പട്ടികജാതിക്കാരുടെ പേരിൽ തട്ടിക്കൂട്ട് കടലാസ് സംഘടനയുണ്ടാക്കി 15,64,000രൂപ അടിച്ചുമാറ്റി. ഇ.എസ്. ബിജിമോൾ എം. എൽ. എയുടെ സഹോദരി പ്രസിഡന്റായ ചാരിറ്റബിൾ സൊസൈറ്റിക്ക് വനം വകുപ്പിന്റെ കീഴിലുള്ള പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷൻ പതിനഞ്ച് ലക്ഷം രൂപ വഴിവിട്ട് അനുവദിച്ചതായി ആക്ഷേപം ഉയർന്നു.മാർട്ട് പീരുമേട് ഇന്റഗ്രേറ്റഡ് ആൻഡ് കോംപ്രിഹെൻസീവ് എഡ്യുക്കേഷൻ സൊസൈറ്റി’ ( സ്പൈസസ് ) എന്ന പേരിൽ തട്ടിക്കൂട്ടിയ സംഘടനയ്ക്കാണ് 15,64,000 രൂപ അനുവദിച്ചത്.
ബിജിമോളുടെ മണ്ഡലമായ പീരുമേട്ടിലെ പട്ടികജാതി /പട്ടികവർഗ യുവതീ യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കമായവർക്കും പി.എസ്.സി പരീക്ഷാ പരിശീലനം നൽകാൻ എന്ന പേരിൽ സൊസൈറ്റി സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് അതേപടി അംഗീകരിച്ച് ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിക്കുകയായിരുന്നു.
1955 ലെ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത് മൂന്ന് വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള സംഘടനകൾക്കാണ് സർക്കാർ ഏജൻസികൾ ധനസഹായം നൽകുന്നത്. ഇതിന് മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ടും ആഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും പരിശോധിക്കണം. സ്പൈസസ് സൊസൈറ്റിയുടെ കാര്യത്തിൽ ഇതൊന്നും ഉണ്ടായില്ല. 2018 ജനുവരി 8 ന് ഏഴ് പേർ കൂടി രൂപീകരിച്ച സൊസൈറ്റിക്ക് ഫെബ്രുവരി 8ന് തേക്കടിയിൽ ചേർന്ന കടുവസംരക്ഷണ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി തുക അനുവദിക്കുകയായിരുന്നു. അതിന് ശേഷം മാർച്ച് 14 ന് ആണ് സൊസൈറ്റി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐ. എഫ് . എസ് ഉദ്യോഗസ്ഥരായ പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടറും കടുവാ സംരക്ഷണ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ജോർജി പി. മാത്തച്ചൻ, കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറും ഫൗണ്ടേഷൻ സെക്രട്ടറിയുമായ ശിൽപ വി. കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കമ്മിറ്റിയാണ് തുക അനുവദിച്ചത്. സൊസൈറ്റിയുടെ രൂപീകരണ യോഗത്തിന്റെ മിനിറ്റ്സിലും സമർപ്പിച്ച പദ്ധതിയിലും പാകപ്പിഴകളുണ്ട്. ഇതൊന്നും പരിശോധിക്കാതെ കണ്ണുമടച്ച് 15ലക്ഷം രൂപ അനുവദിച്ചതിന് പിന്നിൽ എം.എൽ.എ യുടെ രാഷ്ട്രീയ സ്വാധീനവും വനംവകുപ്പിലെ ഉന്നതരുടെ ഇടപെടലുമാണെന്നാണ് ആക്ഷേപം. വിവാദമായതോടെ തുക ഒരുമിച്ച് കൈമാറാതെ ഗഡുക്കളായി നൽകാനുള്ള നീക്കമാണ് നടക്കുന്നത്.വനംമന്ത്രി ചെയർമാനായ കടുവ സംരക്ഷണ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡിയുടെ നിർദ്ദേശ പ്രകാരമാണ് തുക അനുവദിച്ചത്.