Sun. Nov 22nd, 2026

പ്രമോദ് പുഴങ്കര

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ കുഞ്ഞുമാണി, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ പാലായിലെ സ്വർഗ്ഗ രാജ്യം കേരളം മുഴുവൻ വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകേണമേ. അന്നന്നുവേണ്ട ആഹാരവും വേണ്ടത്ര ബാറുകളും ഇന്നു ഞങ്ങള്‍ക്കു തരണമേ. അങ്ങേക്ക് കോഴ തന്നവരെ അങ്ങ് പറ്റിച്ച പോലെ ഞങ്ങളുടെ കോഴകളേയും കൃപാസനത്തിൽ സിദ്ധാന്തത്തിൽ പൊതിഞ്ഞു പൂജിതമാക്കേണമേ , ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതെ, ഉമ്മൻചാണ്ടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമ്മേന്‍….

പ്രിയപ്പെട്ട മാണിസാർ, അങ്ങയെക്കുറിച്ച് പറഞ്ഞ നെറികേടുകൾക്ക് മാപ്പ്. അങ്ങയുടെ സ്മാരകകേന്ദ്രത്തിൽ നിന്നും “അദ്ധ്വാനവർഗ സിദ്ധാന്തവും മാർക്സിയൻ പ്രപഞ്ചവീക്ഷണവും, ഒരു താരതമ്യ പഠനം” എന്ന വിഷയത്തിൽ വരാനിരിക്കുന്ന പ്രബന്ധാവതരണത്തിൽ പിറകിലെവിടെയെങ്കിലും ഞാനിരുന്നോളാം. അങ്ങേക്കുവേണ്ടി മലയാളി ഇങ്ങനെയെങ്കിലും ഒരു സ്മാരകകേന്ദ്രം പണിയേണ്ടതല്ലേ. ബജറ്റ് ചോർത്തിയ കള്ളനെന്നു വിളിച്ചത് അങ്ങയെ ആണ്. എന്തൊരു ദ്രോഹമായിരുന്നു അതൊക്കെ. ബാർകോഴമാണി എന്ന് വിളിച്ചവന്റെയൊക്കെ തലതലമുറ ഗുണം പിടിക്കാതെ പോട്ടെ. മധ്യ തിരുവിതാംകൂറിലും മലബാറിലെ കുടിയേറ്റ റിപ്പബ്ലിക്കുകളിലും അങ്ങയുടെ പാർട്ടി എന്തിനും പോന്നൊരു കോട്ടയം കുഞ്ഞച്ഛനായിരുന്നു. എത്രയെത്ര വീരേതിഹാസങ്ങൾ ! പുളകം കേരളത്തിന്റെ ചരിത്രത്തിൽ മാണിയായി നിറയുന്നു.

പൊന്നു പോലൊരു ചെറുക്കനെ കേരളത്തന്റെ രാഷ്ട്രീയ നന്മക്കായി ഉഴിഞ്ഞു വെച്ചിട്ടെല്ലിയോ മാണി സാറ് പോയത്. പോരാഞ്ഞാ ചെറുക്കന്റെ ഫാര്യയേയും കൂടി ഉഴിഞ്ഞിട്ടു. ത്യാഗമല്ലാതെന്നാ ഇതൊക്കെ! കുടുംബം മാത്രം രക്ഷപ്പെടുത്തുന്ന ഇന്നത്തെ രാഷ്ട്രീയക്കാർ കണ്ടു പഠിക്കണം ഇതൊക്കെ.

അവസാന ബജറ്റവതരിപ്പിച്ച് വായിൽ ലഡുവും നിറച്ചുനിന്ന അങ്ങയുടെ ചിത്രം ഞങ്ങൾ മറക്കില്ല. അന്തിക്രിസ്തു നേരിട്ടിറങ്ങി വന്നപോലൊരു നിൽപ്പായിരുന്നു. മറക്കില്ല ഞങ്ങൾ.

