Sat. Apr 20th, 2024

ബെംഗളൂരു മയക്കു മരുന്നു കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്കു ശേഷം ബിനീഷിനെ ബെംഗളൂരു സിറ്റി സിവി ല്‍ കോടതിയില്‍ ഉടനെ ഹാജരാക്കും. കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് ഇ ഡി ബിനീഷിനെ ചോദ്യം ചെയ്തത്. രണ്ടാം തവണ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ 11.30 ഓടെ അതീവ രഹസ്യമായാണ് ബിനീഷ് ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യകാരണം പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു.

നേരത്തെ ഈ മാസം ആറിന് ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അനുപ് മുഹമ്മദിനെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ വച്ചാണ് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപിന് റസ്‌റ്റോറന്റ് തുടങ്ങാന്‍ പല തവണയായി ആറ് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് ബിനീഷ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പലരില്‍ നിന്നായി വന്‍തുക അനൂപിന്റെ അക്കൗണ്ടില്‍ വന്നിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യം ചെയ്യലില്‍ അനൂപ് നല്‍കിയ വെളിപ്പെടുത്തലാണ് വീണ്ടും ബിനീഷിനെ വിളിപ്പിക്കാന്‍ ഇടയാക്കിയത്.

ബിനീഷിന് ബംഗലൂരുവില്‍ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുണ്ടായിരുന്നുവെന്നും ഇവയുടെ പ്രവര്‍ത്തനം പിന്നീട് നിലച്ചുപോയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.

ബിനീഷുമായുള്ള പണമിടപാടിനെ കുറിച്ച് അനുപ് മുഹമ്മദിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അഞ്ചു ദിവസത്തോളം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഒക്‌ടോബര്‍ ആറിന് ബിനീഷിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ആറ് ലക്ഷം രൂപ മാത്രമാണ് റസ്‌റ്റോറന്റ് തുടങ്ങാന്‍ അനൂപിന് കൊടുത്തതെന്നായിരുന്നു ബിനീഷിന്റെ മൊഴി. എന്നാല്‍ അനുപിന്റെ അക്കൗണ്ടിലേക്ക് 20 പേരില്‍ നിന്നായി 50 ലക്ഷം രൂപ എത്തിയിരുന്നുവെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. അനൂപിന് ആരൊക്കെ പണം നല്‍കിയെന്ന് തനിക്ക് അറിയില്ലെന്ന് ബിനീഷ് പറഞ്ഞെങ്കിലും പലരുവഴി ബിനീഷ് ആണ് പണം തന്നതെന്ന മൊഴിയാണ് അനുപ് നല്‍കിയിരുന്നത്.

ബംഗലൂരുവില്‍ ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിച്ച ശേഷമായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും മയക്കുമരുന്ന് സംഘത്തിന്റെ പങ്ക് പരിശോധിച്ചിരുന്നു. ബിനീഷിന്റെ കേരളത്തിലെ സ്വത്ത് വിവരം അന്വേഷിക്കുകയും കൈമാറ്റം തടയുകയും ചെയ്തിരുന്നു.

Shop this, Click the image by Amazon: