Fri. Mar 29th, 2024

സത്യത്തിൽ ഇന്ത്യയിൽ ജനാധിപത്യം ഉണ്ടാവുന്നത് ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിൻറെ ആവിർഭാവത്തോടെയാണ്. അതിന് മുൻപ് നമുക്കിങ്ങനെ കൂടിയിരിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.സ്വാതന്ത്ര്യ സമരത്തിൻറെ പേരിൽ ബ്രിട്ടീഷുകാർക്ക് എതിരായിട്ട് എല്ലാവർക്കും ഒരുമിച്ച് നിന്ന് ജാഥ നടത്താൻ പറ്റാത്ത നാടായിരുന്നു നമ്മുടേത്.കേരളം ഉൾപ്പെടെ. കാരണം നമ്പൂതിരി നടക്കുന്ന വഴിയിലൂടെ നായർക്ക് നടക്കാൻ പറ്റില്ല, ഇവർ രണ്ടുപേരും നടക്കുന്ന വഴിയിലൂടെ മറ്റുള്ളവർക്ക് നടക്കാൻ പറ്റില്ല, അത്തരം ഒരു നാട്. അത്തരം ഒരു നാട്ടിൽ നമ്മൾ എല്ലാവരും ഒന്നിച്ച് നിന്നത്, ഒന്നിച്ചിരുന്നത്, ഒന്നിച്ച് ചർച്ച ചെയ്തത് ഭാഷയുടെയോ മതത്തിന്റെയോ ജാതിയുടെയോ ഗോത്രത്തിന്റെയോ ഒന്നും പേരിൽ അല്ല.എന്ന് ഡോ. രാജാ ഹരിപ്രസാദ്.

നമുക്കിങ്ങനെ ഒരുമിച്ചിരിക്കാൻ പോലുമായത് ദേശീയപ്രസ്ഥാനത്തോടൊപ്പം ഉയർന്നുവന്ന നവോത്ഥാന സമരങ്ങളുടെ ഭാഗമായാണ്. നവോത്ഥാനമെന്നത് ഒരു തെറിവാക്കായി മാറിയ കാലമാണ്. ജനാധിപത്യം തെറിവാക്കാണ്, മതേതരത്വം തെറിവാക്കാണ്, നവോത്ഥാനം തെറിവാക്കാണ്. അവർ നമ്മളെ വിളിക്കുക ‘മതേതറകൾ’ എന്നാണ്.പണ്ട് മതേതരത്വം നല്ലവാക്കായിരുന്നു. ഇപ്പോൾ ‘മതേതറകൾ’ ആണ്.

നവോത്ഥാനം എന്നത് കേവലം ഒരു ജാതിപരിഷ്കരണം മാത്രമാണെന്നൊരു ചുരുക്കിക്കെട്ടുണ്ട് നമ്മുടെ ഇടയിൽ.കേരളത്തിലെ നായന്മാർ ശൂദ്രന്മാരാണ്. അല്ലാതെ ബ്രാഹ്മണന്മാരൊന്നുമല്ല. പെരുന്നയിലെ പോപ്പിൻറെ ധാരണ കേരളത്തിലെ നായന്മാർ ബ്രാഹ്മന്മാർ ആണെന്നാണ്. പോപ്പ് വായിക്കാത്ത കുറെ പുസ്തകങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് പി.ശങ്കരൻ നമ്പ്യാർ എന്ന കേരളവർമ്മ കോളേജിലെ പ്രിൻസിപ്പാൾ ആയിരുന്ന മനുഷ്യൻ എഴുതിയ പുസ്തകം. അതിൽ വളരെ കൃത്യമായി പറയുന്നുണ്ട് – ഒരിക്കൽപോലും കേരളത്തിലെ ശൂദ്രൻ ‘ഞാൻ എന്ന് പറഞ്ഞിട്ടില്ല.അടിയൻ എന്നേ പറഞ്ഞിട്ടുള്ളൂ, ശൂദ്രൻ കഴിക്കുന്ന ചോറിൻറെ അരിയുണ്ടല്ലോ ആ അരിയുടെ പേര് ‘കല്ലരി’ എന്നായിരുന്നു. ശൂദ്രന്റെ പോക്കറ്റിലെ കാശിന് ഉറുപ്പിക എന്ന് പറയാൻ പാടില്ല, ‘ചെമ്പ് തുട്ട്’ എന്നേ പറയാൻ പാടുള്ളൂ. കേരളത്തിലെ നായർ ഒരിക്കൽപോലും കുളിച്ചിട്ടില്ല ‘നനഞ്ഞിട്ടേ’യുള്ളൂ. കേരളത്തിലെ നായർ വിശ്രമിച്ചിട്ടില്ല ‘നടു നീർത്തി’ട്ടേയുള്ളൂ.ആ വാക്കുകൾ ഉപയോഗിക്കാൻ കഴിയാതിരുന്ന ഒരു കേരളം ഇവിടെ ഉണ്ടായിരുന്നു. ‘ഞാൻ, നീ, അവൻ’- എന്നുപറയുന്ന മൂന്ന് സർവ്വനാമ ശബ്ദങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റാതിരുന്ന ഒരു കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുത്ത പ്രക്രിയയയാണ് നവോത്ഥാനമെന്ന് പറയുന്നത് എന്ന് ശൂദ്രർ മനസിലാക്കുക. ഈ നവോത്ഥാനത്തിലൂടെയാണ് ദേശീയതയിലൂടെയാണ് ഇവിടെ ജനാധിപത്യം ഉണ്ടായത്.