‘ദേശീയ മുസ്ലീം’ എന്ന പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ട്രോളിയവരെല്ലാം ചരിത്ര ബോധമില്ലാത്തവരാണെന്ന് എ പി അബ്ദുള്ളക്കുട്ടി. ‘ദേശീയ മുസ്ലീം’ എന്ന് കേട്ടതിന് പിന്നാലെ ‘ദേശീയ പക്ഷി’, ‘ദേശീയ മൃഗം’ എന്നൊക്കെ തന്നെ കളിയാക്കിയ ട്രോളന്മാരായ ‘പഹയന്മാര് ദേശീയ പുഷ്പം’ ഏതെന്ന് കേട്ടിട്ടില്ലേ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. ദേശീയ പുഷ്പത്തിന്റെ സ്വന്തം പാര്‍ട്ടിയിലെത്തിയ ദേശീയ മുസ്ലീം ആണ് താന്‍ എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്ന എ.പി അബ്ദുള്ളക്കുട്ടിക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ചില മാധ്യമങ്ങളില്‍ അവതാരകരും സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും എന്നെ കളിയാക്കി. സംസ്ഥാന മുസ്ലീം, പഞ്ചായത്ത് മുസ്ലീം അങ്ങനെ വല്ല വേര്‍തിരിവുമുണ്ടോ എന്ന്.. ദേശീയ മുസ്ലീം എന്ന് ഞാന്‍ ബോധപൂര്‍വം വിളിച്ചതാണ്. പണ്ട് സ്വാതന്ത്ര്യ സമരകാലത്ത് ജിന്ന വിഭജനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിയപ്പോള്‍ എതിര്‍ത്ത ഖാന് അബ്ദുള്‍ ഗഫൂര്‍ ഖാനെപ്പോലെ, അബ്ദുള്‍ കലാം ആസാദിനെപ്പോലെ ഞാനിപ്പോള്‍, ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലീമായാണ് നിലനില്‍ക്കുന്നത്”, എന്ന് അബ്ദുള്ളക്കുട്ടി.
ബിജെപി അംഗത്വം സ്വീകരിച്ച ശേഷമായിരുന്നു താന്‍ ദേശീയ മുസ്ലീമായി എന്ന അബ്ദുള്ളക്കുട്ടി വിവാദ പ്രതികരണം. മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് നികത്താനായി താന്‍ ഇനി പ്രവര്‍ത്തിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.