Sat. Nov 21st, 2026

കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിലെത്തിയ ജര്‍മന്‍ യുവതിയെകാണാനില്ലെന്നു പരാതി..ലിസ വെയ്‌സ് എന്ന ജര്‍മന്‍ സ്വദേശിനിയെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് പരാതി നല്‍കി.. മാര്‍ച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയില്‍ പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് അറിയിച്ചു.

തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശംഖുമുഖം എഎസ്‌പി ആര്‍. ഇളങ്കോയ്ക്കാണ് അന്വേഷണച്ചുമതല.മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്‌സിനെ സംബന്ധിച്ച്‌ മാതാവ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച്‌ അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ മാര്‍ച്ച്‌ ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് എവിടെയെന്നു വിവരമില്ല. ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ കേരളത്തില്‍ എത്തുമ്പോൾ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി ലിവരം ലഭിച്ചു. എന്നാല്‍ ഇയാള്‍ മാര്‍ച്ച്‌ 15-ന് തിരികെപോയതായും അന്വേഷണത്തില്‍ വ്യക്തമായി.

ഇരുവരുടെയും യാത്രാ രേഖകളില്‍ കൊല്ലം അമൃതപുരി എന്ന മേല്‍വിലാസം നല്‍കിയിട്ടുണ്ട്. അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലാത്വിയ സ്വദേശിനിയായ യുവതിയെ കോവളത്തുനിന്നു കാണാതാവുകയും ഒരു മാസത്തിനുശേഷം ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.