Tue. Nov 24th, 2026

ഡോ.ഹരികുമാർ വിജയലക്ഷ്മി

എന്താണ് യോഗ കൊണ്ട് നേട്ടമെന്ന ശ്രീനാരായണ ഗുരുവിന്റെ ചോദ്യത്തിന് യോഗ അഭ്യാസി പറഞ്ഞത്, ‘യോഗ ശോധനക്ക് നല്ലതാണെ’ന്നായിരുന്നു. ‘അതിന് ഇത്ര പാടുപെടണോ ?കുറച്ച് ആവണക്കെണ്ണ കുടിച്ചാൽ പോരെ ?’എന്നായിരുന്നു ഗുരു തിരിച്ചു ചോദിച്ചത് അപ്പോള്‍ നമുക്ക് യോഗ തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. അവരുടെ യോഗം, നമ്മുടെയും. ശാന്തി, ശാന്തി.

വര്‍ഷങ്ങള്‍ക്കു മുമ്പ്. പ്രൊഫസര്‍ എം എന്‍ വിജയൻ മാഷ് യോഗയെക്കുറിച്ചു ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി. “മനുഷ്യന്‍ എന്നത് ജന്തുക്കള്‍ക്കിടയിലെ ഒരു വിശേഷ ജീവിയാണ്. ബുദ്ധിയും ധിഷണയും ചിന്താബോധവും വിവേകവും ശാസ്ത്രവും കലയും വിശ്വാസവും അങ്ങനെ പലതും മനുഷ്യവര്‍ഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന്റെ അര്‍ഥം മനുഷ്യര്‍ക്കെല്ലാ കഴിവുമുണ്ടെന്നും മറ്റു മൃഗങ്ങള്‍ ഒന്നിനും കൊള്ളാത്തവയാണെന്നുമല്ല. മനുഷ്യര്‍ക്കില്ലാത്ത ചില കഴിവുകള്‍ മൃഗങ്ങള്‍ക്കുമുണ്ട്. അതില്‍ പ്രമുഖമായതാണ് മനുഷ്യര്‍ക്ക് അവരുടെ ശരീരം കൊണ്ട് സാധാരണ ഗതിയില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ചില വിന്യാസങ്ങള്‍ മൃഗങ്ങളില്‍ ചിലതിന് ചെയ്യാന്‍ കഴിയുമെന്നത്. ഒരു മൃഗത്തിന് ചെയ്യാന്‍ കഴിയുന്നത് മറ്റൊരു മൃഗത്തിന് ചെയ്യാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല താനും. ഇത്തരത്തില്‍ ഓരോരോ ജന്തുക്കള്‍ ചെയ്യുന്ന ശാരീരിക നിലകള്‍ നിരീക്ഷിച്ച ശേഷം അത് തനിക്കും ചെയ്യാനാകുമോ എന്ന് മനുഷ്യന്‍ തന്റെ ശരീരം കൊണ്ട് പരീക്ഷിച്ചു നോക്കുന്നതിനെയാണ് യോഗ എന്നു പറയാവുന്നത് “എന്നാണ് മാഷ് വ്യാഖ്യാനിച്ചത്.
അത്തരം ഒരു വ്യാഖ്യാനം അതിനു മുമ്പോ ശേഷമോ കേട്ടിട്ടില്ല. കുക്കുടാസനം എന്ന ആസനം കുക്കുടം അഥവാ കോഴിക്ക് അനായാസം നിര്‍വഹിക്കാന്‍ സാധിക്കുന്നതാണ്. അത് പറ്റുമോ എന്നാണ് മനുഷ്യന്‍ പരീക്ഷിക്കുന്നത്. ഗരുഡാസനം(പരുന്ത്), മത്സ്യാസനം(മത്സ്യം), അധോ മുഖ ശ്വാനാസനം(നായ), ബധകോനാസനം(ചിത്രശലഭം), മാര്‍ജാരാസനം(പൂച്ച), ഉസ്ത്രാസനം(ഒട്ടകം), ശിശുവാസനം(കുട്ടി), ഭുജംഗാസനം(മൂര്‍ഖന്‍), ശവാസനം(മൃതദേഹം) എന്നിവയൊക്കെ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നതനുസരിച്ച് മൃഗ-മനുഷ്യ വിശേഷാവസ്ഥകള്‍ അനുകരിക്കാനുള്ള പരിശ്രമങ്ങളോ അന്വേഷണങ്ങളോ ആയി യോഗയെ വ്യാഖ്യാനിക്കാമെന്നു സാരം.

ഞാനും യോഗ പരിശീലിക്കാന്‍ പില്‍ക്കാലത്ത് ചില ശ്രമങ്ങള്‍ നടത്തി. എം എന്‍ വിജയന്‍ മാഷ് നടത്തിയ ഈ വ്യാഖ്യാനം മനസ്സില്‍ തറഞ്ഞു കിടന്നിരുന്നു. പതഞ്ജലി സൂത്രമൊന്നും പഠിക്കാന്‍ അതുകാരണം മിനക്കെട്ടില്ല. യോഗ ക്ലാസെടുക്കുന്ന മഹാന്മാരായ മാഷന്മാരെ കണ്ടാല്‍ തന്നെ ഓടിയൊളിക്കാന്‍ തോന്നുന്ന തരത്തില്‍ അവരും ഞാനും തമ്മിലുള്ള ‘അന്തര്‍ധാര’ സജീവമായിക്കൊണ്ടേ ഇരുന്നു. കാരണം, അവരില്‍ മിക്കവരും കൈത്തണ്ട നിറയെ പല നിറച്ചരടുകള്‍ കെട്ടിയവരും ഇടക്കിടെ ‘ഓം’ എന്ന് ഉച്ചരിക്കുന്നവരുമായിരുന്നു. നിങ്ങള്‍ മനസ്സില്‍ ശാന്തിയും സമാധാനവും ചിന്തിച്ചുണ്ടാക്കൂ എന്ന് ഉദ്‌ഘോഷിക്കുമ്പോള്‍, ഇവരുടെ കൈച്ചരടുകളിലേക്കും ഓം ശബ്ദത്തിലേക്കും ശ്രദ്ധ ചിതറിത്തെറിക്കുന്നതിനാല്‍ അത് സാധിക്കുകയുണ്ടായില്ല.

