മാടമ്പിത്തരം ചിലരുടെ ജന്മാവകാശമാണ്. എന്നാൽ പൗരാവകാശം അതിൻ മീതെയാണെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ട്.ഞാൻ ഒരു മാടമ്പി ബാക്കിയെല്ലാവരും എൻറെ വാല്യക്കാർ എന്ന സമീപനം കാലങ്ങൾക്ക് മുൻപേ കേരളം കുഴിച്ചു മൂടിയതാണ്.നവോത്ഥാന പാരമ്പര്യത്തിൻറെ പിന്തുടർച്ച അവകാശപ്പെടുന്ന ഇടതുപക്ഷമാണ് അതിൻറെ നേരവകാശികളായി അണിനിരക്കാറ്.അതേ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കുഴിച്ചുമൂടിയ മാടമ്പിത്തരം കുലച്ചു നിൽക്കുന്നത്.ഇടതു ഭരണത്തെക്കുറിച്ചുള്ള ആഖ്യാനം കൂടി ജനങ്ങൾക്കുമേൽ മാടമ്പി അടിച്ചേൽപ്പിക്കുന്നുണ്ട്. ‘ഇതെൻറെ ഭരണമാണെന്ന്’ ആക്രോശിച്ചുകൊണ്ട്.
മാടമ്പിയുടെ പേര് ഗണേഷ്കുമാർ. എം എൽ എ ആണ്.അമ്മമാരെ അസഭ്യം പറയുന്ന എം എൽ എ എന്നതാണ് കൂടുതൽ നല്ല വിശേഷണം. പത്തനാപുരം ഒരു പത്തായമാണെന്നാണ് മാടമ്പിയുടെ മനസ്സിലാക്കൽ.തിരഞ്ഞെടുപ്പ് വിളവെടുപ്പാണെന്നും.ജനാധിപത്യത്തിൻറെ അന്തസത്ത ജനനസമയത്ത് ഉരമരുന്നായിപ്പോലും ഉരച്ചുനൽകിയിട്ടില്ല ഈ മാടമ്പിക്ക്.അതുകൊണ്ട് മാടമ്പിയുടെ ഈ മനോനില മുന്നണി തന്നെ ചികിൽസിച്ചു മാറ്റണം.അനന്തകൃഷ്ണനും ‘അമ്മ ഷീനക്കും നീതി ഉറപ്പാക്കണം.
എന്താണ് ആ അമ്മയും മകനും ചെയ്ത തെറ്റ് ?എതിരേ വന്ന എം എൽ എ യുടെ വണ്ടി ഒന്ന് പുറകോട്ട് എടുത്തുകൂടെ എന്ന് ചോദിച്ചതോ? അതിനായിരുന്നു അടിയും അസഭ്യ വർഷവും. ഗണേഷ് തന്നെ കുറ്റക്കാരനെ നിശ്ചയിക്കുന്നു ഗണേഷ് തന്നെ ശിക്ഷ നടപ്പാക്കുന്നു. പരാതിപ്പെടുന്ന പൗരനെ പോലീസും പീഡിപ്പിക്കുന്നു. അപ്പോൾ ഗണേഷ് പറഞ്ഞതാണ് ശരി എന്ന് തന്നെ പറയേണ്ടി വരും.ഇത് ഗണേഷിൻറെ ഭരണമാണെന്ന്.ഈർക്കിൽ പാർട്ടിയുടെ ഈ ധാർഷ്ട്യത്തിന് ഇടത് മുന്നണി അറുതി വരുത്തേണ്ടേ ?മാടമ്പിയെ മര്യാദ പഠിപ്പിക്കണ്ടേ ? മാതൃഭൂമി സൂപ്പർ പ്രൈം ടൈം അവതരിപ്പിച്ചുകൊണ്ട് മാധ്യമ പ്രവർത്തകൻ വേണു തുറന്നടിക്കുന്നു.