും വ്യാജ രേഖകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. കിളിമാനൂർ സ്റ്റേഷൻ ഓഫീസർ മനോജ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ ബിജുകുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒ സഞ്ജീവ്, വിനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.