Fri. Mar 29th, 2024

സമ്പൂര്‍ണ മദ്യനിരോധനത്തിന് വേണ്ടി നിലകൊണ്ട ഗാന്ധിജിയുടെ പേരില്‍ റഷ്യയില്‍ ബിയര്‍ വില്‍പ്പന. ‘റിവോട്ട് ബ്രുവറി’ എന്ന കമ്പനിയാണ് ‘മഹാത്മാ ഗാന്ധി ഇന്ത്യ’ എന്ന പേരിലുളള ബിയര്‍ പുറത്തിറക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്‍റെ കാലത്ത് നല്ല ചെലവുളള ബിയറുകളിലൊന്നാണ് മഹാത്മാ ഗാന്ധി ബിയര്‍ എന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സ്-ഉറുഗ്വേ മത്സരം നടന്ന നിസ്നി നോവ്ഗോദ്റോഡ് എന്ന സ്ഥലത്തുളള പബ്ബിലാണ് മഹാത്മാ ഗാന്ധി ബിയര്‍ കച്ചവടം പൊടിപൊടിക്കുന്നത്.

ഗാന്ധിജിയെപ്പോലെ മഹാനായ മനുഷ്യനെ ബഹുമാനിക്കുന്നതിന്‍റെ ഭാഗമായാണ് റിവോട്ട് ബ്രുവറി ഗാന്ധിജിയുടെ പേര് നല്‍കിയെന്നാണ് താന്‍ കരുതുന്നതെന്ന് ബാറിലെത്തിയ സെര്‍ജി ഷബനോവ് എന്ന റഷ്യക്കാരന്‍ പറഞ്ഞു. താനെപ്പോള്‍ പബ്ബിലെത്തിയാലും രണ്ട് മഗ് ഗാന്ധി ബിയര്‍ അടിച്ചിട്ടേ പോകൂ.. എനിക്ക് ഗാന്ധിയെ അത്ര മേല്‍ ഇഷ്ടമാണെന്ന് ഷബനോവ് ഡെക്കാണ്‍ ക്രോണിക്കിള്‍ ലേഖകനോട് പറഞ്ഞു.

എന്നാല്‍ മോസ്കോയില്‍ ഇന്ത്യന്‍ റെസ്റ്റോറന്‍റ് വിജയ സുബ്രഹ്മണ്യന്‍ എന്ന ഇന്ത്യക്കാരനോട് ഇൗ ബിയറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കിതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു മറുപടി.” ഗാന്ധിജി ജനിച്ച ഗുജറാത്തില്‍ സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ മദ്യനിരോധനം പ്രാബല്യത്തിലുണ്ട്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോടുളള ബഹുമാന സൂചകമായിട്ടാണ് മദ്യനിരോധനം നടപ്പിലാക്കിയിരിക്കുന്നത്. അങ്ങനെയുളള മഹാനായ ഒരു വ്യക്തിയുടെ പേരില്‍ റഷ്യയില്‍ ബിയര്‍ ഉണ്ടാക്കി വില്‍ക്കുന്നത് തന്നെ നാണക്കേടാണ്. ഗാന്ധിജിയെ അപമാനിക്കുന്ന ഇൗ പ്രവണതയ്ക്കെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തണമെന്ന് വിജയ സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു.