Sat. Apr 20th, 2024

ആലപ്പുഴ: 1992 ൽ യുക്തിവാദികൾ 13000 രൂപമുടക്കി തുടങ്ങിയ സഹോദരൻ പ്രസിദ്ധീകരണ കേന്ദ്രവും 12 പേരിൽനിന്നും പതിനായിരവും പതിനയ്യായിരവും വീതം പിരിച്ച് പവനൻ സ്മാരക ട്രസ്റ്റ് ഉണ്ടാക്കി 165 ആം നമ്പർ ആയി രജിസ്റ്റർ ചെയ്‌തെന്നു പ്രചരിപ്പിച്ച ട്രസ്റ്റും പണവും കൊണ്ടുപോയതും പി.പി. സുമനൻ അല്ലല്ലോ രാജഗോപാൽ വാകത്താനം ആണെന്ന് ശബരിമലയിൽ പോയി മകരജ്യോതി തട്ടിപ്പ് പൊളിച്ചടുക്കുന്നതിന് നേതൃത്വം കൊടുത്ത് ക്രൂര മർദ്ദനം ഏറ്റുവാങ്ങിയ മുൻ യുക്തിവാദി സംഘം നേതാവ് ധനുവച്ചപുരം സുകുമാരൻ. ആ രജിസ്‌ട്രേഷൻ നമ്പർ തന്നെ വ്യാജമാണെന്നും അങ്ങനെയൊരു ട്രസ്റ്റ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പിന്നീട് തനിക്ക് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അന്നും മകരജ്യോതി തട്ടിപ്പ് പൊളിക്കാനായി പോകുമ്പോൾ ഒപ്പം നിൽക്കാതെ മുങ്ങിക്കളഞ്ഞശേഷം കേട്ടറിവ് വെച്ച് ഒപ്പമുണ്ടായിരുന്ന തരത്തിൽ ലേഖനങ്ങളും പുസ്തകവുമെഴുതിയ വിരുതന്മാരാണ് യുക്തിവാദി നേതാക്കളിൽ ചിലർ എന്ന് അദ്ദേഹം പറഞ്ഞു. തല്ലുകൊള്ളുന്ന ഒരുപരിപാടിക്കും ഈ മഹാനെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആലപ്പുഴയിൽ നടന്ന കേരള യുക്തിവാദിസംഘം സംസ്ഥാന സമ്മേളനത്തിൽ യുക്തിവാദിസംഘം രൂപം കൊള്ളുന്നതിന് മുൻപ് തന്നെ യുക്തിവാദിയായി ജീവിക്കുകയും സംഘടനയുടെ രൂപീകരണ കാലം മുതൽ ഇപ്പോഴും സംസ്ഥാന കമ്മറ്റിയംഗമായിട്ടുള്ള പി.പി.സുമനനെ അപമാനിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ധനുവച്ചപുരം. പവനൻ ജീവിച്ചിരുന്ന സമയത്ത് സഹോദരൻ പ്രസിദ്ധീകരണകേന്ദ്രത്തിന് വേണ്ടി രാജഗോപാലിന് പണം കൊടുത്തവർ അദ്ദേഹത്തോട് പരാതിപ്പെട്ടപ്പോൾ “രാജഗോപാലിന് നിങ്ങൾ പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ഇരുമ്പ് കുടിച്ച വെള്ളമാണ്” എന്നാണ് പവനൻ അതേക്കുറിച്ച് പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തൊടുപുഴ സമ്മേളനത്തിൽ വെച്ച് 30 വർഷമായി നിരവധി യുക്തിവാദികൾക്ക് വീട്ടിൽ വെച്ച് വിളമ്പിയിട്ടുള്ള തൻറെ ഭാര്യയെയും മകളെയും വൈകിയെത്തിയതിനാൽ രെജിസ്ട്രേഷൻ നടത്തുന്നതിന് മുൻപ് ഭക്ഷണം കഴിച്ചെന്ന് മൈക്കിൽകൂടി വരെ വിളിച്ചുപറഞ്ഞു അപമാനിച്ചവർ ഇതും ഇതിനപ്പുറവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തനിക്ക് സംഘടനയുടെ സ്ഥാപക നേതാവ് പവനന്റെ ഭാര്യയെ അപമാനിക്കാൻ സ്റ്റേജ് കെട്ടിക്കൊടുത്തതിൽ അദ്‌ഭുതമൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ യുക്തിവാദിസംഘം കുടുംബ സ്വത്താക്കിയ കാര്യദർശി 15 ആം സമ്മളന സമയത്ത് സാമ്പത്തീക ബാധ്യതയെ തുടർന്ന് തനിക്ക് ഗൾഫിൽ പോകേണ്ടിവന്ന സമയത്ത് സംഘടനയുടെ കസേരയിൽകയറിയിരുന്നിട്ട് ഇപ്പോൾ വരെ ലിബി പറഞ്ഞതുപോലെ “അയ്യോ അച്ഛാ പോകല്ലേ….’ പാട്ട് നടത്തി കസേരയൊഴിയാതെ കാത്തുസൂക്ഷിച്ച്‌ കുടുംബസ്വത്താക്കി മാറ്റിയെന്നും. ഈ പാരമ്പര്യ വാഴ്ച തുടങ്ങിയതിന് ശേഷമാണ് വെള്ളാപ്പള്ളി നടേശൻ ആൻഡ് കമ്പനി പോലെ അച്ഛൻ ജനറൽ സെക്രട്ടറി, അമ്മ വനിതാസംഘം, മക്കൾ യൂത്ത് മൂവ്മെന്റ് പ്രസിഡന്റും സെക്രട്ടറിയും എന്ന പാരമ്പര്യ വാഴ്ചയിലേക്ക് മാറുന്നത്. അതിന് മുൻപ് ഇങ്ങനെ ഒരാചാരം യുക്തിവാദി സംഘത്തിന് ഇല്ലായിരുന്നെന്ന് മുതിർന്ന ആചാരലംഘകനായ ധനുവച്ചപുരം കൂട്ടിച്ചേർത്തു.


