കന്യാസ്ത്രീകള്‍ രണ്ടാംഘട്ട സമരത്തിലേക്ക്; പാലായിലെ യേശുവിനെ കാണാൻ രാഷ്ട്രീയക്കാരുടെയും ബിഷപ്പുമാരുടെയും നീണ്ട ക്യൂ; സഭ വീണ്ടും അപമാനിക്കുന്നു
പീഡനത്തിനിരയായ കന്യാസ്ത്രീയെ സഭ വീണ്ടും അപമാനിക്കാനുള്ള നീക്കം നടത്തുകയാണെന്ന് ആരോപിച്ച് രണ്ടാം ഘട്ട സമരത്തിന് കന്യാസ്ത്രീകള്‍ ഒരുങ്ങുന്നു. ബിഷപ്പ് ഫ്രാങ്കോയെ രാഷ്ട്രീയനേതാക്കൾ ജയിലിൽ സന്ദർശിക്കുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും തീരുമാനമുണ്ട്.ഫ്രാങ്കോ രാവിലെ മുതൽ മുഴുവൻ സമയവും സന്ദർശകരെ കാണാനെന്നപേരിൽ സെല്ലിന് വെളിയിലാണെന്ന് പാലാ സബ്ജയിലിൽ നിന്നു കേസിന് കോടതിയിൽ കൊണ്ടുവന്ന ഫ്രാങ്കോയുടെ ഇൻ മേറ്റ്സ് ആയ തടവുകാർ പറയുന്നു.
മറ്റുള്ള തടവുകാരെ സന്ദർശിക്കാൻ രക്തബന്ധമുള്ളവരെ മാത്രം ഐഡികാർഡും രേഖകളുമൊക്കെ വാങ്ങി പരിമിതമായ സമയം മാത്രം അനുവദിക്കുമ്പോൾ ഫ്രാങ്കോ വിവിഐപിയെപ്പോലെ രാഷ്ട്രീയക്കാർക്കും ബിഷപ്പുമാർക്കു വൈദീകർക്കും വൈകുന്നേരം വരെ ദിവ്യദർശനം നൽകിക്കൊണ്ടിരിക്കുകയാണ്.. നിസാരകേസിൽ പെട്ടുകിടക്കുന്നവർക്ക് പോലും ലഭിക്കാത്ത പരിഗണനകളാണ് ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് ജയിലിൽ ലഭിക്കുന്നത്.
സേവ് അവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരപ്രഖ്യാപനവും സ്ത്രീസംഗമവും എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നടന്നു. മറ്റ് ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
പൊതുവേദികളിൽ കന്യാസ്ത്രീകൾക്കെതിരേ മോശം പരാമർശം നടത്തുന്ന പി.സി. ജോർജിനെ ഉപരോധിക്കാനും തീരുമാനിച്ചു. പി.സി ജോർജിനെതിരേ കുറ്റപത്രം തയ്യാറാക്കും. സംസ്ഥാനവ്യാപകമായി ഒപ്പുശേഖരണം നടത്തി നിയമസഭാ സ്പീക്കർക്ക് നൽകാനും യോഗം തീരുമാനിച്ചു. ബിഷപ്പിനെതിരേ കന്യാസ്ത്രീ നടത്തിയ ലൈംഗികാരോപണത്തില്‍ കന്യാസ്ത്രീയ്ക്കെതിരേ പിസി ജോര്‍ജ്ജ് എംഎല്‍എ പരസ്യമായ നിലപാട് എടുത്തിരുന്നു.
കന്യാസ്ത്രീയ്ക്കെതിരേ അധിക്ഷേപം നടത്തുകയും വിവിധ ചാനല്‍ ചര്‍ച്ചകളില്‍ അക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡില്‍ ആയിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തി നേരത്തേ കെ എം മാണി എംഎല്‍എ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. രാഷ്ട്രീയക്കാരുടെ ജയില്‍ സന്ദര്‍ശനം കന്യാസ്ത്രീ നല്കിയ പരാതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
