Fri. Mar 29th, 2024

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റ്ചെയ്യുകയും യുഎപിഎ ചാർജ്ജ് ചെയ്ത് ജയിലിലടക്കുകയും പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത കേസിൽ പ്രതികളാക്കപ്പെട്ട കണ്ണൂർ യൂണിവേസിറ്റി വിദ്യാർത്ഥികളായിരുന്ന അലനെയും താഹയെയും ഉടന്‍ ജയിൽമോചിതരാക്കുക, അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അലന്‍ താഹ മനുഷ്യാവകാശ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്നില്‍ സാംസ്കാരിക പ്രതിരോധം സംഘടിപ്പിച്ചു.

പ്രമുഖ എഴുത്തുകാരൻ സക്കറിയ പ്രതിരോധസമരം ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആര്‍ പി ഭാസ്കര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. ആസാദ് ആമുഖ ഭാഷണം നടത്തി.

സാംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും ചിത്രകാരൻമാരുടെയും അക്കാദമിക് രംഗത്തുള്ളവരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയുമെല്ലാം സമ്പന്നമായ സാന്നിധ്യം കൊണ്ട് സമരം അക്ഷരാർത്ഥത്തിൽ സാംസ്കാരിക പ്രതിരോധം തന്നെയായിമാറി.

ബി. രാജീവന്‍, ജോയ് മാത്യു, ജെ. ദേവിക, കെ അജിത, ആഷിക് അബു, സാവിത്രി രാജീവന്‍, ഡോ. പി ഗീത, റോസ് മേരി, സജിത ശങ്കര്‍, മാഗ്ലിന്‍, എം കെ മുനീര്‍, പി പ്രസാദ്, ആര്‍ അജയന്‍, രാജീവ് രവി, എന്‍ മാധവന്‍ കുട്ടി, ജോസഫ് സി മാത്യു, അലന്‍സിയര്‍, അജയന്‍ അടാട്ട്, ദിലീപ് രാജ്, ജി ശക്തിധരന്‍, സുധ പി എഫ്, കമല്‍ കെ എം, ബി.അജിത്കുമാർ , ഡോ കെ എന്‍ അജോയ് കുമാര്‍, എം കെ ദാസന്‍, പ്രൊഫ ശിവപ്രസാദ്, ഷാജര്‍ഖാന്‍, ചന്ദ്രശേഖരന്‍ (ചന്‍സ്), കെ എം ഷാജഹാന്‍, സി ആര്‍ നീലകണ്ഠന്‍, ഹസീന, എന്‍ പി ചെക്കുട്ടി, അഡ്വ. ജോണ്‍ ജോസഫ്, അജിതന്‍, എന്‍ വി ബാലകൃഷ്ണന്‍, സന്തോഷ് കേരളീയം, പി കെ വേണു ഗോപാലന്‍, ഹാഷിം ചേന്ദമ്പിള്ളി, ഇ പി അനില്‍, കെ വി ഷാജി, വിജി, കെ പി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കവി സച്ചിദാനന്ദന്‍ ചിട്ടപ്പെടുത്തിയ യു എ പി എ വിരുദ്ധ പ്രഖ്യാപനം ജെ ദേവിക അവതരിപ്പിച്ചു. കൂട്ടായ്മ അത് അംഗീകരിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം കെ മുനീര്‍, പി ടി തോമസ് എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ തുടങ്ങിയവര്‍ പ്രതിരോധത്തെ അഭിവാദ്യം ചെയ്തു.