സുപ്രീം കോടതിയുടെ ശബരിമല വിധിയ്ക്കെതിരെ അഡ്വ. പി എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തായതോടെ അദ്ദേഹത്തിനെതിരെ കോടതി അലക്ഷ്യക്കേസ് ശക്തമാകുമെന്നും വക്കീൽ സന്നത് നഷ്ടപ്പെടുമെന്നും നിയമ വൃത്തങ്ങൾ.
“പൂട്ടിയിട്ടാൽ കോടതി അലക്ഷ്യമാകില്ലേ, കോടതി വിധി ലംഘിച്ചു എന്ന് വരില്ലേ എന്ന് തന്ത്രി ചോദിച്ചു. തിരുമേനി ഒറ്റക്കല്ല, കൺടംപ്റ്റ് ഓഫ് കോർട്ട് നിൽക്കില്ല. അഥവാ കൺടംപ്റ്റ് ഓഫ് കോർട്ട് എടുക്കുന്നെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക, പതിനായിരക്കണക്കിന് ആളുണ്ടാകും കൂട്ടത്തിൽ. അപ്പോൾ തന്ത്രി പറഞ്ഞു, എനിക്ക് സാർ പറഞ്ഞ ആ ഒറ്റ വാക്കു മതി, ദൃഢമായ തീരുമാനം എടുത്തു.”
“നമ്മൾ ഒരു അജണ്ട മുന്നോട്ടു വച്ചു. ആ അജണ്ടയ്ക്ക് മുന്നിൽ ഓരോരുത്തരായി വീണു. ഒടുവിൽ നമ്മളും എതിരെ ഭരണകൂടവും മാത്രം” അദ്ദേഹം പറഞ്ഞു.
തന്ത്രി മറ്റൊരാളുടെ ഫോണിൽ നിന്ന് വിളിച്ചുവെന്നും തന്റെ ധൈര്യത്തിലാണ് ശബരിമലയിൽ യുവതി പ്രവേശിച്ചാൽ നട അടയ്ക്കുമെന്നു തന്ത്രി പ്രഖ്യാപിച്ചതെന്നും ശ്രീധരൻപിള്ള ശബ്ദരേഖയിൽ പറയുന്നു. തന്ത്രി സമൂഹത്തിനു കൂടുതൽ വിശ്വാസം ബിജെപിയിലും പ്രത്യേകിച്ചും സംസ്ഥാന അധ്യക്ഷനായ തന്നിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച പ്രവർത്തക സമിതി യോഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം. അവിടെ തടയാൻ നേതൃത്വം നൽകിയത് യുവമോർച്ച ജില്ലാ സെക്രട്ടറി ആണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര് എന്നിവർക്കെതിരെ കോടതി അലക്ഷ്യത്തിനു ഇപ്പോൾ കേസ് നൽകിയിട്ടുണ്ട്. കോടതിയിൽ പ്രാക്ടീസ് ചെയ്യാനുള്ള ശ്രീധരൻ പിള്ളയുടെ സന്നത് റദ്ദാക്കണമെന്ന അപേക്ഷ ഇപ്പോൾ അഡിഷണൽ സോളിസിറ്റർ ജനറലിന്റെ പരിഗണയിലാണ്. അദ്ദേഹമത് നിരസിച്ചാലും പരാതിക്കാരായ ഡോ. ഗീനാകുമാരി, അഡ്വ. വർഷ എന്നിവർക്ക് നേരിട്ട് കോടതിയെ സമീപിക്കാം.
സുപ്രീം കോടതി വിധിക്കെതിരെ സീനിയർ അഭിഭാഷകൻ കൂടിയായ ശ്രീധരൻപിള്ള തന്ത്രിയുടെ സഹായത്തോടെ അജണ്ട നടപ്പാക്കി എന്നു വെളിപ്പെടുത്തിയത് ഇരുവർക്കുമെതിരെ ശക്തമായ തെളിവാകും.
