Sat. Nov 21st, 2026

ഫ്രാൻസിസ് ജോയി

ആരോപണം – ലൈംഗീക പീഡനം
പരാതിക്കാരി – കത്തോലിക്കാ സന്യാസിനി
കുറ്റാരോപിതൻ – കത്തോലിക്കാ മെത്രാൻ

സഭയുടെ എല്ലാ ഉന്നത തലങ്ങളിലും പരാതി നൽകിയിട്ടും ആരും ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, കേസ് മൂടിവെക്കാനും ശ്രമിച്ചു.

കേസിൽ നിന്നും പിന്മാറാൻ സഭയിലെ ഉന്നതരുടെ ഇടപെടലുകൾ
5 കോടി വാഗ്‌ദാനം
10 ഏക്കർ സ്ഥലവും കോൺവെൻറ്റും, സഭയിൽ ഇഷ്ടമുള്ള സ്ഥാനവും വാഗ്‌ദാനം
ഭീഷണി
പീഢിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ പോസ്റ്ററുകൾ, മാനസീക സമ്മർദ്ധങ്ങൾ
ബിഷപ്പിനെ ന്യായീകരിച്ച് പോസ്റ്ററുകൾ

ഇവരൊക്കെ ആരാ !?

സർവ്വശക്തനായ ജീവനുള്ള ദൈവത്തിന്റെ പ്രതിനിധികൾ.

ബ്യുട്ടിഫുൾ പീപ്പിൾ !!!

ദാണ്ടെ ഇപ്പോൾ:

ജലന്ധർ മെത്രാൻ ഫ്രാങ്കോ മുളക്കൽ നടത്തിയ ലൈംഗീകപീഢന കേസ് അന്വേഷിക്കുന്ന വൈക്യം DYSPക്കെതിരെ ഭീഷണി.
സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുത്താൻ ശ്രമം.
അറസ്റ്റ് ഒഴിവാക്കാൻ ഭരണപക്ഷത്തു നിന്നും കടുത്ത സമ്മർദ്ധം
റിപ്പോർട്ടുകൾ ബിഷപ്പിനു ചോർത്തി കൊടുക്കുന്നതായി സൂചനകൾ
കേസ് ഒതുക്കാൻ അന്വേഷണ സംഘത്തിന് കോടികൾ വാഗ്ദാനം
ബിഷപ്പിന്റെ മൊഴികൾ തമ്മിൽ വൈരുദ്ധ്യങ്ങൾ
തെളിവുകളെല്ലാം മെത്രാന് എതിര്
ഉന്നതതല ഇടപെടലായിരുന്നു തിരുമേനിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത്
ഇനിയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ DYSP തുടർ അന്വേഷണങ്ങളിൽ നിന്നും മാറി നിൽക്കും!

അടിപൊളി!

അല്ല കോയ, ഒരു തംശയം!

ഫ്രാങ്കോ തിരുമേനി നിരപരാധിയാണെങ്കിൽ ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ?

എന്തരോ …ഏതോ …!!!

കർത്താവേ ഫ്രാങ്കോ തിരുമേനിയെ കാത്തോണേ….!!!

വാൽ കഷ്ണം സ്‌പെഷ്യൽ

ഓർമ്മയുണ്ടോ തിരുമേനിമാരെ……!?

വടക്കേ ഇന്ത്യയിൽ കന്യാസ്ത്രീമാർക്ക് നേരെയുണ്ടായ ലൈംഗീക പീഢനങ്ങൾക്കെതിരെ കത്തോലിക്കാ സഭ ഇന്ത്യയിൽ ഉടനീളം പ്രതിക്ഷേധങ്ങളും, പ്രാർത്ഥനകളും, സംഘടിപ്പിച്ചത് ഓർമ്മയുണ്ടോ?

എബടെ !? മൂത്ത വീഞ്ഞിന്റെ കെട്ട് വിട്ടിട്ടു വേണ്ടേ, പോരാത്തതിന് വാർദ്ധക്യ സഹജമായ അസുഖങ്ങളും കാരണം ഓർമ്മയ്ക്ക് നല്ല ക്ലച്ചു പിടിക്കണുണ്ടാവില്ല്യാ……!

എന്നാൽ അങ്ങനെ ചില കലാപരിപാടികൾ കത്തോലിക്കാ സഭ ആസൂത്രണം ചെയ്തിരുന്നു. കേരളത്തിലും ഉണ്ടായിരുന്നു എന്നാണ് എൻറെ ഓർമ്മ!

