Fri. Nov 20th, 2026

അടിസ്ഥാന നയങ്ങളിലെന്ന പോലെ അടിച്ചമർത്തൽ നയത്തിലും മോദി സർക്കാരിന്റെ മാതൃകയാണ് പിണറായി വിജയൻ നടപ്പാക്കുന്നതെന്ന് സിപിഐ(എംഎൽ) റെഡ്സ്റ്റർ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ. അട്ടപ്പാടിയിൽ തണ്ടർബോൾട്ട് നടത്തിയ കൊലപാതകങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിൽ വെച്ച് ഒരു വനിത ഉൾപ്പെടെ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സൈനിക നടപടി ആധുനിക ലോകത്ത് നീതീകരിക്കാനാകാത്തതാണ്. പ്രാകൃതവും, നിന്ദ്യവുമായ ഈ കൂട്ടക്കൊലയെ മുഖ്യമന്തി നിയമ സഭയിൽ ന്യായീകരിച്ചത് അപലനീയമാണ്. 1970 ൽ വർഗ്ഗീസിനെ പോലീസ് വെടിവെച്ച് കൊന്നപ്പോൾ അന്നത്തെ നിയമസഭക്കകത്ത് പോലീസ് മന്ത്രി പറഞ്ഞ ന്യായമാണ് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ പറഞ്ഞതെന്ന് കെ.എൻ. രാമചന്ദ്രൻ പറഞ്ഞു. 

കേരളത്തിൽ മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിലെയോ മറ്റോ പോലെ പോലീസ് ക്യാമ്പുകൾ അക്രമിക്കുകയോ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന എന്തെങ്കിലും നടപടികളിൽ ഏർപ്പെട്ടിട്ടുള്ളതായി പോലീസ് കേന്ദ്രങ്ങൾ പോലും പരാതിപ്പെട്ടിട്ടില്ല. മാവോയിസ്റ്റ് വേട്ട എന്ന പേരിൽ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന പോലീസ് തുടരെ തുടരെയായി ഏറ്റുമുട്ടൽ എന്ന പേരിൽ മനുഷ്യരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം കൊലകളിലൂടെ സർക്കാർ തന്നെ നിയമ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്. അടിസ്ഥാന നയങ്ങളിലെന്ന പോലെ അടിച്ചമർത്തൽ നയത്തിലും മോദി സർക്കാരിന്റെ മാതൃകയാണ് പിണറായി വിജയൻ നടപ്പാക്കുന്നത്. അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് തെളിവുകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് സംഭവം അന്വേഷിപ്പിച്ച് കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എംഎൽ) റെഡ്‌ സ്റ്റാർ കേന്ദ്ര കമ്മിറ്റിക്കുവേണ്ടി ഡൽഹിയിൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ കെ.എൻ. രാമചന്ദൻ ആവശ്യപ്പെട്ടു.