ഇന്നുച്ചയ്ക്ക് ശേഷം ഇതേക്കുറിച്ചു വിശദീകരിക്കാൻ ശ്രീധരൻപിള്ള വിളിച്ച പത്രസമ്മേളനത്തിൽ തന്റെ പ്രസംഗം വിവാദമാക്കിയതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി പറഞ്ഞു. സിപിഐ എം ഫ്രാക്ഷനിൽ പെട്ട മാധ്യമ പ്രവർത്തകരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരു കക്ഷിയും അയാളുടെ അഭിഭാഷകനും തമ്മിൽ നടക്കുന്ന സംഭാഷണം കോടതിയിൽ തെളിവാകില്ലെന്നു അദ്ദേഹം പറഞ്ഞു. Legal opininon privileged communication ആണ്.
ശബരിമല വിധി ബിജെപിക്ക് വീണുകിട്ടിയ ഗോൾഡൻ ഓപ്പർച്യൂണിറ്റി ആണെന്ന് തന്റെ പ്രസംഗത്തിൽ പറഞ്ഞത് ‘ജനങ്ങളെ സേവിക്കാൻ ഉള്ള അവസരമെന്നാണ്’ ഉദ്ദേശിച്ചത്. “ഞാൻ ഇന്നുവരെ സുപ്രീം കോടതി വിധിയ്ക്കെതിരെ ഒരിടത്തും പറഞ്ഞിട്ടില്ല”
? “അപ്പോൾ ശബരിമലയിൽ സമരം നടത്തുന്നതോ…?”
“അത് ശബരിമലയെ തകർക്കാൻ സിപിഐ എം ശ്രമിക്കുന്നതിനെതിരെയാണ്”
? “അപ്പോൾ സുപ്രീം കോടതി വിധിയ്ക്കെതിരെയല്ല …?”
“എന്ന് നിങ്ങളുടെ നിലപാടാണ്”
? “അപ്പോൾ സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള നിലപാടെന്താ?”
“സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള നിലപാട് പറയേണ്ടപ്പോൾ പറയാം”
ശ്രീധരൻപിള്ളയുടെ വാക്കുകൾ ഇങ്ങനെ:
ശബരിമലയിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്ന സാഹചര്യത്തിൽ തന്ത്രി കണ്ഠരര് രാജീവരര് തന്നെ വിളിച്ചിരുന്നു. നട അടച്ചാൽ കോടതി അലക്ഷ്യമാകില്ലേ അന്ന് അദ്ദേഹം ചോദിച്ചു. കോടതി അലക്ഷ്യമായാലും തന്ത്രി ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങൾ കൂടെയുണ്ടാകുമെന്നും ഉറപ്പ് നൽകി. സാറിന്റെ വാക്കുകൾ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞാണ് അദ്ദേഹം ഫോൺ വച്ചത്. ശബരിമല പ്രശ്നം നമുക്കൊരു സുവർണ അവസരമാണ്. ഈ അവസരം പരമാവധി വിനിയോഗിക്കണം. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അതേസമയം, ഒരു അഭിഭാഷകനെന്ന നിലയിൽ തന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കോടതി അലക്ഷ്യക്കേസിൽ തന്ത്രിക്കും കുടുംബത്തിനും സഹായം നൽകുമെന്നും ശ്രീധരൻപിള്ള പിന്നീട് പ്രതികരിച്ചു. തന്ത്രി അടക്കം നിരവധി പേർ തന്നോട് നിയമസഹായം തേടി വിളിച്ചിട്ടുണ്ട്. ഇവരോടൊക്കെ സംസാരിച്ചിട്ടുമുണ്ട്. തനിക്കെതിരായ കോടതി അലക്ഷ്യക്കേസിന് പിന്നിൽ സി.പി.എമ്മാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ ഇടപെട്ടാണ് തനിക്കെതിരെ കേസ് കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
https://newsgil.in/en/2018/06/18/psc-coaching-classes/