Wed. Feb 21st, 2024

സുരേഷ്. സി.ആർ

മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ച അവസാന വാക്കായി കണക്കാക്കപ്പെടുന്ന നിഘണ്ടുവാണ് ശബ്ദതാരാവലി.’കൈരളിക്കു സമർപ്പിച്ച വിലപേറില്ലാത്ത രത്നാഭരണ’മെന്ന് മഹാകവി ഉള്ളൂരും ‘കടച്ചിൽ കഴിഞ്ഞ രത്ന’മെന്ന് മഹാകവി വള്ളത്തോളും വിശേഷിപ്പിച്ച ഈ നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയാണ്.

1917-ൽ ഒന്നാം പതിപ്പിന്റെ ഈ തരത്തിലുള്ള പ്രസിദ്ധീകരണ പ്രക്രിയ പൂർത്തിയാവാൻ ഏതാണ്ട് 5 വർഷം എടുത്തു. 1923 മാർച്ച് 16 ന് അവസാനത്തേതായ 22-ാം ലക്കം പുറത്തുവന്നതോടെ ‘ശബ്ദതാരാവലി’യുടെ ഒന്നാം പതിപ്പ് പൂർത്തിയായി. ഈ 22 ലക്കങ്ങളിലും കൂടെ മൊത്തം 1584 താളുകൾ ആയിരുന്നു ഒന്നാം പതിപ്പിനുണ്ടായിരുന്നത്.

ഓട്ടന്‍തുള്ളൽ, ആട്ടക്കഥ എന്നിവ രചിച്ച തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം സ്വദേശി പദ്മനാഭപിള്ള, നിഘണ്ടുനിർമാണത്തിന് വാക്കുകൾക്കുവേണ്ടിയുള്ള വായന തുടങ്ങിയത് 1895-ലാണ്. ഗുണ്ടർട്ടിന്റെയും ബെഞ്ചമിന്‍ ബെയിലിയുടെയും നിഘണ്ടുക്കളും മറ്റു ഗ്രന്ഥങ്ങളും വായിച്ചും നാട്ടുഭാഷകൾ, പ്രസംഗങ്ങൾ എന്നിവ കേട്ടുമാണ് വാക്കുകൾ ശേഖരിച്ചത്.

കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ.രാജരാജവർമ എന്നിവർ ആദ്യപ്രതികള്‍ കണ്ടിരുന്നു. സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള, മഹാകവി വള്ളത്തോൾ നാരായണമേനോൻ എന്നിവർ ഭേദഗതികൾ നിർദേശിച്ചു.


ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് ശബ്ദതാരാവലി നിർമ്മാണം നഷ്ടക്കച്ചവടമായിരുന്നു 

1864-ൽ ജനിച്ച അദ്ദേഹം 1946-ൽ മരിക്കുന്നതിനിടയിൽ ‘ശബ്ദതാരാവലി’യുടെ മൂന്നു പതിപ്പുകൾ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. പിന്നീട്‌ എത്രയോ പതിപ്പുകളുണ്ടായി. പലതും എഡിറ്റ്‌ ചെയ്തു പരിഷ്കരിക്കപ്പെട്ടവ. ശ്രീകണ്ഠേശ്വരം തയ്യാറാക്കിയ ‘ശബ്ദതാരാവലി’ക്കുണ്ടായിരുന്ന വിജ്ഞാനകോശ സ്വഭാവം ഒഴിവാക്കിയാണ്‌ പിൽക്കാലപ്പതിപ്പുകൾ ഉണ്ടായത്‌. ശ്രീകണ്ഠേശ്വരത്തിന്‌ ശബ്ദതാരാവലീനിർമാണം നഷ്ടക്കച്ചവടമായിരുന്നെങ്കിലും പിൽക്കാല പ്രസാധകർ അതിൽനിന്നു ലാഭം കൊയ്തു.

ഗ്രന്ഥകാരൻ മരിച്ച്‌ അറുപതുവർഷം പൂർത്തിയായതിനാൽ പകർപ്പവകാശ കാലാവധി കഴിഞ്ഞ ‘ശബ്ദതാരാവലി’ക്ക്‌ ഇപ്പോഴും പരിഷ്കരിച്ചതും അല്ലാത്തതുമായ പതിപ്പുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ‘ശബ്ദതാരാവലി’ മറിച്ചു നോക്കാതെ മലയാളിക്ക്‌ ഒരുദിവസവും താണ്ടാനാവില്ലെങ്കിലും അദ്ദേഹത്തിനു നാം വലുതായൊന്നും തിരിച്ചുകൊടുത്തിട്ടില്ല. വാക്കിന്റെ ഉപാസകനായ ശ്രീകണ്ഠേശ്വരത്തിന്റെ പേരിൽ പുരസ്കാരകങ്ങളോ സ്മാരകമന്ദിരങ്ങളോ, സർവകലാശാലാ ചെയറുകളോ ഒന്നുമില്ല; എന്തിന്‌, അദ്ദേഹത്തിന്റെ ഒരു പ്രതിമ പോലുമില്ല!

