Sun. Nov 22nd, 2026

പിഎസ്‌സി നടത്തിയ എപിപി (അസിസ്്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍) പരീക്ഷയില്‍ നൂറ് ചോദ്യങ്ങളില്‍ 80 എണ്ണവും ഒരേ ഗൈഡില്‍ നിന്നെന്ന് ആരോപണം. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളാണ് ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. തെളിവുകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പിഎസ്‌സി സംഭവത്തിനു നേരെ കണ്ണടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 22 നാണ് പിഎസ് സി എപിപി പരീക്ഷ നടത്തിയത്. ചോദ്യപേപ്പറിലെ 80 ചോദ്യങ്ങളും വന്നത് യൂണിവേഴ്‌സല്‍ പബ്ലിക്കേഷന്‍സിന്റെ പഠനസഹായിയില്‍ നിന്നുമാണെന്നാണ് ആക്ഷേപം. 80 എണ്ണവും ചോദ്യത്തില്‍ ഒരു പേരിനു പോലും മാറ്റമില്ലാതെ അതേപടി പകര്‍ത്തിയതിനു പിന്നില്‍ അസ്വാഭാവികതയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

ഒരു ഗൈഡില്‍ നിന്നു തന്നെ ചോദ്യങ്ങള്‍ ചോദിച്ച സംഭവം മുമ്പുണ്ടായപ്പോള്‍ പിഎസ് സി പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. പരീക്ഷയെഴുതിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗൈഡില്‍ നിന്നാണ് ചോദ്യങ്ങള്‍ വരികയെന്ന സൂചന നേരത്തെ കിട്ടിയിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബയൂണലിലടക്കം ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതി നിലനില്‍ക്കെ പിഎസ്‌സി നിയമന നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ്.