മലപ്പുറം പെരിന്തല്‍മണ്ണയിൽ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പാതായ്ക്കര ചുണ്ടപറ്റ നാഷിദ്അലി (20 )ക്കാണ് മര്‍ദ്ദനേറ്റത്. നാഷിദിനെ റെയില്‍വേ ട്രാക്കിലിട്ട് ഇരുമ്പുവടികൊണ്ട് കൈകാലുകള്‍ തല്ലിയൊടിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്ന് യുവാവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. നാഷിദിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുപോയി ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനത്തില്‍ നാഷിദിന്റെ കൈകാലുകള്‍ ഒടിഞ്ഞു. ആളൊഴിഞ്ഞ കെട്ടിടത്തില്‍ മണിക്കൂറുകളോളം തലകീഴായി കെട്ടിത്തൂക്കി ശരീരമാകെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചതായും നാഷിദ് പൊലീസിനോട് പറഞ്ഞു. പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നിരന്തരമായി ഭീഷണി ഉണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവ് പറഞ്ഞു. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു. ഗുതരമായി പരിക്കേറ്റ നാഷിദ് അലിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