സോമനാഥ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ബീഹാറില്‍ ലാലു തടഞ്ഞ അഡ്വാനിയുടെ രഥയാത്രയും; ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത ‘രാം കേ നാം’ മലപ്പുറത്ത് നിരോധിച്ചതും; ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചതും; ഗോധ്രാനന്തര വംശഹത്യയും; ലവ് ജിഹാദ് ആരോപണങ്ങളും; ഘര്‍വാപസികളും; ഹനുമാന്‍ സേനകളും; രാജ്യസ്‌നേഹ നിര്‍ബന്ധങ്ങളും അന്തരീക്ഷത്തില്‍ കലങ്ങി മറിയുന്നതിനാല്‍, അകത്തും പുറത്തും ശാന്തി കൈവരുന്നേയുണ്ടായിരുന്നില്ല. ഓം മന്ത്രവും കൈച്ചരടുകളും ബോധാബോധങ്ങളില്‍ കുത്തിനിറച്ച് തോറ്റു പിന്‍വാങ്ങി. പിന്നീട്, പ്രകൃതി ജീവനത്തിന്റെ ഭാഗമായി, സൗമ്യ സ്വഭാവിയായ ഒരു അധ്യാപകന്‍; കൈയില്‍ ചരടും ഓം നിര്‍ബന്ധങ്ങളുമില്ലാതെ യോഗയുടെ ഒരു ഷോര്‍ട് ടേം കോഴ്‌സ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കാളിയാകാനും കുറച്ച് പഠിച്ചെടുക്കാനും സാധിച്ചു. അദ്ദേഹം സ്ഥലം വിടുകയും യുക്തനായ പരിശീലകനെ കിട്ടാതെ വരികയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടിയായി.

സത്യത്തില്‍ എന്താണ് പ്രശ്‌നം? ഇന്ത്യന്‍-കേരള സമൂഹങ്ങളിലെ മുഖ്യ വൈരുധ്യം വിശ്വാസികളും അവിശ്വാസികളും തമ്മിലാണ്.പണവും മൂലധനവും അധികാരവും കൈയടക്കി വെച്ച ദേശ-വിദേശ കുത്തകകള്‍ക്കിപ്പുറത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ബഹുഭൂരിപക്ഷവും വരുന്ന തൊണ്ണൂറ്റഞ്ച് ശതമാനം ദരിദ്രരാണ്. ഇവര്‍ മതവും ജാതിയും പറഞ്ഞ് തമ്മില്‍ തല്ലുകയോ, അതില്‍ തന്നെ ചില പ്രത്യേക വിഭാഗക്കാരെ വംശഹത്യയിലൂടെയും അടിച്ചമര്‍ത്തപ്പെട്ട നിശ്ശബ്ദതയിലൂടെയും പ്രത്യക്ഷമായും പരോക്ഷമായും തുടച്ചു നീക്കുകയും ചെയ്യുന്നതിനോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കെന്നല്ല, മതേതര-സമാധാന ജീവിതം ആഗ്രഹിക്കുന്ന ആര്‍ക്കും കഴിയില്ല.

അപ്പോള്‍, യോഗയെന്നല്ല ഏതു തരത്തിലുള്ള മനുഷ്യാവിഷ്‌ക്കാരവും അത്, എം എന്‍ വിജയന്‍മാഷ് വ്യാഖ്യാനിച്ചതു പോലെ മൃഗനിലമകളെ അനുകരിക്കാനുള്ള പരിശ്രമങ്ങളാണെങ്കിലും അല്ലെങ്കിലും; മത വര്‍ഗീയതക്കും അതുവഴിയുള്ള അധികാരവേട്ടക്കും പ്രയോജനപ്പെടുത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നു തന്നെയാണ് ബോധ്യമാവുന്നത്.

എന്താണ്  യോഗ കൊണ്ട് നേട്ടമെന്ന ശ്രീനാരായണ ഗുരുവിന്റെ ചോദ്യത്തിന് യോഗ അഭ്യാസി പറഞ്ഞത്, ‘യോഗ ശോധനക്ക് നല്ലതാണെ’ന്നായിരുന്നു. ‘അതിന് ആവണക്കെണ്ണ കുടിച്ചാൽ പോരെ ?’എന്നായിരുന്നു ഗുരു തിരിച്ചു ചോദിച്ചത് അപ്പോള്‍ നമുക്ക് യോഗ തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. അവരുടെ യോഗം, നമ്മുടെയും. ശാന്തി, ശാന്തി.

വാസ്തവത്തിൽ യോഗ ഒരു നല്ല വ്യായാമ മുറപോലുമല്ല ഡോ.സി.വിശ്വനാഥൻ വിശദീകരിക്കുന്നു.’ശീർഷാസനം’ എന്നവാക്ക് 19 ആം നൂറ്റാണ്ടിന് മുൻപുള്ള ഒരു പുസ്തകത്തിൽ കണ്ടെത്തിയാൽ ഒരുലക്ഷം രൂപ നൽകാമെന്ന് വെല്ലുവിളിയുമായി വിശ്വനാഥൻ ഡോക്ടർ