എന്തുകൊണ്ട് അന്നൊക്കെ അത്തരം പ്രതിക്ഷേധങ്ങൾ സഭ ആസൂത്രണം ചെയ്തു എന്ന് ചിന്തിച്ചാൽ: പ്രതിസ്ഥാനത്ത് വികാരിയോ, ‘വെഷപ്പോ’ ആയിരുന്നില്ല, മറിച്ച്‌ ‘അന്യമതസ്ഥർ’ ആയിരുന്നു. അതുകൊണ്ടുതന്നെ ആ സംഭവങ്ങളെ കത്തോലിക്കാ സഭക്ക് എതിരായ ആക്രമണം എന്ന ഒരു ലേബൽ കൊണ്ടുവരുവാൻ നിങ്ങൾക്ക് കഴിഞ്ഞു എന്ന് മാത്രമല്ല, സ്ത്രീകൾക്കെതിരായ ആക്രമണം എന്ന് നിങ്ങൾ ഇറക്കിയ ബാനറിന് പുറകിൽ ഇന്ത്യയിലെ എല്ലാ നല്ലവരായ ജനങ്ങളേയും അണിനിരത്താനും നിങ്ങൾക്ക് കഴിഞ്ഞു.

ബൈബിൾ ദൈവ വചനമാണെന്നും, സത്യമാണെന്നും, എന്തിനും ഏതിനും വേണ്ടാത്തിടത്തും അതിൽ നിന്ന് ഒരു വാചകം കണ്ടെത്തുകയും ചെയ്യുന്ന നിങ്ങളെ ഓർമ്മിപ്പിക്കാൻ ഇത് ജിബിടിരിന്നോട്ടെ:
” മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്?
മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ?
വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവർച്ച ചെയ്യുന്നുവോ?
നിയമത്തിൽ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച് ദൈവത്തെ അവമാനിക്കുന്നുവോ?
നിങ്ങൾ നിമിത്തം ദൈവത്തിൻെറ നാമം വിജാതീയരുടെയിടയിൽ ദുഷിക്കപ്പെടുന്നു…”
[ റോമാ, 2: 21-23]

“നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ചെയ്യുന്നു. എന്നിട്ട് എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ?
എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ? [ജെറെമിയ, 7:9-11]

ഹേയ്, ഇതൊന്നും നിങ്ങളെ കുറിച്ചല്ലാട്ടോ!!!

ഇന്നത്തെ കഥ വേറെയാണ്:
പ്രതിസ്ഥാനത്ത് ഇടയനും, പീഢിപ്പിക്കപ്പെട്ടത് ഇടയന്റെ തന്നെ പെണ്ണാടുമാണ്. അതുകൊണ്ട്, നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ മൗനം ഇടയനെ വിധിക്കുകയാണ്.

പരാതിക്കാരി : കത്തോലിക്കാ സഭയിലെ കന്യാസ്ത്രീ
പരാതികൾ നൽകിയത്:
മിഷനറീസ് ഓഫ് ജീസസ് സഭയിലെ മദർ ജെനറൽ
ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
ഉജ്ജ്വയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ
കേരള പോലീസ്

പ്രതിക്കൂട്ടിൽ: ജലന്ധർ കത്തോലിക്കാ മെത്രാൻ ഫ്രാങ്കോ മുളക്കൽ

പീഢിപ്പിക്കപ്പെട്ട സ്ത്രീക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, ഇടയനെ സംരക്ഷിക്കാൻ നിങ്ങളാൽ ആകുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. അതിലും വലിയ തെമ്മാടിത്തരമാണ് പീഡിപ്പിക്കപ്പെട്ടവളെ അപമാനിക്കുന്ന പോസ്റ്റുകളും ഇല്ലാകഥകളും നിങ്ങൾ പടച്ചു വിടുന്നതും, പരാതിക്കാരിയെ സ്വാധീനിക്കാനും, ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കാൻ നടത്തുന്ന ശ്രമങ്ങളും.

ഓർമ്മയുണ്ടോ തിരുമേനി മാരേ….

ബോണക്കാട് സർക്കാർ ഭൂമിയിൽ വെറുമൊരു കുരിശിന്റെ പേരിൽ നിങ്ങൾ നടത്തിയ കോലാഹലങ്ങൾ?
അന്ന് പോലീസിന്റെ തല്ലു കൊണ്ടവരുടെ മുഖങ്ങൾ?
അവരൊഴുക്കിയ ചോരപാടുകൾ?
പിന്നീട് അതിന്റെ പേരിൽ നടത്തിയ പ്രതിക്ഷേധങ്ങൾ?

ചോദിക്കുന്നത് കൊണ്ട് കാര്യമില്ല എന്നറിഞ്ഞുകൊണ്ടു തന്നെ: പീഢിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് വേണ്ടി KCBC എത്ര പ്രതിക്ഷേധങ്ങൾ നടത്തി?

പ്രതിസ്ഥാനത്തു മെത്രാന് പകരം ഒരു ഇതര മതസ്തനായിരുന്നുവെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?

അല്ലെങ്കിൽ പറയണം സാറമ്മാരെ The nation wants to know, why are you so silent !?

