കേരളത്തിൽ ഇന്ന് വലയസൂര്യഗ്രഹണം ദൃശ്യമാകും. പരമാവധി മൂന്ന് മിനുട്ട് 13 സെക്കൻഡ് നേരമാണ് പൂർണ്ണ വലയ ഗ്രഹണം കേരളത്തിൽ ദൃശ്യമാകുക. രാവിലെ ഏകദേശം 8.04ഓടു കൂടി വലയ സൂര്യഗ്രഹണത്തിന് തുടക്കമാവുമെങ്കിലും 9.24 ഓടു കൂടിയായിരിക്കും സൂര്യമധ്യത്തിലെ അത്ഭുതകരമായ കാഴ്ച ദൃശ്യമാവുക. ഈ സമയം സൂര്യൻ ചന്ദ്രനാൽ മറക്കപ്പെട്ടു തുടങ്ങുകയും ഒരു സ്വർണ വളയമായി മാറുകയും ചെയ്യും.
വലയഗ്രഹണ പാതയുടെ മധ്യഭാഗത്തോടടുത്ത പ്രദേശങ്ങളിൽ പരമാവധി മൂന്ന് മിനുട്ട് പതിമൂന്ന് സെക്കൻഡ് വരെ വലയ ഗ്രഹണം നീണ്ടു നിൽക്കും. ഈ സമയം കഴിഞ്ഞാൽ ഭാഗിക ഗ്രഹണമാണ്. മെല്ലെമെല്ലെ സൂര്യൻ മറയത്തു നിന്നും പുറത്തെത്തും. രാവിലെ 11 മണി കഴിഞ്ഞ് എട്ട് മിനുട്ട് കഴിയുമ്പോഴേക്കും സാധാരണ നില പ്രാപിക്കും. അതായത് മൂന്നു മണിക്കൂറിലേറെ വലയ സൂര്യഗ്രഹണം കൂടിയും കുറഞ്ഞും തോതിൽ
ആസ്വദിക്കാനാവുമെന്നർത്ഥം.
130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണ പാത. കേരളത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലൂടേയാണ് വലയ ഗ്രഹണ പാതയുടെ മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ പൂർണമായും അതിനോട് അടുത്തു വരുന്ന ഏതാനും കിലോമീറ്റർ പരിധികളിലും സൂര്യവളയം വളരെ കൃത്യമായി ദർശിക്കാനാകുമെന്ന് കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം പ്രൊജക്ട് കോ-ഓർഡിനേറ്റർ മാനേഷ്ബക്ഷി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം പ്രദേശങ്ങളിലൊഴികെയും മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിലും വലയ ഗ്രഹണം ചെറിയ വ്യത്യാസത്തോടെ ദർശിക്കാനാകും.
കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആറിടങ്ങളിൽ വലയ ഗ്രഹണം പൊതുജനങ്ങൾക്കായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കുന്നുണ്ട്. വയനാട് കൽപ്പറ്റയിലെ എസ് കെ എം ജെ ഹൈസ്കൂൾ, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേരിമല, കണ്ണൂർ കൊളക്കാട് സാൻതോം ഹൈസ്കൂൾ ഗ്രൗണ്ട്, കാസർകോട് നീലേശ്വരത്തിനടുത്ത തൈക്കടപ്പുറം ബീച്ച്, കോഴിക്കോട് പ്ലാനറ്റോറിയം എന്നിവിടങ്ങളിലാണ് സൗകര്യമുള്ളത്.