സെപ്റ്റംബർ 28ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് 10നും 50നും ഇടയ്ക്ക് പ്രായമുള്ള ആക്ടിവിസ്റ്റുകൾക്ക് മല ചവിട്ടാം. കലിയുഗവരദനെ തൊഴുത് സായൂജ്യമടയാം. പൊലീസ് അവർക്ക് സംരക്ഷണം നൽകും, തടയുന്നവരെ തല്ലും- ജയശങ്കർ പറഞ്ഞു. മകരവിളക്ക് കഴിഞ്ഞ് നടയടച്ച ശേഷമേ പുനപരിശോധന ഹർജികൾ വാദം കേൾക്കുകയുള്ളു. അതുവരെ ബി.ജെ.പിക്കും കോൺഗ്രസിനും സമരം തുടരാമെന്നും ശബരിമല യുവതി പ്രവേശനവിഷയവുമായി ബന്ധപ്പെട്ട വിധി സുപ്രീം കോടതി പുനപരിശോധിക്കാൻ തീരുമാനിച്ച ഉത്തരവിൽ പ്രതികരിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായഅഡ്വ.ജയശങ്കർ.
പുനപരിശോധന ഹർജിയിൽ തീരുമാനമാകുമ്പോഴേക്കും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ബാക്കി ജനങ്ങൾ തീരുമാനിക്കുമെന്നും ജയശങ്കർ പറഞ്ഞു. ശബരിമല കേസിൽ ആരും തോറ്റിട്ടില്ല. എല്ലാവരും ജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശബരിമല കേസിൽ ആരും തോറ്റില്ല; എല്ലാവരും ജയിച്ചു.
മകരവിളക്ക് കഴിഞ്ഞു നടയടച്ച ശേഷമേ പുന:പരിശോധന ഹർജികൾ വാദം കേൾക്കുകയുളളൂ. അതുവരെ ബിജെപിക്കും കോൺഗ്രസിനും സമരം തുടരാം. നാമജപയജ്ഞത്തിനും കാണിക്ക ചലഞ്ചിനും വിലക്കില്ല.
സെപ്റ്റംബർ 28ലെ വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് 10നും 50നുമിടയ്ക്കു പ്രായമുള്ള ആക്ടിവിസ്റ്റുകൾക്ക് മലചവിട്ടാം, കലിയുഗവരദനെ തൊഴുതു സായൂജ്യമടയാം. പോലീസ് അവർക്കു സംരക്ഷണം നൽകും, തടയുന്നവരെ തല്ലും.
ഇടതുപക്ഷ പാർട്ടികളുടെ നവോത്ഥാന സദസ്സുകളും നിർബാധം നടക്കും. സാംസ്കാരിക നായികാ നായകർ തുടർന്നും പ്രഭാഷണം നടത്തും.
പുന:പരിശോധന ഹർജിയിൽ തീരുമാനമാകുമ്പോഴേക്കും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ബാക്കി ജനങ്ങൾ തീരുമാനിക്കും.
ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ!