കുട്ടനാട്ടിൽ ഇനി അതിജീവനത്തിന്റെ നാളുകളാണ്. വീടുകളിലേക്ക് മടങ്ങുകയാണ് ആളുകൾ. ശുചീകരണ പ്രവർത്തനത്തിന് മന്ത്രി ജി.സുധാകരൻ തുടക്കം കുറിച്ചു. 55,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. ശുചിത്വ പ്രവർത്തനത്തിന് ആലപ്പുഴ ജില്ലയ്ക്ക് പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും.
ക്യാമ്പിൽ കഴിയുന്ന ആരോഗ്യപ്രശ്നമുള്ളവരും പ്രായമായവരും കുട്ടികളും ഒഴിച്ച് ബാക്കിയുള്ള കുട്ടനാട്ടുകാർ ഇതിൽ പങ്കാളികളാകും. വീട് നശിച്ച കുട്ടനാട്ടുകാർക്ക് 30 ന് ശേഷം കുട്ടനാട്ടിൽ തന്നെ പുതിയ ക്യാമ്പുകൾ ക്രമീകരിക്കും. കുട്ടനാട്ടിലെ താലൂക്കുകളിൽ വിവിധ ഘട്ടങ്ങളായാണ് ശുചീകരണ പ്രവർത്തനം . പ്ലാസ്റ്റിക് മാലിന്യം എല്ലാം സംഭരിച്ച് കഴുകി സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ബാർജുകൾ,കേവുവള്ളങ്ങൾ,അഞ്ഞൂറോളം വള്ളങ്ങൾ,അയ്യായിരത്തോളം ഹൗസ് ബോട്ടുകൾ എന്നിവ കുട്ടനാട്ടുകാരെ താമസ സ്ഥലത്ത് എത്തിക്കാനുള്ള ഒാപ്പറേഷനിൽ പങ്കെടുക്കും. ഹൗസ് ബോട്ടുകളിലാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്നത്. ഇലക്ട്രീഷ്യൻ, പ്ലംബർ, ആശാരിപ്പണിക്കാർ ഉൾപ്പെടുന്ന സംഘം ഓരോ വാർഡിലുമുണ്ടാകും. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ സംഘം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗം വീടുകളുടെ ബലക്ഷയം പരിശോധിക്കും. ആദ്യം ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ വൃത്തിയാക്കും.
എല്ലാവർക്കും പ്രതിരോധമരുന്നു നൽകും. വീടുകളിൽനിന്ന് ശേഖരിക്കുന്ന ചെളി ഒരേകേന്ദ്രത്തിൽ സംഭരിക്കും. വീട് ശുചീകരണത്തിന് ഹൈപ്രഷർ പമ്പുകൾ ലഭ്യമാക്കും. അതിന് ശേഷം ഫിനോയിൽ ഉപയോഗിച്ച് വീടുകൾ കഴുകണം. 40 ടൺ നീറ്റുകക്ക സംഭരിച്ചിട്ടുണ്ട്. ഇന്ന് വരെ മടവീഴാത്ത മുഴുവൻ പാടശേഖരങ്ങളിലെയും വെള്ളം പമ്പ് ചെയ്ത് വറ്റിക്കും. പ്രളയത്തിൽ വീടുകളിൽ കയറിയ പാമ്പുകളെ പിടിക്കാൻ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സംഘം ഉണ്ടാകും.
