കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത് . കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയാണ് കന്യാസ്ത്രീ. കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ആരോപിച്ചു. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ബിഷപ്പിന്റെ ആരോപണങ്ങൾ.
കന്യാസ്ത്രീയും കുടുംബവും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തി. കേരളത്തിൽ കാലുകുത്തിയാൽ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. മഠത്തിലെ ശല്യക്കാരിയായതിനാൽ കന്യാസ്ത്രീയെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. ഇതാണ് തന്നോട് കന്യാസ്ത്രീയ്ക്ക് വിരോധം ഉണ്ടാകാൻ കാരണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
തനിക്കെതിരെ പൊലീസിന് നൽകിയ ആദ്യമൊഴിയിൽ ലൈംഗികമായി പഡീപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. കന്യാസ്ത്രീ നൽകിയ മൊഴികൾ പരസ്പരവിരുദ്ധമാണെന്ന് പൊലീസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തോട് താൻ പൂർണമായും സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
തന്റെ കേസിൽ ഇപ്പോൾ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. ഒരു വിഭാഗം മാദ്ധ്യമങ്ങൾ തന്നെ ക്രൂശിക്കാൻ നിരന്തരം ശ്രമിക്കുകയാണെന്നും ബിഷപ്പ് ആരോപിച്ചു.