✍️ പി പി സുമനൻ
വി. എസ് എന്ന കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച രണ്ടക്ഷരത്തിന് ഇന്ന് 95 വയസ് തികയുന്നു. ആലപ്പുഴ പറവൂർ Govt: H. S. ലെ എൻറെ വിദ്യാർത്ഥികളായിരുന്നു വിഎസിൻറെ മക്കൾ ആശയും, അരുൺ കുമാറും, കൂടാതെ എൻറെ സഹധർമ്മിണിയും വി. എസ് ൻറെ ഭാര്യയും ആലപ്പുഴ മെഡിക്കൽ കോളേജിൽ സഹപ്രവർത്തകരും ആയിരുന്നു.
ആലപ്പുഴയിലെ പുന്നപ്ര പ്രൈമറി പള്ളിക്കൂടത്തിൽ നിന്ന് മൂന്നാം ക്ലാസ് കഴിഞ്ഞപ്പൊൾ വേലിക്കകത്ത് അയ്യൻ ശങ്കരൻ മകനെ കളർകോട് യുപിഎസിൽ ചേർത്തു. സവർണമേധാവിത്വം കൊടുമ്പിരി കൊണ്ടിരുന്ന കളർകോട്ടെ പള്ളിക്കൂടത്തിലെത്തിയ പിന്നോക്കക്കാരൻ കുട്ടിയെ സവർണ കുട്ടികൾ തല്ലി. വീട്ടിലെത്തി അച്ഛൻ അയ്യൻ ശങ്കരനോട് മകൻ ശങ്കരൻ അച്ചുതാനന്ദൻ വിവരം പറഞ്ഞു.
അയ്യൻ ശങ്കരൻ അരയിലൊരു പിടി അരഞ്ഞാണം കെട്ടി കൊടുത്തിട്ട് പറഞ്ഞു, നാളെ ആരെങ്കിലും അടിച്ചാൽ പിടി അരഞ്ഞാണമൂരി തിരിച്ചടിച്ചോളാൻ. പിറ്റേന്ന് അത് തന്നെ സംഭവിച്ചു. തല്ലിയവനെ തിരിച്ചടിച്ചു…
കലഹവും സമരവും അവിടെ തുടങ്ങുകയായിരുന്നു…
അതിനിടെ നാലാം വയസിൽ അമ്മ അക്കമ്മ വസൂരി പിടിപെട്ട് മരിച്ചു.വയലിനക്കരെ ഒരു ചെറ്റകുടിലിൽ പാർപ്പിച്ച പെറ്റമ്മയുടെ അന്ത്യ മണിക്കൂറുകൾ കാതങ്ങൾ മാറി നിന്ന് ഓലക്കീറിന് ഇടയിലൂടെ നോക്കിക്കണ്ട അവൻ അന്നേ ഒരുകാര്യം കൂടി തിരിച്ചറിയുകയായിരുന്നു, ഈ ദൈവം എന്നൊന്നില്ലെന്ന്.
പതിനൊന്നാം വയസിൽ അച്ഛൻ അയ്യൻ ശങ്കരനും കൂടി പോയതോടെ അവൻ അനാഥൻ ആയി.
സ്വാതന്ത്ര്യ സമരത്തിലാകൃഷ്ടനായി1938 ൽ പതിനഞ്ചാം വയസിൽ സ്റ്റേറ്റ് കോൺഗ്രസിലംഗമായി.
രണ്ടുവർഷത്തിനു ശേഷം 1940 ൽ ആ കൗമാരക്കാരൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.
കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ പി.കൃഷ്ണപിള്ള അയാളെ നിയോഗിച്ചു.
1946ൽ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. തുടർന്ന് ഒളിവിൽ പോയ 23 കാരനെ പൂഞ്ഞാറിൽ വച്ച് സർ സി.പിയുടെ പൊലീസ് പിടിച്ചു. അടിച്ചും ഇടിച്ചും തൊഴിച്ചും ക്രൂരമായ ലോക്കപ്പ് മർദ്ദനം. അഴികൾക്കിടയിലൂടെ കാലുകൾ പുറത്തേക്ക് വലിച്ച് ലാത്തിയും കയറും കൊണ്ട് കെട്ടി കാലിൻ്റെ വെള്ളയിൽ പൊതിരെ അടി. കൂസുന്നില്ലെന്ന് കണ്ടപ്പൊ അരിശം മൂത്തൊരു പൊലീസുകാരൻ തോക്കിൻ്റെ ബയണറ്റ് കാൽ വെള്ളയിലേക്ക് കുത്തിക്കയറ്റി.ലോക്കപ്പും സ്റ്റേഷനും രക്തകളമായി. ബോധരഹിതനായ ചെറുപ്പക്കാരൻ മരിച്ചെന്ന് കരുതി കാട്ടിൽ തള്ളാൻ നിർദേശം. കാട്ടിലേക്ക് പോകും വഴി വണ്ടിയിലുണ്ടായിരുന്ന കള്ളൻ കോലപ്പൻ ഒരു ഞെരുക്കം കേൾക്കുന്നു. പിന്നാലെ കോലപ്പൻ വിളിച്ചു പറഞ്ഞു…
“സാർ ഇയാൾ മരിച്ചിട്ടില്ല…”
ബയണറ്റ് തുളഞ്ഞ് ഇപ്പുറത്ത് വന്നതിൻ്റെ പാട് വി.എസിൻ്റെ കാലിൽ ഇപ്പോഴുമുണ്ട്.
കടപ്പാട്: സമരം തന്നെ ജീവിതം.
പ്രിയ സുഹൃത്തിന് 95 ആം ജന്മദിനാശംസകൾ!


