Fri. Mar 29th, 2024

തിരുവനന്തപുരം തുമ്പ പോലീസ് സ്റ്റേഷൻ സ്ത്രീ സുരക്ഷയ്ക്ക് മാതൃകയായി. വീടു കയറി ആക്രമിച്ച ഗുണ്ടാസംഘത്തിനെതിരെ പരാതിയുമായെത്തിയ യുവതിയെ പൊലീസുകാർ തല്ലിച്ചതച്ച് രണ്ടു ദിവസം സ്റ്റേഷനിലിരുത്തി . കുളത്തൂർ പുതുവൽ മണക്കാട് വീട്ടിൽ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീത (32) യുടേതാണ് പരാതി. മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുമ്പ എസ്.ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് ആക്ഷേപം. പൊലീസ് കംപ്ളെയിന്റ് അതോറിട്ടിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ 31നാണ് സംഭവം. യുവതിയും കുട്ടികളും താമസിക്കുന്ന വാടകവീട്ടിൽ വെളുപ്പിന് 5.45ന് ആട്ടോയിലെത്തിയ മൂന്നംഗ സംഘം, വീട്ടുടമയെ അന്വേഷിച്ചു. നിങ്ങളാരാണെന്ന് തിരക്കിയപ്പോൾ മൂന്നുപേരും ചേർന്ന് മർദ്ദിച്ചു. യുവതി നിലവിളിച്ചതോടെ സംഘം രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ വീട്ടുടമ, പൊലീസിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചു. എന്നാൽ പൊലീസ്സ്റ്റേഷനിൽ ഒറ്റയ്ക്ക് പോകാൻ യുവതി ആദ്യം വിസമ്മതിച്ചു.

വീട്ടുടമയും ബന്ധുക്കളും തമ്മിൽ സ്വത്തുതർക്കത്തിൽ കേസുണ്ട്. തുമ്പ പൊലീസും കേസെടുത്തിട്ടുണ്ട്. ഇതിൽപ്പെട്ട പ്രതികളാണ് വാടകയ്ക്ക് നൽകിയ വീട്ടിൽ തന്നെ അന്വേഷിച്ചെത്തിയതെന്ന് മനസിലാക്കിയ വീട്ടുടമ, തുമ്പ സ്റ്റേഷനിലെത്തി. വാടകക്കാരിയെ സംഘം മർദ്ദിച്ച വിവരം അറിയിച്ചു. സ്ത്രീയെ മർദ്ദിച്ചെങ്കിൽ ഉടൻ പരാതിപ്പെടണമെന്ന് ക്രൈം എസ്.ഐ കുമാരൻ പറഞ്ഞു.

തുടർന്ന് യുവതി സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങി. ഞായറാഴ്ച രാത്രിയിൽ അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ്, പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്താൻ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളിൽ ഒരാളെ യുവതി തിരിച്ചറിഞ്ഞു. എന്നാൽ, വീട്ടുടമ യുവതിയെ കൊണ്ട് പ്രതികളെ ബോധപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് പൊലീസ് തട്ടിക്കയറുകയും, പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു.

യുവതിയെ പോകാൻ അനുവദിച്ചില്ല. രാത്രി 11.30 വരെ സ്റ്റേഷൻഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. വീട്ടുടമയ്ക്കെതിരെ യുവതിയെക്കൊണ്ട് നിർബന്ധപൂർവം മൊഴി രേഖപ്പെടുത്തി. 24 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെയോ മറ്റുള്ളവരെയോ വിവരം അറിയിച്ചതുമില്ല. യുവതിയുടെ ഫോൺ പൊലീസുകാർ വാങ്ങിവച്ചിരുന്നു. രാത്രി 12.30ന് മകളെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ കാൻസർ രോഗിയായ അമ്മയോട്, മകളെ പറഞ്ഞുവിട്ടുവെന്ന് എസ്.ഐ പ്രതാപചന്ദ്രൻ പറഞ്ഞു. മ

കളെ കാണാതെ ചൊവ്വാഴ്ച രാവിലെ വീണ്ടും സ്റ്റേഷനിലെത്തിയ അമ്മ, സ്റ്റേഷന്റെ ഒരു മൂലയിൽ കുറ്റവാളിയെപ്പോലെ നിറുത്തിയിരിക്കുന്ന മകളെയാണ് കണ്ടത്. ചൊവ്വാഴ്ച രാത്രിയായിട്ടും യുവതിയെ വിട്ടയയ്ക്കാത്തതിനെ തുടർന്ന് ബന്ധുക്കളും വാർഡ് കൗൺസിലറും ഇടപെട്ടു. ദേഹമാസകലം മർദ്ദനത്തിന്റെ പാടുകളുമായി രാത്രി 12 മണിയോടെ സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയെ ഒരു വനിതാ പൊലീസിനെ വരുത്തി പൊലീസ് ജീപ്പിൽ ബന്ധുവീട്ടിലെത്തിച്ച് പൊലീസുകാർ മുങ്ങി. തുടർന്നാണ് ബന്ധുക്കൾ യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്റ്റേഷനിൽവച്ച് കേസ് ഒത്തുതീർപ്പാക്കണമെന്നും അവരൊക്കെ വലിയ ആളുകളാണെന്നും, ആരും ആക്രമിച്ചില്ല, വെറുതേ പരാതി നൽകിയതാണെന്നും എസ്.ഐയോട് പറയാൻ പൊലീസുകാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വർഷങ്ങളോളം കോടതി കയറേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. മണൽ മാഫിയകളുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് നാട്ടുകാർ പറയുന്നത്’.എന്ന് മർദ്ദനത്തിനിരയായ യുവതി പറയുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913