Tue. Nov 24th, 2026

ചിക്കന്‍ ഫ്രൈക്ക് ഒപ്പം സവാള നല്‍കിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരം കൈതമുക്കിലെ വെട്ടുകാട്ടില്‍ ഹോംലി മീല്‍സ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

മൂന്ന് യുവാക്കള്‍ ഹോട്ടലില്‍ എത്തി ചിക്കന്‍ ഫ്രൈ ഓര്‍ഡല്‍ ചെയ്തു. എന്നാല്‍ ഇതിനൊപ്പം സവാള ഇല്ലാത്തതിനെ തുടര്‍ന്ന് സവാള വേണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. സവാള ഇല്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതോടെ യുവാക്കള്‍ ക്ഷുഭിതരാവുകയും ഹോട്ടല്‍ ഉടമയേയും ജീവനക്കാരെയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയാ ഹോട്ടല്‍ ജീവനക്കാരന്‍ പീര്‍ മുഹമ്മദിന്റെ തലക്ക് പരുക്കേറ്റു.

ഹോട്ടല്‍ ഉടമ വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമികളെന്ന് ഹോട്ടല്‍ ഉടമ മാധ്യമങ്ങളോട് പറഞ്ഞു.