നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതി എസ്ഐ സാബു തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍.
എസ്പി കെ ബി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്നും ചോദ്യം ചെയ്തതെന്നും എസ്ഐ സാബു വെളിപ്പെടുത്തി. ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ് പിയുടെ നിര്‍ദ്ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐ പറയുന്നു. തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് എസ്ഐ സാബുവിന്റെ വെളിപ്പെടുത്തല്‍.
കേസില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ നേരത്തെ തല്‍സ്ഥാനത്തുനിന്ന് ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയിരുന്നു.ഇതിനിടെ, സംഭവത്തില്‍ പീരുമേട് സബ്ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന് ബോസ്കോയെ ജയില്‍ മേധാവി സസ്പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്ഡന് സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.