Fri. Apr 19th, 2024

ലിബി. സി.എസ്

വെറും പ്ലസ് ടൂ കാരിയായ ഒരു സിനിമാ നടി കൊടുത്ത പരാതിയിൽ ഡിജിപി 24 മണിക്കൂറിനുള്ളിൽ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചു. ശ്രീകുമാര്‍ മേനോൻറെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും ആയിരുന്നു മഞ്ജുവിന്റെ പരാതി.എന്നാൽ ഒരു സ്ത്രീ അവരുടെ മകളുമായി യാതൊരു നിയമ ലംഘനങ്ങളും നടത്താതെ നിയമം അനുവദിക്കുന്ന ഒരു കാര്യം ചെയ്യാൻ ശ്രമിച്ചതിന് നാട്ടിലും വീട്ടിലും സ്വൈരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ യും തൊഴിലിടത്തിൽ ജോലി ചെയ്യാനും കുട്ടിയെ വിദ്യാഭ്യാസം ചെയ്യിപ്പാക്കാനും പറ്റാത്ത അവസ്ഥ കേരളത്തിലുണ്ടായി.ബിന്ദു തങ്കം കല്യാണിക്ക്. അവർ വെറുമൊരു സിനിമാനടിയോ നാടകനടിയോ മാത്രമല്ല ദളിത് വിഭാഗത്തിൽപ്പെട്ട എം.ഫിൽ ബിരുദധാരിയായ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥയായായിരുന്നു. അവർ ഈ ഡിജിപി മുതൽ എസ്‌ഐ വരെയുള്ള ഏമാന്മാർക്ക് നിരവധി പരാതികൾ കൊടുത്തിരുന്നു. പോലീസും അക്രമണകാരികളോടൊപ്പം കൂടി അതെല്ലാം ആസ്വദിക്കുന്ന കാഴ്ചയാണ് പാലക്കാട് കണ്ടത്.

ശബരിമലയിൽ പോയ മഞ്ജുവിന്റെ വീട് രണ്ടുതവണ ആക്രമിക്കപ്പെട്ടു. കൂടാതെ അപർണ്ണ ശിവകാമി, രാംദാസ് കതിരൂർ എന്നിവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. രേഷ്മാനിഷാന്തിന്റെയും ഷനിലയുടെയും വീടിനുനേരെ ആക്രമണം ഉണ്ടായി. ഭവനഭേദനം സെഷൻസ് ഒഫൻസും മഞ്ജു വാര്യർ നൽകിയ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുള്ള പരാതിയെക്കാൾ ഗൗരവമുള്ളതുമാണെന്ന് ആണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മഞ്ജുവിന്റെ കാര്യത്തിൽ ക്രൈം ഒന്നും നടന്നിട്ടില്ല. നടക്കാൻ പോകുന്നു എന്നാണ് പരാതി. അഞ്ച് ഭവനഭേദന കേസുകളിൽ ഒരുപ്രതിയെപ്പോലും വർഷം ഒന്നായിട്ടും പോലീസ് പിടികൂടിയിട്ടില്ല.

ബിന്ദു അമ്മിണിയുടേതെന്ന രീതിയിൽ രണ്ടു വ്യാജ ബ്ലൂഫിലിം വീഡിയോകൾ ആചാരസംരക്ഷകർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ ബിന്ദു അമ്മിണിക്കെതിരെ അപവാദകഥകൾ പ്രചരിപ്പിച്ചിരുന്നു. ഇവയ്‌ക്കെതിരെ ഇതേ ഡിജിപിക്കും അവിടുന്നു താഴോട്ടു കൊയിലണ്ടി പോലീസ്റ്റേഷനിൽ വരെ അവർ പരാതികൊടുത്തിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല.ഒരു സ്ത്രീക്കെതിരെ ഇതിൽക്കൂടുതൽ എന്ത് സൈബർ ക്രൈം ആണ് ചെയ്യാനാവുക? മുഖ്യമന്ത്രിയെ തെറിവിളിച്ചാൽ മാത്രം ഉടനെ പൊക്കുന്ന കേരള പൊലീസിന് ഇതുവരെ ഒരു പ്രതിയെയും കിട്ടിയില്ല. ചിന്താ ജെറോമിന്റെ ബ്ലൂഫിലിം വീഡിയോ ആയിരുന്നു ഇറങ്ങുന്നതെങ്കിലും കേരളാപോലീസ് ഈ നിലപാട് എടുക്കുമായിരുന്നോ എന്തോ? എന്തായാലും ബിന്ദു അമ്മിണി കൊടുത്ത പരാതിയിൽ അവർ തന്നെ ചിലരെ പിടിച്ച് കൈകാര്യം ചെയ്തതല്ലാതെ പോലീസ് ഒരു പ്രതിയെയും പിടിച്ചില്ല. ബിന്ദു അമ്മിണി എൽഎൽഎം ഉം നെറ്റ് ഉം ഉള്ള ഒരു ലോകോളേജ് അദ്ധ്യാപികയാണ്. പ്ലസ്‌ടു കരിയും സിനിമാ നടിയുമല്ല പോരാത്തതിന് വാരസ്യാരെപ്പോലെ വെളുത്തിട്ടുമല്ല നല്ല കറുത്ത നിറമാണ്. അതാണോ കേരളാപോലീസിന് പരാതിയിൽ ഗൗരവം തോന്നാതിരുന്നത് എന്നറിയില്ല.

