Wed. Apr 24th, 2024

ഷൊർണ്ണൂർ എം. എൽ. എ പി.കെ.ശശിക്കെതിരെ ഡി.വൈ.എഫ് ഐ വനിതാ നേതാവ് നൽകിയ പരാതി സി.പി.എം നേതൃത്വം പൊലീസിന് കൈമാറാഞ്ഞത് കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിക്കുന്നതിന് തുല്യമാണെന്ന് റിട്ട.ജസ്റ്റീസ് കമാൽ പാഷ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 201ആം വകുപ്പ് പ്രകാരം കേസെടുക്കാവുന്ന പ്രവൃത്തിയാണ് പരാതി പൊലീസിന് കൈമാറാത്തതിലൂടെ സി.പി.എം നേതാക്കൾ ചെയ്തതെന്ന് അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

പാർട്ടിക്ക് കേസന്വേഷിക്കാൻ അധികാരമില്ല. നീതി നിർവഹണ സംവിധാനം പാർട്ടികളുടെയും സഭയുടെയും പരിധിക്ക് പുറത്തുള്ളവർക്ക് വേണ്ടി മാത്രമല്ല. ഇക്കാര്യം പാർട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കണം. ഞങ്ങൾ ചെയ്യും, ഞങ്ങൾ അന്വേഷിക്കും, ഞങ്ങൾ തന്നെ ശിക്ഷിക്കും എന്ന നിലപാട് ശരിയല്ല. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലിൽ തനിക്ക് തൃപ്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മിച്ചു നൽകാമെന്ന് കേന്ദ്രം പറഞ്ഞത് നല്ലതുതന്നെ. അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച അടിയന്തരസഹായമായ 500 കോടിരൂപ തീരെ കുറഞ്ഞുപോയെന്നും 5000 കോടിയെങ്കിലും അടിയന്തരസഹായം നൽകേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് സമ്മർദ്ദം ഉപയോഗിച്ച് കൂടുതൽ പണം വാങ്ങണം.

ജലവൈദ്യുത പദ്ധതികളിൽനിന്ന് സംസ്ഥാനം കാലക്രമേണ മാറണം. ആതിരപ്പള്ളി പദ്ധതിക്ക് ഒരിക്കലും അനുമതി നൽകരുത്. സോളാർ പോലുള്ള ഊർജ്ജോല്പാദന മാർഗങ്ങളിലേക്ക് മാറണം. നഷ്ട പരിഹാരം നൽകേണ്ടിവരും എന്നുള്ളതുകൊണ്ടാണ് വെള്ളപ്പൊക്കത്തിന് ഡാം തുറക്കലുമായി ബന്ധമില്ലെന്ന് സർക്കാർ പറയുന്നത്. വീടുകൾ വയ്ക്കാൻ പറ്രാത്ത സ്ഥലത്ത് വീടുകൾ വയ്ക്കാൻ സർക്കാർ ഒരിക്കലും അനുവദിക്കരുത്.

പ്രളയദുരന്തത്തിന് ഡാം തുറക്കലും കാരണമായെന്ന് കാര്യം ജൂഡിഷ്യൽ അന്വേഷണ വിധേയമാക്കണം. ആളുകൾക്ക് നഷ്ടപരിഹാരം നൽകാൻ സിറ്രിംഗ് ജഡ്ജിമാർ ഉൾപ്പെടുന്ന നാലോ അഞ്ചോ ട്രൈബ്യൂണലുകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസത്തെ ശമ്പളം കൊടുക്കണമെന്ന് സർക്കാർ ജീവനക്കാരെ നിർബന്ധിക്കരുത്. മനസ്സുള്ളവർ കൊടുക്കട്ടെ. തയ്യാറല്ലാത്തവർ എഴുതിക്കൊടുക്കട്ടെ എന്നതിന് പകരും തയ്യാറുള്ളവരോട് എഴുതിക്കൊടുക്കാനാണ് സർക്കാർ പറയേണ്ടത്. ചടങ്ങിൽ പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. ട്രഷറർ എസ്. ശ്രീകേഷ് സ്വാഗതം പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913