എങ്കിലും ഈ മഹാൻ ഇടക്ക് സാമ്പത്തീകരോപണങ്ങളെ തുടർന്ന് പിണങ്ങി അദ്ദേഹം ദളിതൻ അല്ലെങ്കിലും ദളിതരെ ഇത്തരത്തിൽ ഉദ്ധരിക്കാൻ ഏതോ ദളിത് സംഘടനയിൽ പോകുകയും അവിടുന്ന് പിണങ്ങി തിരിച്ചുവരികയും ചെയ്തിരുന്നെന്നും, യുക്തിവാദിസംഘത്തിൻറെ ഓഫീസും സ്ഥാപനവുമായി ഭാവിയിൽ വികസിക്കുമെന്നുകരുതി യുക്തിവാദികൾ കാശുമുടക്കി തുടങ്ങിയ സഹോദരൻറെ പേരിലുള്ള പ്രസിദ്ധീകരണ കേന്ദ്രത്തിൽനിന്നും ശ്രീനാരായണ ഗുരുവിനെതിരെ പുസ്തകമിറക്കിയത് ആ സമയത്തൊക്കെയാണെന്നും അങ്ങനെ സഹോദര പ്രസിദ്ധീകരണകേന്ദ്രം അന്നേ നഷ്ടപ്പെട്ടുപോയെങ്കിലും 30 വർഷം എന്റെ ഭാര്യയുടെ സ്വർണ്ണം വരെ പണയപ്പെടുത്തി മുടങ്ങാതെ യുക്തിരേഖയിറക്കിയ എനിക്കെതിരെ ആരൊക്കെയോ സംഘടനാ ഭാരവാഹികൾ പലജില്ലകളിൽ നിന്ന് പിരിച്ച വരിസംഖ്യ എന്റെകയ്യിൽ തരാതെ രസീത് കുറ്റി കൂട്ടിനോക്കി എനിക്കെതിരെ സാമ്പത്തീക ആരോപണം ഉന്നയിച്ച് അതും കയ്യടക്കി കുടുംബ സ്വത്താക്കിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ ‘മനോരമ’യും ‘കൗമുദി’യും പോലെ യുക്തിരേഖയും കുടുംബ സ്വത്തായി മാറുന്നത് കാണാമെന്നും ധനുവച്ചപുരം പറഞ്ഞു. ഞാൻ യുക്തിരേഖ കൈകാര്യം ചെയ്തിരുന്ന കാലത്തെ കൃത്യമായ ഓഡിറ്റ് ചെയ്ത കണക്ക് തൻറെ കൈവശം ഉണ്ടെന്നും സംഘടന തനിക്കാണ് പണം തരാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീവിരുദ്ധത പണ്ടേ കെവൈ എസ് ൻറെ മുഖമുദ്രയാണെന്നും ഈ അടുത്തിടെ എറണാകുളം വഞ്ചീസ്ക്വയറിൽ നടന്ന സിസ്റ്റർ ലൂസിയുടെ പരിപാടിയിൽ ചെന്ന് യുക്തിവാദിനേതാവ് സ്ത്രീവിരുദ്ധത പറയുകയും അവർ വേദിയിൽ വെച്ചുതന്നെ അപമാനിച്ചു വിട്ടതും എല്ലാവരും ലൈവ് ആയി കണ്ടതല്ലേ? എന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ യുക്തിവാദി നേതാക്കളെല്ലാം പെന്തക്കോസ്ത് സഭകളെപ്പോലെ മക്കൾക്ക് വേണ്ടി ഫാമിലി ട്രസ്റ്റുകളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. കുടുംബവാഴ്ച ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കിൽ കേരളാ യുക്തിവാദി സംഘത്തിൻറെ ഗതിയും മറ്റൊന്നല്ലെന്നും ഇതെല്ലാവരും പരസ്പരം പങ്കുവെയ്ക്കാറുള്ള കാര്യമാണെങ്കിലും ആരും തുറന്നുപറയാനോ നേരിട്ടുപറയാനോ ധൈര്യപ്പെടാത്ത സാഹചര്യത്തിലാണ് താൻ ഈ തുറന്നുപറച്ചിൽ നടത്തുന്നതെന്ന് അദ്ദേഹം ന്യൂസ് ഗിൽ നോട് പറഞ്ഞു.