ഇത് കേവലം ശബരിമലയിൽ പോയ സ്ത്രീകൾ മാത്രം നേരിടുന്ന നീതി നിഷേധമൊന്നുമല്ല. ഇപ്പോഴത്തെ ഡിജിപി ഏമാൻ ചാർജ്ജെടുത്ത ശേഷം ജിഷ്ണുവിന്റെ അമ്മ മഹിജ മുതൽ സിസ്റ്റർ ലൂസി വരെ ഇതുപോലെ നീതിനിഷേധിക്കപ്പെട്ട ഒരുപാടു സ്ത്രീകളുടെ വാർത്തകൾ നാം വായിച്ചു തള്ളിയിട്ടുണ്ടാകും.

ഇതിലെ ഇരകളെയെല്ലാം ശ്രദ്ധിച്ചാൽ അവർ ആക്രമിക്കപ്പെട്ടത് സംഘടിതരും ശക്തരുമായ ചിലരാൽ ആയിരുന്നു എന്നും എന്തുകൊണ്ടാണ് നീതി നിഷേധിക്കപ്പെടുന്നത് എന്നും വ്യക്തമാണ്. എന്നാൽ വാരസ്യാരെ പോലെയുള്ളവർ വ്യക്തിപരമായി പരാതി നൽകിയാലും തീരുമാനം ഉണ്ടാകും.

ഇവിടെയാണ് കേരള നവോത്ഥാനം ഉയർത്തിയ ‘സംഘടിച്ച് ശക്തരാവുക’ എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി. അങ്ങനെ കീഴാളൻ സംഘടിച്ചാൽ ഉള്ള ദോഷം മനസിലാക്കിയ ചിലർ അവർ ഒരിക്കലും സംഘടിക്കാതിരിക്കാനുള്ള പല പരിപാടികളും ആസൂത്രണം ചെയ്യുകയും സംഘാടനത്തെ എൻജിഒ കളെ ഉപയോഗിച്ച് ചെറു ചെറു മൈക്രോ യൂണിറ്റുകളാക്കി മാറ്റുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിനിടയിൽ ചില യുക്തിവാദികളും മനുഷ്യൻ സംഘടനയുണ്ടാക്കുന്നതിന്റെ കുഴപ്പങ്ങളുടെ യുക്തിയുമായി ഇറങ്ങിയിരിക്കുന്നതും കണ്ടു. എന്നാൽ കീഴാള ജനതയുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ശബ്ദങ്ങൾക്ക് അധികാരികൾ യാതൊരുവിലയും കൽപ്പിക്കില്ല എന്നതിന്റെയും വാരസ്യാർ മാരുടെയും തമ്പുരാക്കന്മാരുടെയും ഉപരിവർഗ്ഗത്തിന്റെയും വ്യക്തിപരമായ ശബ്ദങ്ങൾക്കും വിലയുണ്ടാകുമെന്നും ഉള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഞ്ജുവാര്യരുടെ പരാതിയിലുള്ള നടപടി.

അതുകൊണ്ട് ദളിതന്റെയും ആദിവാസിയുടെയും മറ്റ് കീഴാളരുടെയും വ്യക്തിപരമായ ശബ്ദങ്ങൾക്ക് യാതൊരു വിലയും ഇന്ത്യയെപ്പോലെ ബ്രാഹ്മണിസ്റ്റുകൾ വാഴുന്ന രാജ്യത്ത് ലഭിക്കുകയില്ല. സംഘടിതരായി നേടിയ അവകാശനങ്ങളല്ലാതെ ഈ വിഭാഗത്തിന് ഒന്നുമില്ല . ആ സംഘാടനത്തെ ഭയപ്പെടുന്നവർ പല കുയുക്തികളുമായും എത്തും എന്ന് തിരിച്ചറിയുക.

മഞ്ജു വാര്യർക്ക് നീതി ലഭിക്കരുത് എന്ന് ഉദ്ദേശിച്ചിട്ടില്ല. എന്നാൽ മഞ്ജു വരസ്യാർമാർക്കല്ലാതെ ഞങ്ങൾ നീതി കൊടുക്കില്ല എന്നത് എതിർക്കപ്പെടേണ്ടത് തന്നെയാണ്.

വാൽ കഷ്ണം: സ്ത്രീകൾക്ക് തൊഴിൽ സ്ഥലത്ത് ഇരിപ്പിടം ഉണ്ടായത്. ഒരു ദിവസം രാവിലെ എണീറ്റപ്പോൾ മന്ത്രിക്ക് വെളിപാടുണ്ടായതല്ല.വിജി പെൺകൂട്ടിൻറെ നേതൃത്വത്തിൽ സ്ത്രീകൾ പോരാടി നേടിയതാണ്.അന്നീ സമരത്തെ സപ്പോർട്ട് പോലും ചെയ്യാൻ തയ്യാറാകാതിരിക്കുകയും കല്യാൺ മുതലാളിക്കൊപ്പം നിൽക്കുകയും ചെയ്ത ഈ വാരസ്യാരെ തന്നെ ഈ പരസ്യത്തിന് തിരഞ്ഞെടുത്തത് ഉപദേശിമാരിലുള്ള അഗ്രഹാരകമ്മറ്റിയിലെ ആരെങ്കിലുമാണോ?