തന്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ പുതിയ ബാങ്ക് സ്ഥാപിച്ചതായി പ്രഖ്യാപിച്ച് വിവാദ ആൾദൈവം നിത്യാനന്ദ. സമൂഹ മാദ്ധ്യമത്തിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. കൈലാസത്തിൽ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായാണ് നിത്യാനന്ദയുടെ പ്രഖ്യാപനം. ഗണേശ ചതുർഥി ദിനത്തിൽ ബാങ്ക് പുതിയ കറൻസി പുറത്തിറക്കും. ബാങ്കിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നും നിത്യാനന്ദ വ്യക്തമാക്കി.
പെൺകുട്ടികളെ തടവിൽവച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങുന്നത്. ഇത് തൻറെ മൂന്നാമത്തെ അവതാരമാണെന്നും യദാ…യദാഹി… ധർമസ്യ… താൻ ഇനിയും അവതരിക്കുമെന്നും, ആരോപണങ്ങള്‍ നേരിടുന്നത് തൻറെ പഴയ അവതാരമായ പരമഹംസ നിത്യാനന്ദയാണെന്നും ഇപ്പോൾ പുതിയ അവതാരം, നിത്യാനന്ദ പരമശിവം ആണെന്നുമാണ് ഇയാൾ ഇപ്പോൾ അവകാശപ്പെടുന്നത്.

ഭഗവൻ പരമേശ്വരൻ രാജശേഖരനായും പരമഹംസ നിത്യാനന്ദയായും നിത്യാനന്ദ പരമശിവമായും അവതരിച്ചുകഴിഞ്ഞെന്നും അവതാരപ്പിറവിയെടുത്ത തൻറെ രണ്ടാം അവതാരമായ പരമഹംസ നിത്യാനന്ദയാണ് ആരോപണങ്ങള്‍ നേരിടുന്നതും കുറ്റങ്ങള്‍ ചെയ്തതുമെല്ലാം. എന്നാല്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. എന്നിങ്ങനെ അതിവിചിത്ര വാദമാണ് ഇയാൾ തൊട്ടുമുൻപ് ഇറക്കിയ വീഡിയോയിൽ പറയുന്നത്.
ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. കഴിഞ്ഞവർഷം അവസാനത്തോടെ ഇക്വഡോറിലെ ഒരു ദ്വീപിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ഇക്വഡോറിന്റെ പ്രതികരണം. ഇപ്പോൾ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.