Thu. Apr 25th, 2024

READ IN ENGLISH: 37 Catholic priests accuse Mysuru Bishop KA William of sexual misconduct, corruption; written to Vatican urging the immediate removal

റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ് കൂടി ലൈംഗിക അപവാദത്തില്‍. മൈസൂരു ബിഷപ് കെ.എ വില്യമിനെതിരെയാണ് 37 ഇടവക വൈദികര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി അയച്ചിരിക്കുന്നത്. ലൈംഗിക അപവാദങ്ങളിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന ബിഷപിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കേയാണ് സഭയിലെ മറ്റൊരു ബിഷപിനെതിരെ കൂടി ആരോപണം ഉയരുന്നത്.

ബിഷപ് വിവാഹിതനാണെന്നും കുട്ടികളുടെ പിതാവ് ആണെന്നും മറ്റു സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്നും പറയുന്ന വൈദികര്‍ ബിഷപിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും ഭൂമി കുംഭകോണവും ആരോപിക്കുന്നു. സഭയില്‍ വിമത പ്രവര്‍ത്തനത്തിനും ബിഷപ് ഒത്താശ ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ പോപ്പിന്റെ അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്ന് ജൂലൈ 20ന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

മൈസൂരുവിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയായ ഒരു യുവതിയെ ബിഷപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് വൈദികര്‍ പരാതിയില്‍ പറയുന്നു. മൂന്‍പ് മറ്റൊരു വിവാഹം കഴിച്ച ഈ യുവതിക്ക് ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ബിഷപുമായുള്ള ബന്ധത്തില്‍ ഒരു മകനും ഇവര്‍ക്കുണ്ട്. ബിഷപുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഇവരെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചത്. യുവതി ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും ബിഷപ് ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നുണ്ടെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.

വൈദികനായിരിക്കുമ്പോള്‍ തന്നെ ബിഷപ് കെ.എ വില്യമിന് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അഴിമതികള്‍ നടത്തിയിരുന്നുവെന്നും നിരവധി സംഭവങ്ങള്‍ വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്ന് ‘ഗോവക്രോണിക്കിള്‍.കോം’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിങ്കല്‍ ഇടവക വികാരിയായിരിക്കേ അവിടെയുണ്ടായിരുന്ന ഒരു ആഗ്ലോ- ഇന്ത്യന്‍ യുവതിയുമായി ബിഷപ് വില്യമിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അതോടെ യുവതിയേയും കുഞ്ഞിനേയും വിദേശത്തേക്കു കടത്തിയെന്നും വൈദികര്‍ പറയുന്നു.

ബിഷപ് ഹൗസില്‍ ജോലി ചെയ്യുന്ന കാലത്തും ബിഷപ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും ഒരു യുവതിക്കൊപ്പം വില്യമിനെ കയ്യോടെ പിടികൂടിയിരുന്നു. ബിഷപ് ഹൗസിലെ അക്കൗണ്ട് സെക്ഷനിലെ ക്ലാര്‍ക്കായ യുവതിയായിരുന്നു വില്യമിനൊപ്പമുണ്ടായിരുന്നത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ എല്ലാം ബിഷപ് വില്യം ലൈംഗികമായി ചൂഷണം ചെയ്യുക പതിവാണ്. പകരമായി അവര്‍ക്ക് ബഹുനില വീടുകള്‍ ഉള്‍പ്പെടെ എല്ലാവിധ ആഡംബര സൗകര്യങ്ങളും ബിഷപ് വില്യം നല്‍കും. രൂപതയുടെ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കും. -വൈദികര്‍ കത്തില്‍ പറയുന്നു.

അരമനയുടെ പരിസരം വൃത്തിയാക്കാനെത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പോലും ബിഷപ് വെറുതെവിട്ടിരുന്നില്ലെന്ന് രണ്ട് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വൈദികര്‍ ആരോപിക്കുന്നു.

കൂടാതെ ബിഷപിനെതിരെ ഐപിസി സെക്ഷന്‍ 406, 420, 504, 506, 323 എന്നിവ പ്രകാരം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രൂപതയുടെ ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ ഇടപാടുകള്‍ ഇപ്പോള്‍ കേസില്‍പെട്ട് കിടക്കുകയാണെന്നും വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

വില്യം ഇടവക വികാരിയായിരിക്കേ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അലക്‌സ് എന്ന വിശ്വാസി നല്‍കിയ കേസ് 2018 നവംബറിലാണ് ഒത്തുതീര്‍പ്പാക്കിയത്. വില്യം ബിഷപ് ആയതിനു ശേഷമാണ് ഇതു നടന്നത്. വന്‍തുക അലക്‌സിനു നല്‍കിയാണ് പരാതി പിന്‍വലിപ്പിച്ചതെന്ന് ആരോപണമുണ്ട്. അന്ന് ചില പ്രദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രൂപതയുടെ മൂന്‍ ഭരണാധികാരി എമിരറ്റസ് ബിഷപ് തോമസ് ആന്റണി വാഴപിള്ളിയുടെ കാലത്തുതന്നെ (2003-2017)രൂപതയുടെ ഇരുണ്ട ദിനങ്ങള്‍ ആരംഭിച്ചതായി വൈദികര്‍ കത്തില്‍ പറയുന്നു. അദ്ദേഹത്തിനു ശേഷം തങ്ങള്‍ക്ക് ബിഷപായി ലഭിച്ചത് അങ്ങേയറ്റം അധാര്‍മ്മികനും അഴിമതിക്കാരനും ആത്മീയത തൊട്ടുതീണ്ടാത്തവനും ഭൗതികവാദിയും ലൗകിക സുഖഭോഗങ്ങളുടെ പിന്നാലെ പോകുന്നവനും ദുഷ്‌പേര് കേള്‍പ്പിച്ചവനും ധിക്കാരിയും സേച്ഛാധിപതിയുമായ ഒരുവനേയാണ്.’

അതേസമയം, ആരോപണങ്ങള്‍ ബിഷപ് കെ.എ വില്യം നിരസിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യവുമായി ഒരു ബന്ധവുമില്ലാത്തവയാണെന്നും പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഈ ആരോപണങ്ങള്‍ തന്റെ യശസ്സ് മാത്രമല്ല തകര്‍ക്കുന്നത്, മൈസൂരു രൂപതയുടെയും ക്രിസ്ത്യന്‍ സമൂഹത്തിന്റെതും കൂടിയാണെന്നും ചെകുത്താനാണ് തന്നെ തകർക്കാൻ ഇതൊക്കെ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന ക്രിസ്ത്യാനികളുടെ സ്ഥിരം ഡയലോഗും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈസൂരു രൂപതയുടെ ഏഴാമത്തെ ബിഷപ് ആയി 2017 ജനുവരി 25നാണ് കെ.എ വില്യമിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. ഫെബ്രുവരി 27ന് അദ്ദേഹം അഭിഷിക്തനായി. കുടക് ജില്ലയിലെ പൊളിബെട്ട സ്വദേശിയാണ് ബിഷപ് വില്യം. കാനോന്‍ നിയമത്തിലും ക്രിസ്തീയതയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.