ഫാസിസത്തിനെതിരെ രാജ്യത്തെ വിവിധ കോണുകളിൽ നിന്നും എതിർപ്പുകൾ ഉയരുന്നുണ്ടെന്നും രാഷ്ട്രീയവും ആദർശങ്ങളും ചില വിശ്വാസങ്ങളും എതിരാണെങ്കിൽ പോലും ഒരു പൊതു മിനിമം പരിപാടിയുടെ പേരിൽ അത്തരം ശബ്ദങ്ങൾ ഒന്നിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ.കനയ്യകുമാർ പറഞ്ഞു. പാലക്കാട് ചിറ്റൂർ പാഞ്ചജന്യം ലൈബ്രറിയുടെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത്, പ്രഗതി തുടങ്ങി 12 ഓളം സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച രാഷ്ട്രീയ ശില്പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവുകളിലും കൃഷിയിടങ്ങളിലും സോഷ്യൽ മീഡിയകളിലും നടക്കുന്ന പ്രതിഷേധങ്ങളും സമരങ്ങളും വ്യത്യസ്തമാണെങ്കിലും പൊതു മിനിമം പരിപാടിയിലൂടെ ഇവ ഒന്നിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ഐക്യപ്പെടുന്നതിനും യുവാക്കൾ മുൻകൈയെടുക്കണമെന്നും കനയ്യകുമാർ പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം കമ്മ്യൂണിസ്റ്റ് ശബ്ദങ്ങൾ പല തട്ടിലേക്ക് മാറിക്കഴിഞ്ഞെങ്കിലും അങ്ങനെ നിൽക്കാതെ അവ ഒരുമിച്ച് ഒരേ വേദിയിൽ അണിനിരക്കേണ്ടത് രാജ്യത്ത് വളർന്നു വരുന്ന വർഗ്ഗീയ ഏകാധിപത്യത്തിന് അറുതി വരുത്താൻ ഇടയാക്കുമെന്നും കനയ്യകുമാർ പറഞ്ഞു. വിമർശിക്കുന്നവരെ അകറ്റി നിർത്താതെ പ്രശ്നങ്ങൾ പഠിക്കേണ്ടത് പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്തീകളെ മാറ്റി നിർത്തിക്കൊണ്ട് മുന്നേറാമെന്ന് ധരിക്കരുതെന്നും അവരെ കൂടെനിർത്തിയാവണം നമ്മുടെ വരുകാലം പോരാട്ടങ്ങളെന്നും കനയ്യകുമാർ പറഞ്ഞു. ജാതി-മത ശക്തികളെ അടിച്ചമർത്താൻ യുവജനപക്ഷ കൂട്ടായ്മകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന വായിക്കണം അതിന്റെ പുനർവായന നമ്മുടെ ചില ചിന്താഗതികളിൽ മാറ്റം വരുത്തുന്നതിന് ഇടയാക്കും. കൃഷി-വ്യവസായം തുടങ്ങി എല്ലാ മേഖലകളിൽ മുന്നേറുന്നതിന് ജാതി-ലിംഗ വിവേചനം ഉണ്ടാകരുതെന്നും പ്രത്യേകിച്ച് സ്ത്രീകളെ കൂടെനിർത്തുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ രാജാ ഹരിപ്രസാദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ രേഖാരാജ്, കെ കെ ഷാഹിന, കെ ജയദേവൻ എന്നിവർ സംസാരിച്ചു.