Fri. Mar 29th, 2024

 പണം കിട്ടിയാൽ മുൻ പൊലീസുദ്യോഗസ്ഥനായ വിൻസന്റ് എന്തിനും തയ്യാർ! ഹാഷിഷ് ഓയിൽ കടത്ത് കേസിൽ തൊണ്ടി വാഹനത്തിനായി വ്യാജരേഖ ചമച്ച കേസിൽ എക്സൈസ് പിടിയിലായ ഇടുക്കി രാജക്കാട് കല്ലോലിക്കൽ വിൻസന്റ് (57) പൊലീസിൽ നിന്ന് പുറത്തായത് പണത്തോടുള്ള ആർത്തി മൂത്ത്. വെള്ളത്തൂവൽ എസ്.ഐയായിരിക്കെ കാസർകോട്ടെ ഒരു കഞ്ചാവ് കേസ് പ്രതിയെ വഴിവിട്ട് സഹായിച്ചതിനാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു നടപടി. അതോടെ പണം കണ്ടെത്താൻ മയക്കുമരുന്ന് സംഘങ്ങൾക്കൊപ്പം കൂടി. കഴിഞ്ഞ മാസം 25ന് പത്ത് കിലോ ഹാഷിഷുമായി തിരുവനന്തപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായ ഹോട്ടലുടമയേയും കൂട്ടാളികളേയും കേസിൽനിന്ന് രക്ഷിക്കാനാണ് ഇവരുടെ സംഘത്തലവനായ അടിമാലിക്കാരൻ മൂർഖൻ ഷാജിയുടെ നിർദേശാനുസരണം വിൻസന്റ് പ്രത്യക്ഷപ്പെട്ടത്.

ഇയാളുടെ വലം കൈയാണ് വിൻസന്റ്. അടിമാലിയിൽ നിന്നും തലസ്ഥാനത്ത് മയക്കുമരുന്നെത്തിച്ച ആൾട്ടോ 800 കാർ വാടകയ്ക്കെടുത്തതാണെന്ന് വരുത്താൻ കോടതിയിൽ സമർപ്പിക്കാനായി വ്യാജരേഖകളുണ്ടാക്കവെയാണ് മൂർഖൻ ഷാജിയുടെ രഹസ്യതാവളത്തിൽ നിന്ന് വിൻസന്റിനെ രേഖകൾ സഹിതം എക്സൈസ് സി.ഐ അനിൽകുമാറും സംഘവും പിടികൂടിയത്.

ഹാഷിഷ് ഓയിൽ തലസ്ഥാനത്തെത്തിച്ച ആൾട്ടോ 800 കാറിന്റെ ഉടമയെ തേടിയാണ് എക്സൈസ് സംഘം അടിമാലിയിലെത്തിയത്. കുരിശുപാറ സ്വദേശിയായ യഥാർത്ഥ ഉടമയിൽനിന്നും മേയ് അഞ്ചിന് അടിമാലിയിലെ മൊബൈൽ ഷോപ്പുടമ അഭിജിത്ത് മുഖാന്തരം വാഹനം വിറ്റതായി കണ്ടെത്തി. അതിനിടെയാണ് വിൻസന്റിന്റെ സഹായത്തോടെ മൂർഖൻ ഷാജി വാഹനം സുഹൃത്തിന്റെ പേരിലേക്ക് വ്യാജരേഖ ചമച്ച് മാറ്റാൻ ശ്രമിച്ചതായി കണ്ടെത്തിയത്. മൂർഖൻ ഷാജിയെ ഇതുവരെ പിടികൂടാനായിട്ടില്ല. മൂർഖൻ ഷാജി സുഹൃത്താണെന്നും ക്രൈമിലുൾപ്പെട്ട വാഹനം പുറത്തെടുക്കാൻ തന്റെ സഹായം തേടിയതനുസരിച്ചാണ് വ്യാജരേഖ ചമച്ചതെന്നും വിൻസന്റ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.