Fri. Mar 29th, 2024

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.

കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ് കെ. സുരേന്ദ്രന്‍. പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവര്‍ത്തകനായി മാറി. പിന്നീട് മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.

ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു.നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ചിരുന്നു.ഷീബയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍, ഗായത്രി എന്നിവരാണ് മക്കള്‍.

https://newsgile.com/2020/02/15/bjp-announces-new-state-presidents-for-sikkim-mp-kerala/