കേരളത്തിലെ കന്യാസ്ത്രീമാരോട്

30-തോളം ദുരൂഹ മരണങ്ങളും ആത്മഹത്യകളും, സിസ്റ്റർ അഭയയുടെ കൊലപാതകവുമടക്കം കഴിഞ്ഞ 25 വർഷങ്ങൾക്കിടെ കേരളത്തിലെ സംന്യാസിനി മഠങ്ങളിൽ സംഭവിച്ചിട്ടുണ്ട്. അവയിൽ ഏതെങ്കിലും ഒന്ന് പോലും ഇതുവരെ തെളിയിക്കപെട്ടിട്ടില്ല. ദാരിദ്യ്രവൃതം എടുത്തിട്ടുള്ള സന്യാസിനിമാർ അടിവസ്ത്രം ധരിക്കരുത് എന്ന് പോലും പറഞ്ഞ ഒരു പാതിരിയെ കേരളം കണ്ടതാണ്. എന്നിട്ടും, നിങ്ങളുടെ സുരക്ഷക്ക് വേണ്ടി, അവകാശങ്ങൾക്കു വേണ്ടി എന്നെങ്കിലും നിങ്ങൾ തെരുവിൽ ഇറങ്ങിയിട്ടുണ്ടോ?

കെസിബിസിയുടെ ചട്ടുകമായി നിങ്ങളെ അവർ തെരുവിലേക്ക് വലിച്ചിഴപ്പോൾ നിങ്ങൾക്ക്‌ അത് നിക്ഷേധിക്കാൻ കഴിഞ്ഞില്ല!

രൂപതയോ, സന്ന്യാസ സമൂഹമോ പറയുന്നതിനപ്പുറം ചിന്തിക്കാനോ പ്രവർത്തിക്കാനോ നിങ്ങൾക്ക് സ്വാതന്ത്ര്യമില്ല!

നാളെ സിസ്റ്റർ അഭയയുടെ അനുഭവം ഉണ്ടാകില്ല എന്നുറപ്പുള്ളവർ എത്രപേരുണ്ട് നിങ്ങളിൽ?
നിർഭാഗ്യവശാൽ ഒരുപക്ഷെ നാളെ നിങ്ങളും പീഡിപ്പിക്കപ്പെട്ടേക്കാം, അതും കത്തോലിക്കാ സഭയുടെ വൈദീകരിൽ നിന്ന് തന്നെ! അപ്പോഴും പ്രതികരിക്കാതെ സഹിക്കാൻ നിങ്ങൾ നിർബന്ധിതരാകും! കാരണം നാളെ ഈ ജീവിതം ഉപേക്ഷിച്ചു തിരികെ പോയാൽ , 99% മാതാ പിതാക്കൾക്കും ബന്ധുക്കൾക്കും നിങ്ങൾ ഒരു ബാധ്യതയായിരിക്കും എന്ന് എന്നെക്കാൾ കൂടുതൽ ഉറപ്പുള്ളത് നിങ്ങള്ക്ക് തന്നെയാണ്!

പ്രതികരിക്കാൻ കഴിയുമായിരുന്നുവെങ്കിൽ,
സമൂഹം അത് അംഗീകരിക്കുമായിരുന്നുവെങ്കിൽ,
സഭ നിങ്ങളെ അടിച്ചമർത്തില്ലെന്ന ഉറപ്പ് ഉണ്ടായിരുന്നുവെങ്കിൽ,
മാതാപിതാക്കൾ – ബന്ധുക്കൾ നിങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നുവെങ്കിൽ,
99 % കന്യാസ്ത്രീ മഠങ്ങളും ഇന്ന് അടച്ചു പൂട്ടപ്പെടുമായിരുന്നു!

എങ്കിലും വെറുതെ ചോദിക്കുന്നു:
പീഢിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി കിട്ടണം എന്ന് ആത്മാർത്ഥമായി നിങ്ങളിൽ എത്രപേർ ആഗ്രഹിക്കുന്നുണ്ട്?

കത്തോലിക്കാ സഭയെന്ന കാരാഗൃഹത്തിലെ സന്യാസിനി മഠം എന്ന വാർഡിലെ അന്തേവാസികളായ നിങ്ങളോട് സഹതാപം തോന്നുന്നുണ്ട്, അതെസമയം സഹായിക്കാൻ കഴിയുന്നുമില്ല. ഇന്ന് നിങ്ങളുടെ ഈ നിസ്സഹായതക്ക് ഉത്തരവാദികൾ ഞാൻ കൂടി അടങ്ങുന്ന ഈ സമൂഹമാണെന്ന സത്യം ഞാൻ തിരിച്ചറിയുന്നു.

വായ മാത്രം മൂടികെട്ടിയിട്ടുള്ളുവെങ്കിലും, നിങ്ങളുടെ മുഖത്തെ, കണ്ണിലെ നിസഹായത വായിച്ചെടുക്കാൻ കഴിയുന്നുണ്ട് !

 F®an©is JⓄy

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622