Fri. Nov 20th, 2026

സർവകലാശാലയുടെ കീഴിലുള്ള ഒരു ലാ കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ വിദേശ ജോലി ഉറപ്പിക്കാൻ കേരള സർവകലാശാലയാണ് മാർക്ക് തിരുത്തലിൽ വഴി വിട്ട പുതിയ ചരിത്രം കുറിച്ചത്.മൂല്യനിർണയം കഴിഞ്ഞപ്പോൾ എല്ലാവരും സംതൃപ്തർ, എല്ലാവർക്കും ഉയർന്ന് മാർക്ക്. പലർക്കും ഇരട്ടി മുതൽ മൂന്നിരട്ടി വരെ. ഈ മൂല്യനിർണയം അംഗീകരിക്കാനുള്ള ശുപാർശ ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം പരിഗണിക്കും.

തിരുവന്തോരത്തെ വേണ്ടപ്പെട്ട ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി ചെയ്ത അഭ്യാസം 20 പേർക്ക് ലോട്ടറി ആയി. ഒരു നിയമ വിദ്യാർത്ഥിനിക്ക് വേണ്ടി സിൻഡിക്കേറ്റ് ഏമാന്മാർ’ നിയമം കാറ്റിൽപ്പറത്തിയപ്പോൾ ഗുജറാത്തിലേക്ക് ഒപ്പം പറന്നത് മറ്റ് 20 പേരുടെ കൂടി ഉത്തരക്കടലാസുകൾ. മൂന്നാം തിരുത്തലിൽ’ അടിച്ചത് ബമ്പർ ലോട്ടറി. മാർക്ക് വാരിക്കോരി.കൂട്ടത്തിലൊരാൾക്ക് വിദേശ ജോലിയും.

കേരള സർവകലാശാലയാണ് മാർക്ക് തിരുത്തലിൽ വഴി വിട്ട പുതിയ ചരിത്രം കുറിച്ചത്. സർവകലാശാല 2016 ജൂണിൽ നടത്തിയ പഞ്ചവത്സര എൽഎൽ.ബി പത്താം സെമസ്റ്റർ പബ്ലിക് ഇന്റർനാഷണൽ ലാ പരീക്ഷയുടെ മൂല്യനിർണയമാണ് വഴി തെറ്റിച്ചത്. അതാകട്ടെ, സർവകലാശാലയുടെ കീഴിലുള്ള ഒരു ലാ കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ വിദേശ ജോലി ഉറപ്പിക്കാനും.

കഥ ഇങ്ങനെ: എല്ലാ സെമസ്റ്ററിലും മികച്ച മാർക്കുണ്ടായിരുന്ന ലാ കോളേജ് വിദ്യാർത്ഥിനി അവസാന സെമസ്റ്ററിൽ ഒരു വിഷയത്തിന് തോറ്റു. മുതിർന്ന അദ്ധ്യാപകർ നടത്തിയ പുനർ മൂല്യനിർണയത്തിലും വിജയിക്കാനായില്ല. പരീക്ഷാ മാനുവൽ പ്രകാരം മൂന്നാമതൊരു മൂല്യനിർണയത്തിന് വകുപ്പില്ല. പക്ഷേ, ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങൾ ‘വകുപ്പ് ‘കണ്ടെത്തി . അതിന്റെ ഭാഗമായി,
സർവകലാശാലയ്ക്കെതിരെ വിദ്യാർത്ഥിനി ലോകായുക്തയിൽ കേസ് കൊടുത്തു. ഗവ. കോളേജ് അദ്ധ്യാപകരെ ഒഴിവാക്കി സ്വാശ്രയ കോളേജ് അദ്ധ്യാപകരെക്കൊണ്ട് മൂല്യനിർണയം നടത്തുന്നതിനും, കൊച്ചി നുവാൽസിലെ അദ്ധ്യാപകർക്ക് മുൻഗണന നൽകുന്നതിനും ഉത്തരവ് നേടി. മൂല്യനിർണയം.

രഹസ്യസ്വഭാവത്തിലുള്ളതായതിനാൽ, സർവകലാശാല അപ്പീൽ നൽകി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഇതിനു പിന്നാലെ, ഇന്റേണൽ മാർക്ക് കുറച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റ് 20 വിദ്യാർത്ഥികൾ കൂടി സർവകലാശാലയ്ക്ക് പരാതി നൽകി. പരാതികൾ വി.സി പരീക്ഷാകമ്മിറ്റിയുടെ ശുപാർശയ്ക്ക് വിട്ടു. അന്യ സംസ്ഥാനത്ത് പുനർമൂല്യനിർണയം.

നടത്തണമെന്നായിരുന്നു സമിതിയുടെ വിചിത്രമായ ശുപാർശ . കേസ് കൊടുത്ത വിദ്യാർത്ഥിനിയുടെ പേര് ബ്രായ്ക്കറ്റിൽ പ്രത്യേകമായി രേഖപ്പെടുത്തി. റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു. ഇത് ഹൈക്കോടതി ഉത്തരവ് മറികടക്കാനുള്ള തന്ത്രമാണെന്നും, അന്യ സംസ്ഥാനത്തെ മൂല്യനിർണയം ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി വൈസ് ചാൻസലറായിരുന്ന ഡോ. പി.കെ. രാധാകൃഷ്‌ണൻ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

വി.സിയുടെ എതിർപ്പിനെ തുടർന്ന് ഗുജരാത്തിലെ മൂന്നാം പുനർമൂല്യനിർണയം അവതാളത്തിലായതോടെ, സിൻഡിക്കേറ്റ് തീരുമാനം നടപ്പായില്ലെന്ന് കാട്ടി വിദ്യാർത്ഥിനി ഹൈക്കോടതിയിൽ കേസിന് പോയി.തുടർന്ന്, സർവകലാശാലാ നിയമത്തിന് വിധേയമായി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി 5ന് ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ, അന്യസംസ്ഥാന മൂല്യനിർണയം നിയമവിരുദ്ധമാണെന്ന് പരീക്ഷാവിഭാഗം സെക്ഷൻ ഓഫീസറും നോട്ടെഴുതി. ഇക്കാര്യം ഹൈക്കോടതിയിൽ നിന്ന് മറച്ചുവച്ചാണ് , നിയമവിഭാഗത്തിലെ സെക്ഷൻ ഓഫീസറും പരീക്ഷാ കൺട്രോളറും ഒരു ബാച്ചിലെ 21 പേരുടെയും ഉത്തരക്കടലാസുകൾ ഗുജറാത്ത് നിയമ സർവകലാശാലയിലേക്ക് അയയ്ക്കാൻ നിർദ്ദേശിച്ചത്.

ഹൈക്കോടതിയിൽ കേസിന് പോയ വിദ്യാർത്ഥിനി ഇതിനിടെ പരീക്ഷ രണ്ടാമതെഴുതി വിജയിച്ചു. പക്ഷേ, ആദ്യ ചാൻസിൽ ജയിക്കാത്തതിനാൽ വിദേശജോലി നഷ്ടമാവുമായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു സിൻഡിക്കേറ്റിന്റെ കള്ളക്കളി.

ഗുജറാത്തിലെ മൂല്യനിർണയം കഴിഞ്ഞപ്പോൾ എല്ലാവരും സംതൃപ്തർ, എല്ലാവർക്കും ഉയർന്ന് മാർക്ക്. പലർക്കും ഇരട്ടി മുതൽ മൂന്നിരട്ടി വരെ. ഈ മൂല്യനിർണയം അംഗീകരിക്കാനുള്ള ശുപാർശ ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം പരിഗണിക്കും.