ആർ.എസ്.എസ് ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മകൾ ഷർമിഷ്ട മുഖർജി . ആർ.എസ്.എസ് വേദിയിലെ അദ്ദേഹത്തിന്റെ വാക്കുകൾ ജനങ്ങൾ മറക്കുമെങ്കിലും അദ്ദേഹത്തിന്റെ ചിത്രം വച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമെന്ന് കോൺഗ്രസ് നേതാവ് കൂടിയായ ഷർമിഷ്ട പറഞ്ഞു. നാഗ്പൂരിലേക്ക് പോകാൻ തയ്യാറായത് വഴി സമൂഹത്തിൽ വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പരത്താൻ പ്രണബ് മുഖർജി അവസരമൊരുക്കിയതായും അവർ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ഷർമിഷ്ടയുടെ പ്രതികരണം..
തങ്ങളുടെ നിലപാടുകൾ തന്റെ പ്രസംഗത്തിൽ പ്രണബ് മുഖർജി അംഗീകരിക്കുമെന്ന് ആർ.എസ്.എസ് തന്നെ കരുതുന്നില്ല. പ്രണബിന്റെ പ്രസംഗങ്ങൾ ജനം മറക്കുമെന്ന് ഉറപ്പാണ്. എന്നാൽ ആ ചിത്രങ്ങൾ ഉപയോഗിച്ച് ആർ.എസ്.എസ് വ്യാജ പ്രചാരണം നടത്തുമെന്ന് ഉറപ്പാണ്. ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തിലായിരിക്കും ഇവ പ്രചരിക്കുന്നതെന്നും അവർ മുന്നറിയിപ്പ് നൽകി. താൻ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, വ്യാഴാഴ്ച നടക്കുന്ന ആർ.എസ്.എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പ്രണബ് മുഖർജി നാഗ്പൂരിലെത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിന് നാഗ്പൂർ എയർപോർട്ടിലെത്തിയ പ്രണബ് മുഖർജിയെ ആർ.എസ്.എസ് പ്രവർത്തകർ സ്വീകരിച്ചു. ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ത്രിതീയ വർഷ സംഘ ശിക്ഷ വർഗ് എന്ന പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയാകുന്നത്.
നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് എല്ലാ വർഷവും നടക്കുന്ന ചടങ്ങാണിത്. സംഘടനയിലെ രണ്ടു വർഷത്തെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ വോളന്റിയർമാർക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. കോൺഗ്രസിൽ നെഹ്റു കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയായ പ്രണബ് മുഖർജി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന വാർത്ത വിവാദമായിരുന്നു. എന്നാൽ എല്ലാ വിവാദങ്ങൾക്കും നാഗ്പൂരിൽ മറുപടി പറയുമെന്നായിരുന്നു പ്രണബ് മുഖർജി ഇതിനോട് പ്രതികരിച്ചത്.