നീതിരഹിതമായ ബാങ്കുകളുടെ മിനിമം ബാലൻസ് വ്യവസ്ഥയും സർവീസ് ചാർജിനത്തിലുള്ള നിക്ഷേപ ചോർത്തലും പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 11,500 കോടിരൂപ സർവീസ് ചാർജിനത്തിൽ ബാങ്കുകൾ സാധാരണ ഉപഭോക്താക്കളിൽ നിന്നും ചോർത്തി എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. പത്തുലക്ഷം കോടിയുടെ കിട്ടാക്കടം ഇരിക്കെയാണ്, ആ വൻകിടക്കാർക്ക് തുടർച്ചയായി ഇളവ് നൽകിക്കൊണ്ട് സാധാരണക്കാരുടേയും അതിനു താഴെയുള്ള നിക്ഷേപകരുടെയും പണം ക്രൂരമായി ചോർത്തുന്നത്. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായവരെ കൂടുതലായി കൊള്ളയടിക്കലാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പത്തുലക്ഷം കോടിക്ക് മുകളിലെ കിട്ടാക്കടത്തിൽ 88 ശതമാനവും അഞ്ചുകോടിക്ക് മുകളിലുള്ള വൻകിടക്കാരുടേതാണ്. അവർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളല്ല ഉള്ളത്. അവരുണ്ടാക്കിയ നഷ്ടം സാധാരണ ഉപഭോക്താക്കൾ തങ്ങളുടെ ചെറുനിക്ഷേപങ്ങളിൽ നിന്നും നികത്തിക്കൊള്ളണമെന്ന് പറയുന്നതുപോലെയാണിത്. ജൻധൻ പെൻഷൻ അക്കൗണ്ടുകൾ ഒഴികെയുള്ള സാധാരണക്കാരുടെ സകല അക്കൗണ്ടുകളിൽ നിന്നും സർവ്വീസ് ചാർജിന്റേയും മറ്റും പേരുകളിൽ പണം ചോർത്തുകയാണ്. സാധാരണക്കാരെ കൊണ്ട് സബ്സിഡിയുടെയും മറ്റും പേരുപറഞ്ഞ് അക്കൗണ്ട് തുറപ്പിക്കുക. എന്നിട്ട്, ആ അക്കൗണ്ടിൽ നിന്നും പണം ചോർത്തുക. മനുഷ്യത്വരഹിതമാണിത്. 1000 രൂപ മിനിമം നിക്ഷേപത്തിലുണ്ടാവണമെന്ന് നിഷ്കർഷിച്ചാൽ സബ്സിഡി വരവ് മാത്രമുള്ള നിക്ഷേപകന് എത്രമാസങ്ങൾ വേണ്ടിവരും അത്രയും തുക തികയ്ക്കാൻ.
ഗ്യാസ് അടക്കമുള്ളവയുടെ സബ്സിഡി തുക തുച്ഛമാണ്. ഒരുവശത്തു കൂടി കൊടുക്കുന്നൂവെന്നു പറയുന്ന ഇളവ് മറുവശത്തുകൂടി സർവീസ് ചാർജിനത്തിൽ ചോർത്തുന്ന സംവിധാനമാണിത്. മുൻപ് ചില സ്വകാര്യ ബാങ്കുകളാണ് ഈ രീതി ആവിഷ്ക്കരിച്ചിരുന്നത്. ഇപ്പോഴിത് പൊതുമേഖല ബാങ്കുകൾ ഉൾപ്പടെ എല്ലാ ബാങ്കുകളും പകർത്തിയിരിക്കുന്നു. സമ്പന്നവർഗ്ഗമൊഴികെയുള്ളവരെ ചൂഷണം ചെയ്യുക എന്ന നയമാണിത്. തീർത്തും ജനവിരുദ്ധമായ നയം പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.