കറതീർന്ന നിഘണ്ടുവല്ല ‘ശബ്ദതാരാവലി’. നിഘണ്ടു നിർമാണത്തിന്റെ ആധുനിക തത്ത്വങ്ങളും ആധുനിക ഭാഷാ ശാസ്ത്ര സങ്കല്പങ്ങളുമൊന്നും രൂപപ്പെടാത്ത കാലത്ത്‌ ഒരാൾ ഒറ്റയ്ക്കു നടത്തുന്ന പരിശ്രമത്തിൽ സാധ്യമാകാവുന്നതത്രയും ശ്രീകണ്ഠേശ്വരം ചെയ്തു. ഹെർമൻ ഗുണ്ടർട്ടിനെപ്പോലുള്ള വിദേശികളെഴുതിയ നിഘണ്ടുക്കൾ മാത്രം മലയാളത്തിലുണ്ടായിരുന്ന കാലത്താണ്‌ അദ്ദേഹം ആ മഹാകർമം നിർവഹിച്ചത്‌. ഇന്നും സാമാന്യ മലയാളിക്ക്‌ ആശ്രയിക്കാൻ ആ ‘ഭഗീരഥപ്രയത്നം’ മാത്രമേയുള്ളൂ.


ആയിരക്കണക്കിനു പുതിയ വാക്കുകളും പഴയവാക്കുകൾക്കു പുതിയ അർഥങ്ങളും ഉണ്ടായിക്കഴിഞ്ഞ ഇക്കാലത്ത്‌ പുതിയൊരു ശബ്ദതാരാവലിയെന്നു വിശേഷിപ്പിക്കാവുന്ന ഒരു സമ്പൂർണ മലയാള നിഘണ്ടു മലയാളിക്ക്‌ ആവശ്യമില്ലേ എന്നു ചിന്തിക്കേണ്ടതുണ്ട്‌. കേരള സർവകലാശാല 1950 കളിൽ ആരംഭിച്ചിട്ടും ഇതുവരെയും പ്രസിദ്ധീകരണം പൂർത്തിയാകാത്തതും തെറ്റുകളുടെ ബാഹുല്യത്തിന്റെ പേരിൽ ഈയിടെ വിവാദവിഷയമായിത്തീർന്നതുമായ ‘മലയാള മഹാനിഘണ്ടു’ പോലുള്ള ബഹു വാല്യനിഘണ്ടുവല്ല ഉടനടി ഉപയോഗത്തിനാവശ്യം.

സാമാന്യജനങ്ങൾക്ക്‌ ഉപയോഗിക്കാവുന്നതും സമകാലികവും ഒറ്റവാല്യത്തിലുള്ളതുമായ ഒരു സമ്പൂർണ നിഘണ്ടു മലയാളത്തിനുവേണം. നമുക്ക്‌ സർവകലാശാലകൾക്കും സാംസ്കാരികസ്ഥാപനങ്ങൾക്കും കുറവൊന്നുമില്ല. എന്തിന്‌, മലയാള ഭാഷയ്ക്കുവേണ്ടിപ്പോലും ഒരു സർവകലാശാലയുണ്ട്‌. സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ തുടങ്ങിയവ പുറമേയും. ശ്രേഷ്ഠഭാഷാപദവിയുടെ കേമത്തവും മലയാളം നിർബന്ധിത ഒന്നാംഭാഷയാക്കിയതിന്റെ ധീരതയും നാം അവകാശപ്പെടുന്നുമുണ്ട്‌. എന്നിട്ടും സമകാലികവും ആധുനികവും നിത്യോപയോഗപ്രദവുമായ ഒരു മലയാള നിഘണ്ടുവില്ല. ലോകത്തിലെ ഏറ്റവും പ്രാചീനമായ നിഘണ്ടുക്കൾ ഉണ്ടായ ഇന്ത്യയിലാണിതു സംഭവിക്കുന്നത്‌.

പരിഷ്കരിക്കലോ പുതിയതുണ്ടാക്കലോ ഏതായാലും മലയാളത്തിന്‌ പുതിയൊരു ശബ്ദതാരാവലി വേണ്ടതുണ്ട്‌; ഈ ഡിജിറ്റൽ യുഗത്തിൽ ആ മണ്ഡലത്തിൽക്കൂടി ലഭ്യമാവുന്ന ഒരു മലയാള നിഘണ്ടു. പൊതുഖജനാവിന്റെ ചെലവിൽ പുലരുന്ന സർവകലാശാലകളും സാംസ്കാരിക സ്ഥാപനങ്ങളുമാണ്‌ അതിനെപ്പറ്റി ചിന്തിക്കേണ്ടത്‌.