കോട്ടയം ഏറ്റുമാനൂരിൽ ദളിത് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ അധ്യാപകന പോലീസ് അറസ്റ്റ് ചെയ്തു.പോക്സോ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്.ഏറ്റുമാനൂരിലെ ഒരു സ്കൂളിലെ സംഗീതാധ്യാപകൻ വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു (51) വിനെയാണ് കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ അറസ്റ്റു ചെയ്തത്.
കുട്ടികളോട് അശ്ലീലം സംസാരിക്കുകയും ശരീരത്ത് സ്പർശിക്കുകയും ചെയ്തുവെന്നാണ് വിദ്യാർഥിനികളുടെ പരാതി. ഇതേക്കുറിച്ച് കുട്ടികൾ അധ്യാപികയെയും പ്രഥമാധ്യാപകനെയും വിവരം ധരിപ്പിച്ചു എങ്കിലും നടപടി സ്വീകരിക്കുവാൻ പ്രഥമാധ്യാപകൻ തയാറായില്ല. തുടർന്ന് സംഗീതാധ്യാപകൻറെ ശല്യം രൂക്ഷമാകുകയും കുട്ടികൾ രക്ഷാകർത്താക്കളെ വിവരം ധരിപ്പിക്കുകയും രക്ഷിതാക്കൾ പട്ടികജാതി ക്ഷേമ വകുപ്പിനും കോട്ടയം എസ്പിക്കു പരാതി നല്കുകയും ചെയ്തു.
ഇതിൻറെ അടിസ്ഥാനത്തിൽ സംഗീതാധ്യാപകനെ ഡിവൈഎസ് പി ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
