2021ലെ സെൻസസിൽ മറ്റ് പിന്നാക്ക വിഭാഗക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്രസർക്കാർ. ഒ.ബി.സി വിഭാഗം കൂടുതൽ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെയാണ് സർക്കാരിന്റെ നിർണായക നീക്കം.
സെൻസസിന്റെ 1931 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്തരം ഒരു നീക്കം ഇത് ആദ്യമായാണ്. സെൻസസ് കമ്മീഷണറുടെയും റജിസ്ട്രാർ ജനറലിന്റെയും ഓഫിസുകളുടെ പ്രവർത്തനം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച വിലയിരുത്തിയതിന് ശേഷമാണ് തീരുമാനം. സെൻസസ് നടത്തി മൂന്നുവർഷത്തിനുള്ളിൽ സമ്പൂർണമായ വിവരങ്ങൾ തയാറാക്കുന്നതിനാണ് നിർദേശം.
ഒ.ബി.സി വിഭാഗക്കാരുടെ സാമ്പത്തിക സ്ഥിതി, ജനസാന്ദ്രത എന്നിവയുടെ വിവരങ്ങൾ എടുക്കും. എന്നാൽ ഏറ്റവും വലിയ വോട്ട് ബാങ്കുകളിൽ ഒന്നായ ഒ.ബി.സിക്കാരുടെ ജാതിഘടന മനസിലാക്കുന്നതിനുള്ള നീക്കം എത്രമാത്രം കൃത്യമാകുമെന്ന സംശയം ഉയർന്നിട്ടുണ്ട്.
ജനന, മരണ റജിസ്ട്രേഷൻ, ശിശുമരണ നിരക്ക് എന്നിവ രേഖപ്പെടുന്നതിന് കൂടുതൽ ഉൗന്നൽ നൽകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി നിർദേശിച്ചിട്ടുണ്ട്. വിവരശേഖരണത്തിനായി 25 ലക്ഷം പേർ തയാറായതായും മന്ത്രാലയം അറിയിച്ചു.
