Fri. Nov 20th, 2026

പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ ഉന്നത വിജയം നേടുന്നത് പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. എത്ര കഴിവുണ്ടെങ്കിലും പഠിക്കാന്‍ മിടുക്കനാണെന്നും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും എപ്പോഴും പൊതുസമൂഹത്തില്‍ തെളിയിച്ചുകൊണ്ടിരിക്കേണ്ട ഗതികേടാണ് പാര്‍ശ്വവല്‍കൃത സമുദായത്തിലെ കുട്ടികള്‍ക്കുള്ളത്. സോഷ്യോളജിയില്‍ തന്നെ പിഎച്ച്ഡി ചെയ്യുകയാണ് അടുത്ത ലക്ഷ്യം, വരും കാലത്തും ആര്‍ജ്ജിക്കുന്ന അറിവ് ഉപയോഗിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുമെന്നും കാലടി സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ഏറ്റവും അധികം മാര്‍ക്കോടെ പിജി പൂര്‍ത്തിയാക്കിയ ദിനു വെയില്‍. പുറംതള്ളാനും, ഇല്ലാതാക്കാനും, ഒഴിവാക്കാനുമൊക്കെയുള്ള ശ്രമം ഉണ്ടായിട്ടും, പിന്നാക്ക വിഭാഗത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ബോധ്യമാണ് ഇടറാതെ തുടരാന്‍ സഹായിച്ചതെന്ന് ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്‍ കൂട്ടിച്ചേർത്തു.

സ്കൂൾ തലത്തിൽ തന്നെ പഠനമികവ് തെളിയിച്ചു തുടങ്ങിയ വിദ്യാർത്ഥിയായിരുന്നു ദിനു. എൽ എസ് എസ് സ്കോളർഷിപ്പ് നേടി . പത്താം ക്ലാസ് 9 A+, പ്ലസ് ടു വിന് ദലിത് വിഭാഗത്തില്‍ നിന്ന് ഹ്യുമാനിറ്റീസില്‍ ആ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും അധികം മാര്‍ക്ക് നേടിയാണ് പ്ലസ് ടു പാസായത്. 96% , എല്ലാ വിഷയങ്ങൾക്കും A+, അന്ന് ഹ്യുമാനിറ്റീസിൽ ഏറ്റവും കൂടുതൽ അക്കാദമിക് നിലവാരം കാണിച്ച ദലിത് വിദ്യാർത്ഥിയ്ക്കായുള്ള കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ ഡോ ബി ആർ അംബേദ്ക്കർ നാഷണൽ മെറിറ്റ് അവാർഡ് കരസ്ഥമാക്കി.

ഐ ഐടി മദ്രാസ്സിന്റെ HSEE എൻട്രൻസ്സ് ക്ലിയർ ചെയ്യുന്നു. ഐ.ഐ.ടിയില്‍ എത്തിയപ്പോഴും പല തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടായി. സ്വന്തം താത്പര്യത്താൽ അവിടെ പഠനം തുടരാതെ പുറത്ത് വന്നു ബിരുദത്തിനു ചേർന്നു. തുടര്‍ന്ന് ഫാറൂഖ് കോളേജില്‍ നിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി, ലിംഗ നീതിയ്ക്ക് വേണ്ടി സംസാരിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ടു. ഹൈ കോടതിയില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ പുറത്താണ് 3 വര്‍ഷത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ഡിഗ്രിക്കും 84% മാർക്ക് നേടി. കാലടിയിലെ വിദ്യാഭ്യാസ കാലത്തും രാഷ്ട്രീയപരമായി ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാത്രിയില്‍ ഒരു മണിക്കൂറോളം പോലീസുകാര്‍ ലുക്ക് ശരിയല്ലെന്ന പേരില്‍ നടുറോട്ടില്‍ തടഞ്ഞു നിര്‍ത്തിയുട്ടുണ്ട്. എങ്കിലും സോഷ്യോളജിയിൽ പിജി ഒന്നാം സെമസ്റ്ററിലെ ആദ്യ ശ്രമത്തിൽ തന്നെ NET പാസ്സാവുന്നു, പിജി രണ്ടാം വർഷത്തിൽ JRF നേടുന്നു. ഇപ്പോൾ 80% മാർക്കോടെ ഏറ്റവും കൂടുതൽ മാർക്കോടെ സോഷ്യോളജിയിൽ പിജി നേടുമ്പോഴും സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ ഡോ ബി ആര്‍ അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ ഒരു ഭരണഘടന നിലവില്‍ വരികയും എല്ലാ പൗരന്മാക്കുമായ് മൗലികാവകാശങ്ങള്‍ ഉണ്ടാവുകയും ചെയ്തതു കൊണ്ട് മാത്രമാണ് ഇക്കാലത്ത് നിന്നു കൊണ്ട് എനിയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാനായത് എന്നാണ് ദിനു പറയുന്നത്.

എന്റെ വിദ്യാഭ്യാസത്തിനുള്ള അവകാശം ചരിത്രപരമായ ഒരു ജനതയുടെ പോരാട്ടത്തിനാല്‍ നേടിയെടുത്തതാണ്. അതുകൊണ്ട് തന്നെ എന്റെ വിദ്യാഭ്യാസത്തിന് എപ്പോഴും പ്രചോദനമായിട്ടുള്ളത് ഈ ചരിത്ര ബോധ്യമാണ്. മഹാത്മാ അയ്യന്‍ങ്കാളിയും പൊയ്കയില്‍ അപ്പച്ചനും കണ്ടന്‍ കുമാരനും സാവിത്രി ഭായ് ഫൂലെയും ഒക്കെ തീര്‍ത്ത ഒരു വലിയ പ്രതിഷേധത്തിന്റെ കണ്ണിയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റെ തലമുറ നില്‍ക്കുന്നു എന്നതിലാണ് ഏറ്റവും വലിയ സന്തോഷം. ഒന്നാമതായ് കയറിയ പഞ്ചമിയില്ലായിരുന്നെങ്കില്‍ ഞാനിന്ന് ഒന്നാമതാവുന്നതെങ്ങനെയാണെന്നും ദിനു ചോദിക്കുന്നു.

പുറംതള്ളാനും, ഇല്ലാതാക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. പക്ഷേ എന്തു വന്നാലും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് തീരുമാനിക്കുന്നത് ചരിത്രത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ്. ഇനി പിഎച്ച്ഡി ചെയ്യണം, അതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ദിനു പറഞ്ഞു.