എന്തൊക്കെയായിരിക്കും ആ സ്മാരകകേന്ദ്രത്തിൽ ? കേരളം ചരിത്രത്തിൽ അങ്ങ് നടത്തിയ നിർണ്ണായക ഇടപെടലുകൾ, അസംഖ്യം ബജറ്റുകൾ, കുട്ടിയമ്മയും പിള്ളാരുമായുള്ള ഓർമ്മച്ചിത്രങ്ങൾ, കേരള കോൺഗ്രസ് എന്ന ഇന്ത്യയിലെ ലേബർ പാർട്ടിയുടെ ആംഖ്യം പിളർപ്പുകളിൽ ഒരു വശത്ത് കുലുങ്ങാതെ നിന്ന കേളൻ, പൊളിഞ്ഞുവീണ പാലങ്ങൾ, അവസരവാദം ഒരു കാലിയാക്കി ആട്ടിയ അങ്ങയുടെ രാഷ്ട്രീയ ലാവണ്യബോധം, ഓരോ തവണയും ബി ജെ പിയുടെ കൂടെക്കൂട്ടി തനിക്കോ ജോസ്‌മോണോ കേന്ദ്രമന്ത്രിയാകാൻ നടത്തിയ സ്വപ്നാടങ്ങൾ, മാണിയുടെ അന്ത്യപ്രലോഭനങ്ങൾ, സാത്താന്റെ പരാജയങ്ങൾ അങ്ങനെയങ്ങനെ എന്തൊക്കെ…

എന്തായാലും കേരളം ഒറ്റക്കെട്ടാണ് എന്ന് നാം തെളിയിച്ചുകൊണ്ടിരിക്കുകയാണ് സാർ! (ബജറ്റല്ലേ, ഒരു വിളിയിരിക്കട്ടെ). ഏതു പഴുത്തു നാറിയ അഴിമതിക്കാനും സ്മാരകം പണിയാൻ പ്രതിശീർഷ കടം ഏതാണ്ട് ലക്ഷത്തിലേക്കെത്താൻ ഓടിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അഞ്ചു കോടിയൊക്കെ നിസ്സാരമാണ് സാർ. പറ്റുമെങ്കിൽ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഞങ്ങൾ അമർത്യ സെന്നിനെ കൊണ്ട് വരും. മാണിസാറുണ്ടായിരുന്നെങ്കിൽ ബംഗാൾ ക്ഷാമം ഉണ്ടാകില്ലായിരുന്നുവെന്നു അദ്ദേഹം പറയും എന്നെനിക്കുറപ്പുണ്ട്.

അധികം പറയുന്നില്ല സാർ. ഗദ്ഗദം കൊണ്ടാണ്. ജീവിക്കുന്നു ഞങ്ങളിലൂടെ എന്നൊക്കെ ഇത്ര അന്വർത്ഥമാക്കിയ നേതാവ് മാണിസാറിനെപ്പോലെ ആരാണുള്ളത്. കേരളത്തിലെ ഓരോ ജീർണ രാഷ്ട്രീയക്കാരനിലൂടെയും അങ്ങ് ജീവിക്കുകയാണ് മാണി സാർ. കൊട്ടാരക്കാരയിൽ മുൻനായയ്ക്ക പിള്ളക്ക് ജീവിച്ചിരിക്കെത്തന്നെ സ്മാരകം പണിയണം. ചെക്കനെ നമുക്ക് അടുത്ത മന്ത്രിസഭയിൽ കേറ്റാം.

സ്വർഗത്തിൽ നിന്നും മാലാഖമാർ ഇതൊക്കെ കാണുന്നുണ്ടാകും. പാലായിലെ പള്ളികളിൽ കൂട്ടമണിയടിക്കണം. അങ്ങയുടെ തിരുശേഷിപ്പ് കാണാൻ പ്രത്യേക തീർത്ഥാടനം വെക്കണം. അതിനും കൊടുക്കും ഒരഞ്ചു കോടി. വെള്ളം വീഞ്ഞാക്കിയതല, നല്ല അസ്സൽ മദ്യം പ്രാർത്ഥനയിലും സുവിശേഷത്തിലെ മുക്കി നമുക്കന്നടിക്കണം . ഓരോ കോപ്പയിലും നിന്റെ രക്തമുണ്ട്.

നിന്റെ വിശുദ്ധരക്തം ഞങ്ങളെ സ്വാതന്ത്രരാക്കും. അല്ലെങ്കിൽ അത്ര സ്വാതന്ത്ര്യമൊക്കെ മതി ഞങ്ങൾക്ക്. അപ്പൊ ഇനി മാണിസാറിന്റെ സ്മാരകമന്ദിരത്തിലെ തൊഴിലാളികൾക്കുള്ള പ്രത്യേക ധ്യാനത്തിന് കൂടുമ്പോൾ കാണാം.