Sat. Apr 20th, 2024

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നാലു വർഷം മുമ്പ് സുനന്ദാ പുഷ്കർ മരിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ ഭർത്താവ് ശശി തരൂരിനെ പ്രതി ചേർത്ത് പൊലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി പാട്യാല കോടതി അംഗീകരിച്ചു. ഇതോടെ കേസിൽ തരൂർ വിചാരണ നേരിടേണ്ടി വരും. ജൂലായ് ഏഴിന് ഹാജരാകാൻ കോടതി തരൂരിന് സമൻസ് അയച്ചു. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ശശി തരൂരിനെ പ്രതി ചേർത്തിരിക്കുന്നത്. കുറ്റപത്രത്തിൽ മറ്റാരുടെയും പേരുകളില്ല.

10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306 (പ്രേരണക്കുറ്റം), 498എ (ഗാർഹിക പീഡനം) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സുനന്ദയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നും പാട്യാല കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് ധർമ്മേന്ദർ സിംഗിന് സമർപ്പിച്ച 3000 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ സാക്ഷിയായ വീട്ടിലെ സഹായി നാരായൺ സിംഗിന്റെ മൊഴിയുടെയും തെളിവുകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് മാനസികവും ശാരീരികവുമായ പീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നത്. നിരവധി മെഡിക്കൽ റിപ്പോർട്ടുകളും അനുബന്ധമായി ചേർത്തിട്ടുണ്ട്. 2009ൽ ആദ്യമായി തിരുവനന്തപുരം എം.പിയായ ശശി തരൂർ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിക്കെ 2010 ആഗസ്റ്റ് 22നാണ് കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽപ്പെട്ട സുനന്ദയെ വിവാഹം ചെയ്തത്.

രണ്ടുപേരുടെയും മൂന്നാം വിവാഹമായിരുന്നു. ആദ്യ ബന്ധങ്ങളിൽ തരൂരിന് രണ്ടും കുട്ടികളും സുനന്ദയ്ക്ക് ഒരു മകനുമുണ്ട്. കൊച്ചി ഐ.പി.എൽ ടീമിനെ സ്വന്തമാക്കിയ റെൻഡെവസ് സ്പോർട്സിൽ സുനന്ദ ഡയറക്ടർ പദവി വഹിച്ചത് വിവാദമായതോടെ തരൂരിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. 2012ൽ മാനവവിഭവ ശേഷി സഹമന്ത്രിയായി തിരിച്ചു വന്നു.

2014 ജനുവരിയിൽ പാക് മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായുള്ള തരൂരിന്റെ സൗഹൃദത്തെ ചൊല്ലി സുനന്ദ വഴക്കിട്ട് സ്വകാര്യ സന്ദേശങ്ങൾ ട്വിറ്ററിൽ പരസ്യപ്പെടുത്തിയിരുന്നു. പ്രശ്നങ്ങളില്ലെന്ന് പിന്നീട് ഫേസ്ബുക്കിൽ ഇരുവരും ഒന്നിച്ച് പോസ്റ്റു ചെയ്തതിനു പിന്നാലെയാണ് 2014 ജനുവരി 17ന് രാത്രി സുനന്ദയെ ഹോട്ടലിലെ 345ആം നമ്പർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ തരൂരാണ് മരണ വിവരം പുറത്തറിയിച്ചത് പോസ്റ്റ്മാർട്ടത്തിൽ വിഷാദരോഗത്തിനുള്ള അൽപ്രാസൊളാം എന്ന മരുന്ന് കൂടിയ അളവിൽ ശരീരത്തിൽ കണ്ടെത്തി. ഒരു വർഷത്തിനുശേഷം 2015 ജനുവരിയിൽ ഡൽഹി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. യു.എസ് ഏജൻസിയായ എഫ്.ബി.ഐയുടെ സഹായവും തേടി. ശശി തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും അടക്കം ചോദ്യം ചെയ്തു.