മത്സ്യത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ലാൽ കോയിപ്പറമ്പിൽ ഇന്നു രാവിലെ വിട പറഞ്ഞു. 69 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച്ച 10ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഒരു സംഘടനക്കു കീഴില്‍ അണിനിരത്തി നിരവധി ഐതിഹാസികമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ട്രേഡ് യൂണിയൻ നേതാവാണ് ലാല്‍ കോയിപ്പറമ്പില്‍.
ഏതാനും ദിവസമായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. കാത്തലിക് യൂത്ത് മൂവ്മെന്റിലൂടെയാണ് ലാല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് മത്സ്യത്തൊഴിലാളി മേഖലയിലേക്ക് എത്തിപ്പെടുകയായിരുന്നു. അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് എച്ച്എസ്, ചേർത്തല സെന്റ് മൈക്കിൾസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് എന്ന സംഘടനയെ കേരളത്തിലെ ഏറ്റവും ശക്തമായ മല്‍സ്യത്തൊഴിലാളി സംഘടനയായി ഉയര്‍ത്തിയതിനു പിന്നില്‍ ലാല്‍ കോയിപ്പറമ്പിലായിരുന്നു. ലത്തീന്‍ കത്തോലിക്കാ സമുദായത്തിലെ മല്‍സ്യത്തൊഴിലാളികളെയാണ് അദ്ദേഹം ഒരു സംഘടനക്കു കീഴില്‍ അണിനിരത്തിയത്. കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. സംഘടനയുമായി അടുത്ത കാലത്ത് ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം മുന്നോട്ടുപോയില്ല.
ഗൂഡല്ലൂരിൽ കുടിയിറക്കൽ സമരം നടന്നപ്പോൾ അവിടെയെത്തി ആക്ഷൻ കൗൺലിൽ കൺവീനറായി സമരത്തിൽ പങ്കാളിയായി.സ്വതന്ത്ര മത്സ്യത്തൊഴിലാളി ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി. ട്രോളിങ്ങ് നിരോധനത്തിനെതിരെ 6 തവണ നിരാഹാര സമരം നടത്തി. രണ്ടാഴ്ച്ചവരെ നീണ്ടതായിരുന്നു സമരങ്ങൾ. പിന്നീട് ബോട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തു. അതിൻറെ പേരിൽ വധശ്രമമുൾപ്പെടെ ഉണ്ടായെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ചേർത്തലയിൽ നിന്നും നിയമസഭയിലേക്കു ജെഎസ്എസ് സ്ഥാനാർഥിയായി സ്ഥാനമോഹങ്ങൾക്കു വഴങ്ങാത്ത ലാൽ കോയിൽപ്പറമ്പിലിനെ ആലോചിച്ചിരുന്നു. ആത്മാർത്ഥമായ പ്രവർത്തനവും തീപ്പൊരി പ്രസംഗവും അസാമാന്യ നേതൃപാഠവവും ശക്തമായ നിലപാടും ആദർശവുമെല്ലാം ലാലിനെ വ്യത്യസ്ഥനാക്കിയിരുന്നു. അദ്ദേഹം നടത്തിയ സമരങ്ങളും നിരാഹാരങ്ങളും ആണ് രോഗത്തിനും കാരണമായതെന്ന് ഡോക്ടർമാർ ലാലിനോട് പറഞ്ഞതായി സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു.
ഭാര്യ: മിനി പീറ്റർ (അധ്യാപിക സെന്റ് ഫ്രാൻസീസ് അസീസി എച്ച്എസ്എസ് അർത്തുങ്കൽ.). മക്കൾ: നിഥിയലാൽ (ന്യൂസിലാൻഡ്) നിഥിൻലാൽ (ബെംഗളൂരു). മരുമകൻ: മിഥുൻ ജാക്സൺ ആറാട്ടുകുളം (ന്യൂസിലാൻഡ്).